Editorial

ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന മരുന്നുകള്‍ തന്നെ ഇഞ്ചിഞ്ചായി അതു കാര്‍ന്നു തിന്നുന്ന വിരോധാഭാസം!

ലോകത്തെ ഏറ്റവുമധികം പ്രമേഹരോഗികളുള്ള രാജ്യമായ ഇന്ത്യയില്‍ അതിനാല്‍ തന്നെ പ്രമഹത്തെ ചെറുക്കാനുള്ള മരുന്നുകളുടെ വിപണിയും വളരെ വലുതാണ്‌. ജീവിതശൈലി രോഗമായതിനാലും, ദീര്‍ഘകാലം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെന്നതിനാലും ഭൂരിപക്ഷം കുത്തക മരുന്നു കമ്പനികളും ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. പ്രമേഹ ഔഷധങ്ങളുടെ വിപണി മരുന്നുകമ്പനികള്‍ക്ക് ഒരിക്കലും നിലയ്ക്കാത്ത ഒരു ചാകരയാണ്.

ആശ്ചര്യകരമായ കാര്യം, വിവിധ വിദേശരാജ്യങ്ങളില്‍ നോരോധിച്ചിട്ടുള്ള പയോഗ്ലിറ്റാസോണ്‍ മൂലകം അടങ്ങിയിട്ടുള്ള മരുന്നുകളാണ് വിപണിയില്‍ സജീവമായിട്ടുള്ളത് എന്നതാണ്. ജീവന്‍ നിലനിര്‍ത്താന്‍ ഉപകരിക്കേണ്ട മരുന്നുകളില്‍ അടങ്ങിയിട്ടുള്ള ഇത്തരം മൂലകങ്ങള്‍ ജീവന്‍ കാര്‍ന്നു തിന്നുകയാണെന്ന് വൈകിയെങ്കിലും മനസിലാക്കി ഇപ്പോള്‍ പല മരുന്നുകളും നിരോധിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അമ്പതിലേറെ ജനപ്രിയ ബ്രാന്‍ഡുകള്‍ ഈ നിരോധാനത്തോടെ മരുന്ന്‍ വിപണിയില്‍ നിന്ന്‍ അപ്രത്യക്ഷമാകും.

പ്രമേഹ ഔഷധങ്ങളാണ് നിരോധിക്കപ്പെട്ടവയില്‍ മുഖ്യം. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയവയ്ക്കുള്ള മരുന്നുകളും നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. നിരോധിക്കപ്പെട്ട പല മരുന്നുകളുടേയും വിവരങ്ങള്‍ ലഭ്യമല്ലാത്തത് ഡോക്ടര്‍മാരേയും, രോഗികളേയും, ചില്ലറക്കച്ചവടക്കാരേയും വലയ്ക്കുന്നുണ്ട്.

ഇതിനിടെ, കാനഡയിലെ ടൊറന്‍റോ ആസ്ഥാനമായുള്ള ഒരു ഗവേഷണസ്ഥാപനം പുറത്തുവിട്ട വിവരങ്ങള്‍ ആശങ്കയുളവാക്കുന്നവയാണ്. ചുമ, ജലദോഷം മുതലായവയ്ക്കെതിരെ വിപണിയില്‍ ലഭ്യമായ അലോപ്പതി മരുന്നുകള്‍ കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ് എന്ന വിവരമാണ് അതില്‍ പ്രധാനപ്പെട്ടത്. ഇത്തരം മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിച്ചേ മതിയാകൂ എന്ന മുന്നറിയിപ്പും ഈ ഗവേഷണ സ്ഥാപനം തരുന്നുണ്ട്.

ഇന്ത്യയില്‍ മുന്നൂറോളം മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചത്, ഇത്തരം സംയുക്തങ്ങളടങ്ങിയ മരുന്നുകള്‍ ആറു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഉളവാക്കുന്ന ദോഷഫലങ്ങളെപ്പറ്റി 3500 കുട്ടികളില്‍ 2008-2011 കാലയളവില്‍ നടത്തിയ ഒരു പഠനത്തെത്തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയുടെ സിറപ്പ് നല്‍കരുതെന്ന് ബോട്ടിലില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കുഞ്ഞുങ്ങള്‍ക്ക് ഒരു ചെറിയ ചുമ വരുമ്പോള്‍ പോലും ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ച് കൂടെക്കൂടെ ചുമസിറപ്പുകള്‍ നല്‍കുന്നു. കനേഡിയന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‍റെ റിപ്പോര്‍ട്ടില്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന വ്യക്തമായ ബോധ്യത്തോടെയാണ് പല മരുന്നുകളും നിര്‍ദ്ദേശിക്കപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു.

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതരീതിയും, ആരോഗ്യത്തിന്‍റെ പരിപുഷ്ടിക്കാവശ്യമായ പോഷകഘടകങ്ങളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും അന്യം വന്നുപോയ ഒരു ജീവിത വ്യവസ്ഥിതിയില്‍ ജീവസന്ധാരണത്തിനായി ചെയ്യുന്ന ഏതാണ്ടെല്ലാ പ്രവര്‍ത്തികളും, കഴിക്കുന്ന ഭൂരിപക്ഷം ഭക്ഷണസാധനങ്ങളും മനുഷനെ രോഗത്തിനടിമയാക്കുന്നവയാണ്. ഏതു രോഗത്തിനും താല്‍ക്കാലികമായെങ്കിലും മുക്തി പകരുന്ന മരുന്നുകള്‍ സ്വന്തം കീശ കാലയാക്കിക്കൊണ്ടാണെങ്കിലും ലഭ്യമാണെന്നുള്ളതായിരുന്നു സാധാരണക്കാരെ സംബന്ധിച്ച ചെറിയ ഒരാശ്വാസം. പുതുതായി വന്ന വെളിപ്പെടുത്തലുകള്‍ പ്രകാരം സ്വന്തം ജീവന്‍ നിലനിര്‍ത്തുന്നു എന്ന മിഥ്യാബോധത്തോടെ ഉപയോഗിക്കുന്ന മരുന്നുകളും വിഷലിപ്തമായ ചുറ്റുപാടുകള്‍ പോലെതന്നെ നമ്മുടെ ജീവന്‍ ഇഞ്ചിഞ്ചായി കാര്‍ന്നു തിന്നുന്നവയാണെന്ന തിരിച്ചറിവില്‍ പകച്ചു നില്‍ക്കാന്‍ മാത്രമേ കമ്പോളസംസ്കാരത്തിനടിമകളായ നിലവിലെ തലമുറയ്ക്ക് കഴിയൂ. പ്രകൃതിയിലേക്കുള്ള ഒരു തിരികെപ്പോക്കിന് ഇനിയും നേരം വൈകിപ്പിച്ചുകൂടാ…..

shortlink

Related Articles

Post Your Comments

Related Articles


Back to top button