Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ; പ്രതികരണവുമായി വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ പുതിയ ഡാമിനെക്കുറിച്ച് പ്രതികരണവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാരിനോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടിന്റെ ഉറപ്പ് ലോകത്തിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെ കൊണ്ട് പരിശോധിപ്പിക്കും. ഡാം വിഷയത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. സര്‍ക്കാര്‍ നിലപാടും അവരുടെ നിലപാടും തമ്മില്‍ വ്യത്യാസമില്ലെന്ന് അവര്‍ക്ക് ബോധ്യമായെന്നും പിണറായി പറഞ്ഞു. ഡാമിന് ബലമില്ല എന്ന് പറയുമ്പോല്‍ അത് സമര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. അക്കാര്യം മനസിലാക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധ സമിതിയെ വയ്ക്കണം. രാജ്യാന്തര തലത്തിലുള്ള വിദഗ്ധരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് വരുന്നുണ്ട്. സുപ്രീംകോടതി വിധി സംസ്ഥാനത്തിന് എതിരായി നിലനില്‍ക്കുന്നുണ്ട്. തമിഴ്‌നാടുമായി സംഘര്‍ഷമല്ല വേണ്ടത്. ചര്‍ച്ചയിലൂടെ മുന്നോട്ട് പോകണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ട് കൂട്ടരുടെയും സമ്മത പ്രകാരമുള്ള തീരുമാനമാണ് വേണ്ടത്. നാല് കല്ലുമായി ചെന്നാല്‍ കേരളത്തിന് ഡാം കെട്ടാനാവില്ല എന്നും പിണറായി പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു. കുടുംബക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതാണ് ഇത്തരക്കാര്‍ക്ക് നല്ലത്. അതിനുളള അവസരം അവര്‍ തന്നെ ഉണ്ടാക്കണം. സകല രംഗത്തും അഴിമതിയാണെന്നും പഴയ ശീലം വച്ച് പുതിയ കാലത്ത് പെരുമാറരുതെന്നും പിണറായി പറഞ്ഞു.

നേരത്തെ അതിരപ്പളളി പദ്ധതിയെ പിന്തുണച്ച് പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. അതിരപ്പള്ളി പദ്ധതി നേരത്തെ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത വിഷയമാണെന്നും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിനെ പദ്ധതി ബാധിക്കില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറില്‍ ഏകപക്ഷീയമായി കേരളത്തിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ ആകില്ലെന്നും പിണറായി നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button