KeralaLatest NewsNews

തന്നെ സ്ഥാനാര്‍ത്ഥിയോ മന്ത്രിയോ ആക്കാന്‍ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല, മലക്കംമറിഞ്ഞ് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: തന്നെ സ്ഥാനാര്‍ത്ഥിയോ മന്ത്രിയോ ആക്കാന്‍ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതുവരെ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായത് പാര്‍ട്ടിയുടെ ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലര്‍ സിപിഎമ്മിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതെല്ലാം പാര്‍ട്ടി വിരുദ്ധമാണെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : സ്ഥാനാര്‍ത്ഥി ലിസ്റ്റുകളില്‍ നിന്ന് മന്ത്രിമാരെ വെട്ടിനിരത്തിയതിനു പിന്നില്‍ പിണറായി വിജയന്റെ ബുദ്ധി

 

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പാര്‍ട്ടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ.

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് സിപിഐഎമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാന്‍ എല്ലാ പാര്‍ട്ടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവര്‍.

ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലര്‍ പാര്‍ട്ടിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതെല്ലാം പാര്‍ട്ടി വിരുദ്ധമാണ്. എന്നെ സ്ഥാനാര്‍ത്ഥിയോ മന്ത്രിയോ ആക്കാന്‍ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുവരെ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ആരു മത്സരിക്കുന്നതും പാര്‍ട്ടി തീരുമാനം അനുസരിച്ചാണ്. മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും. മറ്റു ചുമതലകള്‍ നിശ്ചയിച്ചാല്‍ അത് അനുസരിക്കും. ഏതു പാര്‍ട്ടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്ത്വം. പാര്‍ട്ടിയിലെ എന്റെ ചുമതല തീരുമാനിക്കാന്‍ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും. ആ ചുമതലയൊന്നും മറ്റാരും ഏറ്റെടുക്കേണ്ടതില്ല.

അതുകൊണ്ട് എന്റെ പേരും ചിത്രവും പാര്‍ട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വെച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. അഭൂതപൂര്‍വമായ ജനപിന്തുണയാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. തുടര്‍ ഭരണം ഉറപ്പുള്ള രാഷ്ട്രീയസാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. ജനങ്ങളും പാര്‍ട്ടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തില്‍ നഞ്ചുകലക്കുന്ന ഒരു പ്രവര്‍ത്തനവും പ്രതികരണവും പാര്‍ട്ടി അംഗങ്ങളുടെയോ സഖാക്കളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തുള്ള പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് പാര്‍ട്ടി അനുഭാവികളോടും ബന്ധുക്കളോടും പാര്‍ട്ടിയെയും മുന്നണിയെയും സ്‌നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യര്‍ത്ഥിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button