Kerala

ചോറ്റാനിക്കര മകം ഇന്ന്, ഇഷ്ടമാംഗല്യത്തിനും നെടുമാംഗല്യത്തിനും സര്‍വ്വൈശ്വര്യത്തിനും ദേവിയെ തൊഴാന്‍ ഭക്ത ലക്ഷങ്ങള്‍

കുംഭ മാസത്തിലെ മകം നാളില്‍ കേരളത്തില്‍ പ്രധാനപ്പെട്ട രണ്ടു ദിവസങ്ങള്‍ ആണ്. ഒന്ന് ആറ്റുകാല്‍ പൊങ്കാലയും രണ്ടു ചോറ്റാനിക്കര മകം തൊഴലും. ഏതാണ്ട് മൂന്നു ലക്ഷത്തോളം ഭക്തജനങ്ങള്‍ ആണ് മകം തൊഴുതു മടങ്ങുന്നത്.വില്വാമംഗലത്ത് സ്വാമിയാര്‍ കീഴ്ക്കാവില്‍ ദേവീ പ്രതിഷ്ഠ ചെയ്തതിനു ശേഷം കണ്ടത് പടിഞ്ഞാറ് ദിക്കിലായി സാക്ഷാല്‍ ആദിപരാശക്തിയുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ വിശ്വരൂപമാണ്.കീഴ്ക്കാവിലെ പ്രതിഷ്ടാ മുഹൂര്‍ത്തം കുംഭത്തിലെ മകം നാളിലെ മിഥുന ലഗ്‌നം ആയിരുന്നു. ഏതാണ്ട് ഉച്ചയ്ക്ക് 2 മണി നേരം.  അതിനെ തുടര്‍ന്നാണ് ഇന്നും മകം തൊഴല്‍ ചടങ്ങ് രണ്ടു മണി മുതല്‍ ആരംഭിക്കുന്നത് .ചോറ്റാനിക്കര വിഗ്രഹം സ്വയംഭൂ ആണ്. രുദ്രാക്ഷ ശില ആണ്. ആയതിനാല്‍ ജലാഭിഷേകം മാത്രമേ ചെയ്യൂ. തൊട്ടടുത്ത് തന്നെ ഒരു കൃഷ്ണ ശിലയും ഉണ്ട്, ഭഗവാന്‍ നാരായണന്റെ. അത് കൊണ്ട് തന്നെ ചോറ്റാനിക്കര ഭഗവതിയേ ‘അമ്മേ നാരായണാ’ എന്നാണു വിളിക്കുന്നത്..

ക്ഷേത്ര ഐതീഹ്യം ഇങ്ങനെ.

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. ഒരുപാട് മലയരയന്മാര്‍ അവിടെ താമസിച്ചിരുന്നു. അവരുടെ തലവനായിരുന്ന കണ്ണപ്പന്‍ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയില്‍ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം. കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാള്‍ക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്. ഒരുദിവസം കണ്ണപ്പന്റെ കുടിലിലേയ്ക്ക് ഒരു പശുക്കുട്ടി സ്വയമേവ കയറിവന്നു. അതീവ തേജോമയമായിരുന്നു അതിന്റെ മുഖം. കണ്ണപ്പന്റെ മകള്‍ ആ പശുക്കുട്ടിയെ സ്വന്തമാക്കി വളര്‍ത്താന്‍ തുടങ്ങി. അതിനിടയില്‍ കണ്ണപ്പന് മറ്റു പശുക്കളെയൊന്നും കിട്ടാതായി. അയാള്‍ മകളുടെ പശുവിനെത്തന്നെ ബലികൊടുക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ മകള്‍ ആ ക്രൂരകൃത്യം തടഞ്ഞു. അങ്ങനെ കണ്ണപ്പന്‍ പശുബലി നിര്‍ത്തി. പിന്നീട് അയാള്‍ കായ്കനികള്‍ തേടലും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടി. എന്നാല്‍ അയാള്‍ മുമ്പ് ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു. ഒരുദിവസം അയാളുടെ മകള്‍ അകാലചരമം പ്രാപിച്ചു. അതോടെ അയാള്‍ക്ക് ജീവിതത്തോട് വെറുപ്പായി.

അപ്പോഴും മകളുടെ പശുക്കുട്ടിയെ പരിപാലിച്ച് അയാള്‍ ജീവിച്ചുപോന്നു. ഒരുദിവസം രാത്രി അയാള്‍ ഒരു സ്വപ്നം കണ്ടു. പശുക്കുട്ടി തൊഴുത്തില്‍ കല്ലായിക്കിടക്കുന്നതായിരുന്നു ആ കാഴ്ച. തൊട്ടടുത്ത് ഒരു സന്യാസിയും. സന്യാസിയുടെ ചുണ്ടില്‍ നാമമന്ത്രങ്ങളുണ്ട്. പിറ്റേദിവസം പുലര്‍ച്ചെ കണ്ണപ്പന്‍ ഉണര്‍ന്നുനോക്കിയപ്പോള്‍ സ്വപ്നം ഫലിച്ചുകിടക്കുന്നതായി കണ്ടു. ഒന്നും മനസ്സിലാകാതെ അയാള്‍ നിലവിളിച്ചു. അപ്പോള്‍ ഒരുപാട് ആള്‍ക്കാര്‍ അയാളുടെ അടുത്തേയ്ക്ക് ഓടിവന്നു. അക്കൂട്ടത്തില്‍ ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം കണ്ണപ്പനോട് പറഞ്ഞു: ‘കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാല്‍ ജഗദംബിക തന്നെയാണ് പശുവായി നിന്റെ തൊഴുത്തില്‍ കഴിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള മറ്റൊരു ശില നോക്കൂ. അത് സാക്ഷാല്‍ വൈകുണ്ഠനാഥനാണ്. നീ ഉടനെത്തന്നെ ഇവിടെ ആരാധന തുടങ്ങണം. നിനക്ക് മോക്ഷം ലഭിയ്ക്കും.’ ഇത്രയും പറഞ്ഞശേഷം സന്യാസി അപ്രത്യക്ഷനായി. ആ സന്യാസി പരശുരാമനാണെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് കണ്ണപ്പനും അനുചരന്മാരും തൊഴുത്ത് മുഴുവന്‍ വൃത്തിയാക്കി യഥാശക്തി പൂജകള്‍ ചെയ്തുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടി. അവസാനം അവര്‍ക്ക് ലക്ഷ്മീനാരായണദര്‍ശനം ലഭിച്ചു. ഭഗവാനും ഭഗവതിയും ഇങ്ങനെ അരുള്‍ ചെയ്തു: ‘മക്കളേ, നിങ്ങള്‍ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തില്‍ ഒരു മഹാക്ഷേത്രം ഉയര്‍ന്നുവരും. ഭക്തകോടികള്‍ കണ്‍പാര്‍ക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും.’ ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി. അവിടെയും രണ്ട് സ്വയംഭൂവിഗ്രഹങ്ങള്‍ ഉയര്‍ന്നുവന്നു.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കണ്ണപ്പന്‍ മരിച്ചു.

അയാളുടെ മരണശേഷം മലയരയന്മാര്‍ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തു. കാലം കുറേ കടന്നുപോയി. ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകള്‍ വന്നു. അവരുടെ സംഘത്തിലെ ഒരുവള്‍ തന്റെ അരിവാളിന് മൂര്‍ച്ഛ കൂട്ടാനായി അടുത്തുള്ള കല്ലില്‍ ഉരച്ചുനോക്കിയപ്പോള്‍ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവള്‍ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവര്‍ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാര്‍ക്കൊപ്പമെത്തി. അവര്‍ക്കൊപ്പം വന്ന ജ്യോത്സ്യര്‍ പ്രശ്‌നം വച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണപ്പന്‍ പൂജിച്ചിരുന്ന അതേ വിഗ്രഹങ്ങള്‍ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയില്‍ നിവേദ്യം സമര്‍പ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നല്‍കുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയര്‍ന്നുവന്നു. ഒമ്പത് ഇല്ലക്കാര്‍ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരന്‍. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം.
രുദ്രാക്ഷശില എന്ന അത്യപൂര്‍വ്വശിലയില്‍ തീര്‍ത്ത സ്വയംഭൂവിഗ്രഹമാണ് ഇവിടെ മൂലപ്രതിഷ്ഠ. വിശേഷാല്‍ ആകൃതിയൊന്നുമില്ലാത്തതാണീ ശിലാഖണ്ഡം. ഒന്നരയടി ഉയരം വരും. എന്നാല്‍ അതിന് ഒരു സ്വര്‍ണ്ണഗോളക ചാര്‍ത്തിയിട്ടുണ്ട്. അതാണ് ഭക്തര്‍ ദര്‍ശിയ്ക്കുന്നത്.

ഏകദേശം നാലടി ഉയരം ഈ വിഗ്രഹത്തിനുവരും. ശ്രീരത്‌നാങ്കിതപീഠത്തില്‍ കാലുകള്‍ രണ്ടും താഴോട്ടിട്ടിരിയ്ക്കുന്ന ചതുര്‍ബാഹുവായ ഭഗവതിയുടെ തിരുരൂപമാണ് ഈ വിഗ്രഹത്തിന്. ഉയര്‍ത്തിപ്പിടിച്ച ഇടതുകയ്യില്‍ ശംഖും വലതുകയ്യില്‍ ശ്രീചക്രവും ധരിച്ചിരിയ്ക്കുന്നു. താഴ്ത്തിയിരിയ്ക്കുന്ന രണ്ടുകൈകള്‍ വരദാഭയമുദ്രാങ്കിതങ്ങളാണ്. ദേവീവിഗ്രഹത്തോടുചേര്‍ന്നുതന്നെയാണ് മഹാവിഷ്ണുവിഗ്രഹവും. കൃഷ്ണശിലാനിര്‍മ്മിതമായ ഈ സ്വയംഭൂവിഗ്രഹത്തിനും വിശേഷാല്‍ ആകൃതിയൊന്നുമില്ല. മാത്രവുമല്ല, ഇതിനും ഒരു സ്വര്‍ണ്ണഗോളക ചാര്‍ത്തിയിട്ടുണ്ട്. സാധാരണ കണ്ടുവരാറുള്ള വിഷ്ണുരൂപമാണ് ഇതിനും. കിഴക്കോട്ട് ദര്‍ശനമായാണ് ഇവിടെ പ്രതിഷ്ഠ. ശ്രീകോവില്‍ വളരെ ചെറുതാണ്. ചതുരാകൃതിയിലാണ് നിര്‍മ്മാണം. മുമ്പില്‍ നമസ്‌കാരമണ്ഡപം പണികഴിപ്പിച്ചിരിയ്ക്കുന്നു. നാലമ്പലത്തിനകത്ത് അധികം സ്ഥലമില്ല. ഏഴാം ദിവസമാണ് പ്രസിദ്ധമായ ‘മകം തൊഴല്‍’.

ഇതിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്: കുംഭമാസത്തിലെ മകം നക്ഷത്രവും പൗര്‍ണമിയും കൂടിയ ദിവസമാണ് വില്വമംഗലം സ്വാമിയാര്‍ ഇവിടെ വന്നതും തീര്‍ത്ഥക്കുളത്തില്‍നിന്നുകിട്ടിയ ഭദ്രകാളീവിഗ്രഹം പ്രതിഷ്ഠിച്ചതും. പ്രതിഷ്ഠ കഴിഞ്ഞ് വില്വമംഗലം സ്വാമിയാര്‍ കിഴക്കോട്ട് നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ ലക്ഷ്മീനാരായണന്മാര്‍! ഭഗവാനെയും ഭഗവതിയെയും ഒന്നിച്ചുകണ്ട സ്വാമിയാര്‍ക്ക് അറിയാതെ സ്ഥലകാലബോധം നഷ്ടപ്പെട്ടുപോയി. അന്ന് അദ്ദേഹത്തിന് ആ ദര്‍ശനം ലഭിച്ചത് കുംഭമാസത്തിലെ മകം നക്ഷത്രവും പൗര്‍ണമിയും കൂടിയ ദിവസം ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനലഗ്‌നത്തിലാണ്. ആ സമയം അനുസരിച്ചാണ് മകം തൊഴല്‍ നടക്കുന്നത്. സ്ത്രീകള്‍ക്ക് അതിവിശേഷമാണ് മകം തൊഴല്‍. പിറ്റേദിവസം വരുന്ന പൂരം തൊഴലാണ് പുരുഷന്മാര്‍ക്ക് വിശേഷം. മംഗല്യഭാഗ്യത്തിന് ഉത്തമമായി ഈ ദിവസങ്ങള്‍ കണക്കാക്കപ്പെടുന്നു. ‘മകം പിറന്ന മങ്ക’, ‘പൂരം പിറന്ന പുരുഷന്‍’ എന്നീ പ്രയോഗങ്ങള്‍ പോലും ഇതില്‍ നിന്നുണ്ടായതാകണം.

പ്രധാന വഴിപാടുകളില്‍ ഒന്ന് പുഷ്പാഞ്ജലി ആണ്. കീഴ്ക്കാവില്‍ ഗുരുതി തര്‍പണം ഉണ്ട്. ‘ബാധ’ ആവേശിച്ചവര്‍ ഇവിടെ വന്നു ബാധ ഒഴിപ്പിച്ചു  പോകുന്നുണ്ട്.മകം തൊഴലിനായി എത്തുന്ന ഭക്തരില്‍ കൂടുതലും സ്ത്രീകളാണ്. മംഗല്യ ഭാഗ്യത്തിനും, ദീര്‍ഘ സുമംഗലിയാകാനും, സന്താന ഭാഗ്യത്തിനുമെല്ലാം ദേവിയെ മനമുരുകി പ്രാര്‍ഥിച്ചാല്‍ ഫലം ഉറപ്പെന്നാണ് വിശ്വാസം. കന്യകമാര്‍ മകം തൊഴുതുപ്രാര്‍ഥിച്ചാല്‍ അടുത്ത മകത്തിനുമുമ്പ് വിവാഹിതരാകുമെന്നും വിശ്വാസമുണ്ട്. സ്വര്‍ണക്കിരീടവും,വിശേഷപ്പെട്ട തങ്ക ഗോളകയും വിശിഷ്ട ആഭരണങ്ങളും അണിയിച്ച് നെയ്‌വിളക്ക് തെളിയിച്ച് ഉച്ചയ്ക്ക് രണ്ടിന് മേല്‍ശാന്തി മകം തൊഴലിനായി നടതുറക്കും. ഇതോടെ ദര്‍ശന പുണ്യം നേടി ഭക്തലക്ഷങ്ങള്‍ സായൂജ്യമടയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button