NewsInternational

അണുബോംബിനുള്ള പ്ലൂട്ടോണിയം ഉത്തര കൊറിയ സംസ്‌കരിക്കുന്നുവെന്ന് യു.എസ്

വാഷിങ്ടന്‍: ഉത്തരകൊറിയ വീണ്ടും ആണവായുധ നിര്‍മാണത്തിനുള്ള പ്ലൂട്ടോണിയം സംസ്‌കരിച്ചു തുടങ്ങിയതായി യു.എസ് വിദേശകാര്യ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യോങ്ബയോണിലെ പ്രധാന ന്യൂക്ലിയര്‍ കോംപ്ലക്‌സില്‍ ഉത്തരകൊറിയ പ്ലൂട്ടോണിയം സംസ്‌കരണം നടത്തുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നു യു.എന്‍ നിരീക്ഷകര്‍ പ്രസ്താവിച്ചതിനു പിന്നാലെയാണു യു.എസിന്റെ പ്രസ്താവന. ചെലവഴിച്ച റിയാക്ടര്‍ ഇന്ധനത്തില്‍ നിന്നാണ് പ്ലൂട്ടോണിയം വേര്‍തിരിച്ചെടുത്തു സംസ്‌കരിക്കുന്നത്.

ജനുവരിയില്‍ നാലാമതും ആണവപരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ഉത്തര കൊറിയയ്‌ക്കെതിരെ രാജ്യാന്തര സാമ്പത്തിക ഉപരോധങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. അതു നിലനില്‍ക്കെയാണു പ്ലൂട്ടോണിയം സംസ്‌കരണം പുനരാരംഭിച്ചിരിക്കുന്നത്. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിക്ക് ഉത്തര കൊറിയയില്‍ നിരീക്ഷണം നടത്താന്‍ അനുമതിയില്ല. ബാഹ്യാകാശ ഉപഗ്രഹങ്ങളിലൂടെയാണു നിരീക്ഷണം.

കഴിഞ്ഞമാസം ഉത്തര കൊറിയയിലെ ഭരണകക്ഷി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് നടന്നപ്പോള്‍ ആണവ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. അഞ്ചുവര്‍ഷം കൊണ്ടു നൂറ് അണുബോംബിന്റെ വരെ ശേഖരം ഉത്തര കൊറിയ നിര്‍മിച്ചേക്കുമെന്നാണു യു.എസ് ആശങ്ക. ഉത്തരകൊറിയയില്‍ നടക്കുന്നതെല്ലാം ഉത്കണ്ഠ ഉളവാക്കുന്ന കാര്യങ്ങളാണെന്നു യു.എസ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button