India

നിതീഷ് – ലാലു മധുവിധു കഴിഞ്ഞു : ഇനി മോചനമോ ?

പട്‌ന : മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സഖ്യകക്ഷിയായ ആര്‍.ജെ.ഡി പരസ്യമായി രംഗത്ത്. ബീഹാറിലെ ഭരണസഖ്യത്തിലെ ഭിന്നത ഇതോടെ രൂക്ഷമായിരിക്കുകയാണ്. ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുവംശ്പ്രസാദ് സിംഗാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.

ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ സ്വയംപ്രഖ്യാപിത നേതാവാകാനുള്ള നിതീഷിന്റെ നീക്കം സ്വാര്‍ത്ഥതയാണെന്നു രഘുവംശ്പ്രസാദ് മുന്നറിയിപ്പു നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ നിതീഷ് പര്യടനം നടത്തുന്നത് ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള കക്ഷികളോട് ആലോചിക്കാതെയാണ്. ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ വിശ്വസ്തനായ രഘുവംശിന്റെ ആരോപണങ്ങളെ ജെ.ഡി.യു നേതാക്കള്‍ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ പെരുകുകയും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തതോടെ പ്രതിരോധത്തിലായ നിതീഷിന് ആര്‍.ജെ.ഡിയുടെ കുറ്റപ്പെടുത്തല്‍ വന്‍ തിരിച്ചടിയാണ്.

ഭരണത്തിന്റെ ഡ്രൈവര്‍ സീറ്റിലുള്ള നിതീഷിനാണു ക്രമസമാധാനപാലനം കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്വം. മുക്കിലും മൂലയിലും മദ്യശാലകള്‍ക്ക് അനുമതി നല്‍കിയ നിതീഷ് ഇപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അമിതോത്സാഹം കാട്ടുകയാണെന്നും രഘുവംശ്പ്രസാദ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button