Latest NewsKeralaIndia

‘ബിനീഷ് പറഞ്ഞ അത്യാസന്ന നിലയിലുള്ള അച്ഛനാണ് ഈ വൃത്തത്തിൽ കാണുന്നത്’ : ട്രോളുമായി സോഷ്യൽ മീഡിയ

സാമൂഹിക അകലം പാലിക്കാതെ 16 പേര്‍ ഒത്തുകൂടിയ സംഭവം നേരത്തെ തന്നെ വിവാദത്തിലായിരുന്നു.

തിരുവനന്തപുരം: അത്യാസന്ന നിലയിലുള്ള പിതാവിനെ കാണാൻ തന്നെ അനുവദിക്കണമെന്നും ഗുരുതരാവസ്ഥയിലുള്ള പിതാവിനൊപ്പം തനിക്ക് കുറച്ചു നാൾ നിൽക്കണമെന്നുമുള്ള ആവശ്യമാണ് ബെംഗളൂരു ജയിലിൽ ഉള്ള ബിനീഷ് കോടിയേരി ജാമ്യാപേക്ഷയിൽ നൽകിയത്. അതേസമയം കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച്‌ ആഘോഷിച്ച പരിപാടിയിൽ പങ്കെടുത്തു നിൽക്കുന്ന ചിത്രങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും സജീവമാണ്.

സാമൂഹിക അകലം പാലിക്കാതെ 16 പേര്‍ ഒത്തുകൂടിയ സംഭവം നേരത്തെ തന്നെ വിവാദത്തിലായിരുന്നു. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷികളുടേയും സാന്നിധ്യത്തിലാണ് വിജയാഘോഷം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച്‌ ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് പ്രതിപക്ഷവും സോഷ്യൽ മീഡിയയും ആരോപിച്ചത്.

അതേസമയം അര്‍ബുദം ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാന്‍ ബിനീഷ് കോടിയേരി ഒരു ദിവസത്തേക്ക് കേരളത്തിലേക്കു പോകുന്ന കാര്യം പരിഗണിച്ചുകൂടേ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടു (ഇഡി) ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഇതിനെ ഇഡി എതിര്‍ത്തു. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം.

പിതാവിനെ സന്ദര്‍ശിക്കാന്‍ ഒരാഴ്ച ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.ആര്‍. കൃഷ്ണകുമാര്‍ മുന്‍പാകെ ബിനീഷ് അപേക്ഷിച്ചു.തുടര്‍ന്ന് കേസ് മെയ് 12ന് ആദ്യത്തെതായി പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കഴിഞ്ഞ 7 മാസമായി റിമാന്‍ഡിലാണ്.കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ താനുള്‍പ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് ജാമ്യാപേക്ഷയില്‍ കോടതിയെ ധരിപ്പിച്ചിക്കുന്നു. കോടിയേരി ബാലകൃഷ്ണന്‍ കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമാണ്.

ഇടതുപക്ഷത്തിന്റെ മന്ത്രിസഭാ രൂപീകരണത്തില്‍ വരെ സജീവമായി ഇടപെടുന്നു. എന്നിട്ടും പിതാവ് കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനെന്ന നിലയില്‍ തന്റെ സാമീപ്യം വേണമെന്നും ബിനീഷ് വാദിക്കുന്നു. താന്‍ രോഗമുക്തനാണെന്നും മറ്റും പ്രചരണ യോഗങ്ങളില്‍ കോടിയേരി വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ബിനീഷ് അച്ഛന്റെ രോഗാവസ്ഥ കോടതിയില്‍ ചര്‍ച്ചയാക്കുന്നത്. ഇടതുപക്ഷത്തിന് അധികാരം കിട്ടിയ ശേഷം കോടിയേരി വീണ്ടും സജീവമാണു താനും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button