Latest NewsNewsInternational

മുലപ്പാൽ നൽകി മക്കളെ രക്ഷിച്ചു, സ്വന്തം മൂത്രം കുടിച്ച് നാല് ദിവസം തള്ളിനീക്കി: ഒടുവിൽ യുവതിക്ക് ദാരുണാന്ത്യം

അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യാത്രാബോട്ട് തകർന്ന് 5 പേരെ കാണാതായി. മൂന്ന് പേരെ രക്ഷപെടുത്തി. ഒരാൾ മരിച്ചു. മരിലി ഷാകോൺ എന്ന യുവതിയാണ് മരണപ്പെട്ടത്. വെനസ്വേലയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് തന്റെ രണ്ട് മക്കളെ മരണത്തിൽ നിന്നും രക്ഷപെടുത്തിയാണ് മരിലി മരണപ്പെട്ടത്.

Also Read:പുതിയ നേതൃത്വം ഉണ്ടാകണം: കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്ന് ശശി തരൂര്‍

അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ആണ് മരിലിയും സംഘവും യാത്ര ചെയ്ത ബോട്ട് തകർന്നത്. തുടർന്ന് ഇവർ നടുക്കടലിൽ അകപ്പെട്ടു പോവുകയായിരുന്നു. തകർന്ന ബോട്ടിന്റെ വെള്ളത്തിൽ ഉയർന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോൺ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. ബോട്ടിന്റെ ഒരു ഭാഗം കടലിൽ ഒഴുകി നടന്നു. നാല് ദിവസത്തോളം ഇവർ സഹായത്തിനായി കേണു. പക്ഷെ, രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല.

ഭക്ഷണമോ വെള്ളമോ കയ്യിൽ ഇല്ലാത്തതിനാൽ ആറുവയസ്സുകാരനായ ജോസ് ഡേവിഡിന്റെയും രണ്ടു വയസ്സുകാരിയായ മരിയയുടെയും ജീവൻ നിർത്തുന്നതിനായി മരിലി ഇരുവർക്കും മുലപ്പാൽ നൽകുകയായിരുന്നു. ഈ നാലുദിവസവും സ്വന്തം മൂത്രം കുടിച്ച് ആണ് യുവതി ജീവൻ നിലനിർത്തിയത്. മക്കൾക്ക് മുലയൂട്ടണമെങ്കിൽ തന്റെ ശരീരത്തിൽ എന്തെങ്കിലും ഉണ്ടാകണമെന്ന ചിന്തയായിരുന്നു മരിലിയെ സ്വന്തം മൂത്രം കുടിക്കാൻ പ്രേരിപ്പിച്ചത്.

Also Read:ആരോഗ്യമേഖലയിൽ കേരളത്തിന് രണ്ട് അവാർഡുകൾ കൂടി: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് വീണാ ജോർജ്

ഒടുവിൽ കടലിൽ അകപ്പെട്ട ബോട്ട് യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാസംഘം ഇവരെ കണ്ടെത്തുമ്പോഴേക്കും മരിലി മരണപ്പെട്ടിരുന്നു. കുട്ടികൾ അമ്മയുടെ മൃതദേഹത്തിൽ ചേർന്നിരിക്കുകയായിരുന്നു. മൂത്രം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരിലി മരിച്ചത്. കുട്ടികളുടെ അവസ്ഥയും ശോകമാണ്. ഇരുവരും നിർജലീകരണവും സൂര്യതാപമേറ്റതും മൂലം തികച്ചും അവശരായ നിലയിലായിരുന്നു. കൊടും ചൂടിനെ അതിജീവിക്കാൻ ബോട്ടിന്റെ തകർന്ന ഭാഗത്ത് അവശേഷിച്ച ചെറിയ ഫ്രിഡ്ജിനുള്ളിലാണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവതി രക്ഷ നേടിയത്. മരിലിയുടെ മൃതദേഹവും കുട്ടികളെയും പരിചാരകയെയും സംഘം ആശുപത്രിയിൽ എത്തിച്ചു.

മരിലിയുടെ ഭർത്താവടക്കം ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടികളെ സന്തോഷിപ്പിക്കാനായാണ് സംഘം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടത് എന്ന് മരിലിയുടെ അച്ഛനായ ഹംബേർട്ടോ പറയുന്നു. ശക്തമായ തിരമാലകളെ തുടർന്നാണ് ബോട്ട് തകർന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button