KeralaLatest NewsNews

അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിൽ കേരളം: നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി സർക്കാർ

വാക്‌സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കൂടുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ അടിയന്തര യോഗം ഇന്ന്. സാഹചര്യം വിലയിരുത്തുന്നതോടൊപ്പം പരിശോധനകൾ കുത്തനെ കൂട്ടാനും, മൂന്നാംതരംഗം നേരിടാനുള്ള മുന്നൊരുക്കം ഊർജ്ജിതമാക്കാനും നിർദേശം നൽകും. ഓണത്തിന് ശേഷമുള്ള വ്യാപനം ഈയാഴ്ച്ചയിൽ തന്നെ വ്യക്തമാകുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗവും ഇന്ന് ചേരും. നിയന്ത്രണം കൂടുതൽ കടുപ്പിക്കണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.

അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചു. കേരളത്തിൽ അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഇന്നലെ ഇറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

അതേസമയം, പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വാക്‌സീന്‍ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വാക്‌സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button