Prathikarana Vedhi

ഇടതു സർക്കാർ പ്രോസിക്യൂട്ടർമാരെ നിയമാനുസൃതം തെരഞ്ഞെടുക്കുവാനുള്ള ധൈര്യം കാട്ടുമോ?

കേരളത്തിൽ സാധാരണ നടന്നു വരാറുള്ള ഒരു കാര്യമാണ്, സർക്കാരുകൾ മാറി വരികയെന്നുള്ളത്. ഇതോടൊപ്പം നീതിന്യായകോടതികളിലാണ് ആദ്യത്തെ കടിപിടി നിയമനങ്ങൾ നടക്കാറുള്ളത്. സർക്കാർ അഭിഭാഷകർ അഥവാ പ്രോസിക്യൂട്ടർമാരായി അതാതു സർക്കാർ പക്ഷത്ത് ഉന്നത സ്വാധീനമുള്ളവരെ നിയമിക്കും. അതിനു പ്രത്യേകിച്ച് ചട്ടങ്ങളൊന്നും ബാധകമാക്കാറില്ല. ജില്ലാകളക്ടർ തയ്യാറാക്കുന്ന പാനലിൽ നിന്നു വേണമായിരുന്നു, ഈ നിയമനങ്ങളൊക്കെയും. എന്നാൽ സമയമാകുമ്പോൾ ജില്ലാ കോടതി ഒരു അപേക്ഷ ക്ഷണിയ്ക്കും, അതിൽ രാഷ്ട്രീയ ഭരണകൂട സ്വാധീനമുള്ളവർ മാത്രം കയറിപ്പറ്റും, ഫലമോ യോഗ്യതയുള്ളവർ പുറത്തിരിക്കുമ്പോൾ, കോടതികളിൽ മുൻപ് കണ്ടിട്ടേയില്ലാത്തവർ പോലും പ്രോസിക്യൂട്ടർമാരാകുവാൻ കോട്ടിട്ട് രംഗത്ത് വരും. നല്ല അഭിഭാഷകർ ആവാറില്ലെന്നല്ല, പക്ഷേ പലപ്പോഴും കഴിവ് ആയിരിക്കില്ല ഈ നിയമനങ്ങളിലെ മാനദണ്ഡം. കോൺഗ്രസ്സ് മാത്രമല്ല ഇടതുപക്ഷം ഭരിക്കുമ്പോഴും ഈ അത്ഭുത പ്രതിഭാസം കണ്ടുവരാറുണ്ട്.

സർക്കാരിനു തീർച്ചയായും അങ്ങനെ നിയമിക്കുവാനുള്ള അധികാരം ഉണ്ടായിരുന്നു. ക്രിമിനൽ നടപടി നിയമം വകുപ്പ് 24 പ്രകാരം സർക്കാരിനു പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ നിയമിക്കാം എന്നൊരു അധികാരം നൽകിയിട്ടുണ്ടായിരുന്നു. ഒപ്പം ജില്ലാ കളക്ടർ അഥവാ ജില്ലാ മജിസ്റ്റ്രേട്ട്, ജില്ലാ ജഡ്ജിയുമായി കൂടിയാലോചിച്ച് തയ്യാറാക്കുന്ന പാനലിൽ നിന്നു വേണം നിയമനങ്ങൾ എന്നൊരു ഉപവകുപ്പ് കൂടി ഉണ്ടായിരുന്നു എന്നു മാത്രം. വകുപ്പ് 24(4) ൽ പറയുന്ന ഈ വകുപ്പ് ലംഘിച്ചോ അവഗണിച്ചോ ആയിരുന്നു സർക്കാരുകൾ പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ നിയമിച്ചു വന്നിരുന്നത്. അതൊക്കെ നമുക്ക് മറന്നേക്കാം. പുതിയ ഇടതു പക്ഷ സർക്കാർ എല്ലാം ശരിയാക്കാമെന്നാണല്ലോ നമുക്ക് വാക്ക് തന്നിട്ടുള്ളത്.

എന്നാൽ ഇപ്പോൾ ക്രിമിനൽ നടപടി നിയമം അത് അനുവദിക്കുന്നില്ല! 2005 ൽ 18-12-1978 മുതൽ മുൻ കാല പ്രാബല്യത്തോടെ ഒരു നിയമ ഭേദഗതി വന്നതോടെ സർക്കാരുകൾക്ക് തോന്നിയതു പോലെ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുവാൻ സാധിക്കാതെയായിരുന്നു. വകുപ്പ് 24 ന്റെ വിശദീകരണം ഒന്നിലും രണ്ടിലും മാറ്റം വരുത്തിക്കൊണ്ട് ‘റഗുലർ കേഡർ പ്രോസിക്യൂട്ടിംഗ് ഓഫീസർ’ എന്നതിൽ അസ്സിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ ഉൾപ്പെടുത്തിയതു മുതലാണിപ്രകാരം ഒരു മാറ്റമുണ്ടായത്. പുതിയ നിയമം ആയതിനാൽ അധികം ആരും ശ്രദ്ധിക്കാതെ പോയി എന്നതുകൊണ്ടാവാം, പെട്ടെന്ന് 2007 ഇൽ ഇക്കാര്യം ഗൗനിക്കപ്പെട്ടില്ല.

എന്നാൽ 2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേറ്റതിനു ശേഷം ഇക്കാര്യത്തിൽ ചില ചർച്ചകൾ ഉണ്ടാവുക തന്നെ ചെയ്തു. അതിനു പ്രധാനകാരണമായത് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും നിരവധി നിരീക്ഷണങ്ങളും പരാമർശങ്ങളുമായിരുന്നു. ജില്ലാ മജിസ്റ്റ്രേട്ട് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കണമെന്നും അല്ലെങ്കിൽ അസ്സിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ പാനലിൽ നിന്ന് ക്രിമിനൽ നടപടി നിയമപ്രകാരം പ്രോസിക്യൂട്ടർമാരെ തിരഞ്ഞെടുക്കണമെന്നുമായിരുന്നു ഉന്നതകോടതികളുടെ സൂചന. ഫലമായി ആ വർഷം പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം കുറെയേറെ നാൾ അനിശ്ചിതത്വത്തിലായി. ഇടതു സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർമാർക്ക് ഒരു വർഷത്തോളം അധികമായി ലഭിച്ചു.

എന്നാൽ അസ്സിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരിൽ നിന്ന് പ്രൊമോഷൻ നൽകി വേണം പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ നിയമിക്കുവാൻ എന്ന നിയമത്തെ അന്നത്തെ നിയമ മന്ത്രി കെ എം മാണിയാണ് എതിർത്ത് അട്ടിമറിച്ചത്. ആശ്രിത നിയമനമില്ലാതെ ഒരു യുഡി എഫ് സർക്കാരോ?! നിയമം കാറ്റിൽ പറത്തി നിയമനങ്ങൾ ചട്ടവിരുദ്ധമായി നടപ്പിലാക്കുന്നതിന് ആലോചനാ യോഗങ്ങളുടെ നീണ്ട നിര തന്നെ നടത്തിയെന്നാണ് കേൾവ്വി. ഭേദഗതിയിൽ വകുപ്പ് 25 (എ) യിൽ പറഞ്ഞതിൻ പ്രകാരം ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനെ നിയമിക്കുന്നതിനു സമയമാവശ്യമാണ് എന്ന മുട്ടായുക്തിയാണ് കെ എം മാണി ഇക്കാര്യത്തിനുപയോഗിച്ചത്. തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ചില ഹർജ്ജികൾ വന്നുവെങ്കിലും, അൻപതു ശതമാനം മാത്രമേ നിയമനം പ്രോമൊഷൻ വഴി നൽകുകയുള്ളൂ എന്ന് സർക്കാർ നിലപാടെടുത്തതോടെ കാര്യങ്ങളെല്ലാം പഴയപടി തുടർന്നു. എന്തു കൊണ്ടോ ഹർജ്ജികൾ തീരുമാനമായതുമില്ല.

നിലവിൽ എല്ലാം ശരിയാക്കുവാൻ രംഗത്ത് വന്നിട്ടുള്ള ഇടതുപക്ഷ സർക്കാർ തീർച്ചയായും നിയമപ്രകാരമല്ലാതെ പ്രവർത്തിക്കുമെന്ന് കരുതുവാൻ വയ്യ. നിയമാനുസൃതമായി പ്രോസിക്യൂട്ടർമാരെ തെരഞ്ഞെടുക്കുന്ന പക്ഷം കേരളത്തിൽ നിലവിലുള്ള അസ്സിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരിൽ നിന്ന് മുക്കാൽ പങ്കും പ്രോമോഷൻ നേടി പബ്ലിക് പ്രോസിക്യൂട്ടർമാരാകേണ്ടതാണ്. അതാണ് നീതിയുക്തമായ പ്രവൃത്തി. അപ്പോൾ രാഷ്ട്രീയാതിപ്രസരമുള്ള പബ്ലിക് പ്രോസിക്യൂട്ടർമാർ നിയമിതരാവില്ലെന്നു മാത്രമല്ല, ഇരകൾക്ക് രാഷ്ട്രീയ പക്ഷപാതം കൂടാതെ നീതി നൽകുന്നതിനു വഴിതെളിക്കുകയും ചെയ്യും. ഇതിൽ ഏറെ പ്രയോജനം ലഭിക്കുക തൊഴിൽ തേടി നടക്കുന്ന പുതിയ തലമുറയിലെ അഭിഭാഷകർക്കായിരിക്കുമെന്നതിൽ തർക്കമില്ല. തലമുതിർന്ന രാഷ്ട്രീയ അഭിഭാഷകരെ മാത്രം കേസു നടത്തുവാൻ തെരഞ്ഞെടുക്കുന്ന രീതി നിലയ്ക്കും.

ഏറ്റവും ശ്രദ്ധേയം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇതിനോടകം നടപ്പിലാക്കിക്കഴിഞ്ഞു ഈ നിയമമെന്നതാണ്. ഈ നിയമ ഭേദഗതി കെം എം മാണി എന്ന ഒറ്റ രാഷ്ട്രീയക്കാരന്റെ പിടിവാശിയിൽ കേരളത്തിൽ മാത്രം മാറ്റി വച്ചപ്പോൾ ഉണ്ടായ അനീതിയെ അന്നത്തെ ഇടതു പക്ഷം ഫലപ്രദമായി ചെറുക്കാതിരുന്നത് അടുത്തൊരു ഘട്ടത്തിൽ തങ്ങൾക്കും ഇതു ബാധകമാകരുത് എന്ന ആഗ്രഹത്തോടെയല്ലേ എന്നും സംശയമുയർന്നേക്കാം. അത്തരം സംശയങ്ങളെ മുളയിലേ നുള്ളിക്കൊണ്ട്, പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമാനുസൃതമായി തെരഞ്ഞെടുത്ത് മാതൃക കാട്ടുന്നതിനുള്ള ധൈര്യവും ശേഷിയും സത്യസന്ധതയും പിണറായി വിജയൻ സർക്കാർ കാട്ടുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇല്ലെങ്കിൽ അതിനെതിരെ ജനകീയമായ പ്രതിരോധം തീർക്കുവാൻ ഇന്ന് മറുഭാഗത്തുള്ള രാഷ്ട്രീയ കക്ഷികൾ തയ്യാറാകുമോ എന്നും നമ്മൾ കാണേണ്ടതു തന്നെ.

ഒന്നുമില്ലെങ്കിൽ, വാഗ്ദാനംഎല്ലാം മറന്നാണ് ഈ ഇടതു സർക്കാരും പ്രവർത്തിക്കുവാൻ ഉദ്ദേശ്യമെങ്കിൽ, എല്ലാ നിയമനങ്ങൾക്കും പരീക്ഷകളും ഇന്റർവ്യൂകളും സംവരണവും ഒക്കെ മാനദണ്ഡമാകുന്ന ഇക്കാലത്ത് സർക്കാർ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നതിനായി കുറഞ്ഞ പക്ഷം ഒരു പരീക്ഷയെങ്കിലും നടത്തുവാൻ ഈ സർക്കാർ തയ്യാറാവുമോ? എങ്കിൽ മാറ്റത്തിനായുള്ള ആദ്യചുവടുവയ്പ്പായി അതിനെ നീതിപീഠങ്ങളിൽ വിശ്വാസമുള്ള ഒരു ജനത അംഗീകരിച്ചുവെന്നു വരും. ഒരു തർക്കവുമില്ല. ഒരു കഴിവുമില്ലാത്തവർ നിയമിതരായേക്കാമെന്ന അപകടമുള്ള ഇപ്പോഴത്തെ ഈ വില പേശൽ നിയമനങ്ങൾ അങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചു കൂടെ?

അഡ്വ.അനിൽ ഐക്കര.

shortlink

Related Articles

Post Your Comments

Related Articles


Back to top button