KeralaNews

അവസാന ശ്വാസം വരെ പോരാട്ടം തുടരും: വി.എസ്

തിരുവനന്തപുരം : നിയമസഭാതിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും തന്റെ പോരാട്ടങ്ങൾ അവസാനിക്കില്ലെന്ന് വി. എസ് . ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് മത്സരിക്കാന്‍ തയ്യാറായതും ഇതുകൊണ്ടാണ്. ജനങ്ങളോടുള്ള കടമ നിര്‍വഹിക്കാനായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചും നവമാദ്ധ്യമങ്ങള്‍ വഴിയും പോരാട്ടം നടത്തി.അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടങ്ങള്‍ കൊക്കില്‍ ശ്വാസമുളളിടത്തോളം തുടരുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വി.എസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ;

കേരളത്തിൽ ഇടതു മുന്നണി ജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിൽ എനിക്ക് ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുണ്ടായിരുന്നു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിച്ച് മത്സരിക്കാൻ തയ്യാറായതും ഇതുകൊണ്ടാണ്. ദേശീയ തലത്തിൽ വർഗീയ ഫാസിസ്റ്റുകളിൽ നിന്നും ഭീതിദമായ
വെല്ലുവിളിയാണ് ഇന്ത്യയിലെ ജനങ്ങൾ നേരിടുന്നത്.ഇതിനെ പ്രതിരോധിക്കേണ്ട
ഇടതു പക്ഷത്തിന്റെ നില പാർട്ടി ശക്തികേന്ദ്രമായ പടിഞ്ഞാറൻ ബംഗാളിൽ അടക്കം അത്ര ഭദ്രവും അയിരുന്നില്ല. വർഗീയതയെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും അതിന്റെ വളർച്ചയ്‌ക്ക് ഒത്താശയും ചെയ്യുന്ന യു.ഡി.എഫ് ആണ് കേരളം ഭരിച്ചിരുന്നത്. കേരള സമൂഹത്തെ മാനവിക വിപ്ളവത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുവിന്റെ പേരു പോലും ദുരപയോഗപ്പെടുത്തി സാധാരണ ജനങ്ങളെ ചേരി തിരിക്കാനായി വർഗീയ വിഷം ചീറ്റാൻ ചില മുതലാളിമാരും ശ്രമം ശക്തമാക്കിയിരുന്നു. അഴിമതി തുടരാൻ വേണ്ടി എല്ലാത്തരം വർഗ്ഗീയ ശക്തികളെയും അകമഴിഞ്ഞ് സഹായിക്കുന്ന ഈ സർക്കാർ തുടർന്നാൽ കേരളത്തെ വിറ്റുതുലയ്ക്കും എന്നു മാത്രമല്ല കേരളത്തിൽ വർഗീയ ഫാസിസ്റ്റുകൾക്ക് വെള്ളവും വളവും നൽകി ആ വിഷമരം വളരാൻ അവസരവും നൽകിയേനെ. കേരളത്തെ വിഴുങ്ങാനായി വാ പിളർന്നു നിൽക്കുന്ന ഈ വിഷപാമ്പിന്റെ പിടിയിൽ നിന്നും ഭാവി തലമുറയെ രക്ഷിക്കാൻ
കേരളത്തിൽ ഇടത് ഭരണം വരേണ്ടത് അനിവാര്യമായിരുന്നു. ദേശീയ തലത്തിൽ
വർഗീയതയ്ക്ക് എതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടികളുടെ സമര ശക്തി നിലനിർത്താനും കേരളത്തിലെ ഇടത് വിജയം അനിവാര്യമായിരുന്നു. ഇത്തരമൊരു ചരിത്ര മുഹൂർത്തത്തിലാണ് കേരളത്തിൽ ഇടത് ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തത്. ഏഴര പതിറ്റാണ്ട് കാലമായി അവിശ്രമം ചെങ്കൊടി പിടിക്കുന്ന എന്റെ കടമയായിരുന്നു അത്. എന്റെ കൂടി എളിയ പങ്കാളിത്തത്തിൽ മാറ്റിമറിക്കപ്പെട്ട കേരള സമൂഹത്തോടും അതിന് നേതൃത്വം നൽകിയ എന്റെ പാർട്ടിയോടും ഈ പോരാട്ടത്തിന് എന്നും പിന്തുണയും ഐക്യദാർഡ്യവും നൽകിയ ജനങ്ങളോടുമുളള കടമ.
അതു നിർവഹിക്കാനായി കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചും നവമാദ്ധ്യമങ്ങൾ വഴിയും പോരാട്ടം നടത്തി. ഉമ്മൻ ചാണ്ടി മുതൽ നരേന്ദ്ര മോദി
വരെയുളള കളളക്കൂട്ടങ്ങളെ തുറന്നു കാട്ടാൻ ഞാൻ ശ്രമിച്ചപ്പോൾ എന്നെ ടാർജറ്റ് ചെയ്‌ത് ആക്രമിക്കാനും കേസിൽ കുടുക്കാനുമാണ് അവർ ശ്രമിച്ചത്.
എന്നും പോർമുഖങ്ങളിൽ എന്നെ പിന്തുണച്ച ജനങ്ങൾ ഇത്തവണയും വലിയ പിന്തുണയാണ് നൽകിയത്. 91 സീറ്റിലെ ഉജ്ജ്വല വിജയം നൽകിയാണ് ജനങ്ങൾ ഇടതു മുന്നണിയെ സ്വീകരിച്ചത്.
ഇതുവരെയുള്ള എന്റെ പോരാട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. എന്റെ കൊക്കിൽ ശ്വാസമുളളിടത്തോളം പോരാട്ടം തുടരും. അഴിമതിക്കും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങൾ… കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാൻ വേണ്ടിയുളള പോരാട്ടങ്ങൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button