Kerala

ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവം: പോലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ വാഹനത്തില്‍ അദ്ദേഹം സ്ഥലത്തെത്തുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസി.കമ്മീഷണര്‍ അപ്പോള്‍ത്തന്നെ ശരിയായ നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അദ്ദേഹത്തെ വളരെയധികം സമരക്കാര്‍ ഉപദ്രവിക്കുന്നത് കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലീസുകാര്‍ ഇടപെടാന്‍ ശ്രമിച്ചില്ല. ഒടുവില്‍ ഒരു കൂട്ടം പോലീസുദ്യോഗസ്ഥരുടെ ഇടയിലേയ്ക്ക് നടന്നു വന്ന അദ്ദേഹത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരാള്‍ പോലീസുദ്യോഗസ്ഥരുടെ മദ്ധ്യത്തില്‍ വെച്ച് ആക്രമിക്കുമ്പോള്‍ അത് തടയുന്നതിനോ, അക്രമിയെ പിടികൂടുന്നതിനോ യാതൊരു ശ്രമവും നടത്തി കണ്ടില്ല. മര്‍ദ്ദനമേറ്റയാളെ സഹായിക്കുന്നതിനുപോലും അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിച്ചു കണ്ടില്ല. രണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് പോലീസുദ്യോഗസ്ഥരും തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്തവിധമാണ് പെരുമാറിയത്. സമീപകാലത്തൊന്നും കേരള പോലീസിനെ ഇത്രയധികം നാണംകെടുത്തിയ ഒരു പ്രവര്‍ത്തനം ഉണ്ടായിട്ടില്ല.

ആയതിനാല്‍ തന്നെ ഈ പോലീസുദ്യോഗസ്ഥര്‍ തികച്ചും മനുഷ്യാവകാശ ലംഘനത്തിന് കൂട്ടു നില്‍ക്കുകയും ഔദ്യോഗിക നിര്‍വ്വഹണത്തില്‍ തികച്ചും അലക്ഷ്യഭാവം കാണിക്കുകയും, തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും ബോധപൂര്‍വ്വം വിട്ടു നില്‍ക്കുന്നതായും കാണുന്നു. മര്‍ദ്ദനമേറ്റ് വീണുകിടക്കുന്ന ഒരു മനുഷ്യന് ഒരു താങ്ങ് കൊടുക്കുന്നതിനുള്ള സാമാന്യമര്യാദപോലും കാണിക്കാത്ത ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറും അവിടെ കാണപ്പെട്ടു. ഇത്തരത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാകുന്നത് സമൂഹത്തിന് അപകടകരമായിരിക്കും. ആയതുകൊണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (തിരുവനന്തപുരം റെയിഞ്ച്) ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേരാവുന്നതും ഗുരുതര ശിക്ഷാനടപടികള്‍ക്കായുള്ള വകുപ്പുതല നടപടികള്‍ ഉടനടി സ്വീകരിക്കേണ്ടതുമാണ്.

ഇവരുടെ കര്‍ത്തവ്യബോധം, മനുഷ്യാവകാശ സംരക്ഷണം, പോലീസുദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂന്നി തുടര്‍പരിശീലനം നല്‍കുന്നതിനായി കേരള പോലീസ് അക്കാഡമിയില്‍ ഒരു വര്‍ഷത്തെ തുടര്‍ പരിശീലനത്തിനായി അയക്കേണ്ടതാണ്. ഇവര്‍ക്ക് കാര്യക്ഷമവും, കൃത്യവുമായ പരിശീലനം നല്‍കുന്നതിന് കേരള പോലീസ് അക്കാഡമി ഡയറക്ടര്‍ കൃത്യമായ നടപടികള്‍ എടുക്കേണ്ടതാണ്. ഈ ഉദ്യോഗസ്ഥരെ ഉടനടി തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി പോലീസ് അക്കാഡമിയിലേക്ക് പാസ്‌പോര്‍ട്ട് ചെയ്യേണ്ടതാണ്. അവിടെ റിപ്പോര്‍ട്ട് ചെയ്തതിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇനിയുള്ള ഇവരുടെ ശമ്പളവും പോലീസ് അടിസ്ഥാനത്തിലുള്ള മറ്റ് സൗകര്യങ്ങളും നല്‍കേണ്ടതുള്ളൂ എന്നും ഡി.ജി.പി യുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

 

ശ്രീ. ടി.പി.ശ്രീനിവാസൻ ഐ എഫ് എസ് (റിട്ട.) ആക്രമിക്കപ്പെട്ടപ്പോൾ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല ന…

Posted by State Police Chief Kerala on Sunday, January 31, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button