NewsIndia

പാകിസ്ഥാന് മറുപടിയായി ഇന്ത്യ ശക്തമായ യുദ്ധത്തിന് സജ്ജമായിരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കാര്‍ഗില്‍ യുദ്ധസമയത്ത് നിയന്ത്രണരേഖ കടന്ന് അയല്‍രാജ്യത്തിനു കനത്ത നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരിക്കുകയായിരുന്നുവെന്ന് പ്രമുഖ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാക്ക് വിദേശകാര്യമന്ത്രി സര്‍താജ് അസീസും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു നടപടി. അന്നു അതിര്‍ത്തി കടന്നുള്ള സൈനിക നടപടി നടന്നിരുന്നെങ്കില്‍ ആണവശക്തിയായ പാക്കിസ്ഥാനുമായി പൂര്‍ണയുദ്ധത്തിലേക്ക് ഇന്ത്യ നീങ്ങിയേനെയെന്നും പുറത്തുവന്ന രേഖകള്‍ വെളിപ്പെടുത്തുന്നു.

1999 ജൂണ്‍ 13ന് ആക്രമണം നടത്താന്‍ തയാറായി വ്യോമസേന പൈലറ്റുമാരെ സജ്ജരാക്കിയിരുന്നു. പാക്കിസ്ഥാനിലെ ഏതൊക്കെ ഭാഗങ്ങളില്‍ ആക്രമണം നടത്തണമെന്നും റൂട്ട് ഏതായിരിക്കണമെന്നും തുടങ്ങി യുദ്ധവിമാനങ്ങള്‍ തകര്‍ന്നാല്‍ ചാടി രക്ഷപെട്ട് ഇന്ത്യയില്‍ തിരിച്ചെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചുവരെ പൈലറ്റുമാര്‍ക്കു വിവരം നല്‍കിയിരുന്നു. ഭൂപടങ്ങളും പാക്കിസ്ഥാന്‍ രൂപയും എല്ലാവര്‍ക്കും നല്‍കിയിരുന്നു. പൈലറ്റുമാര്‍ അവരുടെ കൈവശമുള്ള തോക്കില്‍ തിരകള്‍ വരെ നിറച്ചു. അവസാനവട്ട തയാറെടുപ്പുകളെല്ലാം കഴിഞ്ഞിരുന്നു. എന്നാല്‍ വിമാനം പറത്താനെത്തിയ സംഘത്തിന് അവസാനവട്ട അനുമതി ലഭിച്ചില്ല.

കാര്‍ഗില്‍ മലനിരകളില്‍നിന്ന് പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിക്കുക, നിയന്ത്രണരേഖ വീണ്ടും വരയ്ക്കുകയെന്ന ആവശ്യം തള്ളിക്കളയുക, ക്യാപ്റ്റന്‍ സൗരഭ് കാലിയ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിവയാണ് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ജസ്വന്ത് സിങ് സര്‍താജ് അസീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ത്യന്‍ സേനയ്ക്കു കനത്ത നാശനഷ്ടവും ഉണ്ടായി.

ജൂണ്‍ 12നാണ് അസീസ് പാക്കിസ്ഥാനിലേക്കു തിരികെപ്പോയത്. വൈകിട്ട് നാലുമണിയോടെ എല്ലാ പൈലറ്റുമാരെയും വിളിപ്പിച്ചു. 13ന് രാവിലെ ആക്രമണം നടത്താന്‍ സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടു, ശ്രീനഗറിലെ വ്യോമസേന ആസ്ഥാനത്തുനിന്ന് മിഗ് 21 വിമാനങ്ങള്‍ ഉപയോഗിക്കാനായിരുന്നു പദ്ധതി. പാക്ക് അധീന കശ്മീര്‍, പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ വ്യോമസേന കേന്ദ്രമായ ചക്ലല എന്നിവ ആക്രമിക്കാനായിരുന്നു പദ്ധതി. വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ 17ന്റെ സ്‌ക്വാഡ്രണ്‍ ഡയറി ഗോള്‍ഡന്‍ ആരോസിലാണ് ഈ വിവരങ്ങളുള്ളത്.

1971നു ശേഷം ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനില്‍ ആക്രമണത്തിനൊരുങ്ങിയത്. 13ന് പുലര്‍ച്ചെ നാലരയ്ക്കു യുദ്ധത്തിനുപോകാന്‍ സജ്ജരായി പൈലറ്റുമാര്‍ സ്‌ക്വാഡ്രണിലെത്തി. എന്നാല്‍ അന്തിമ അനുമതി ലഭിച്ചിരുന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൈലറ്റുമാരെ തിരിച്ചയച്ചു. അതേസമയം, ആക്രമണത്തിനായി ഗോള്‍ഡന്‍ ആരോസിനെക്കൂടാതെ മറ്റു സ്‌ക്വാഡ്രണുകളെയും സജ്ജരാക്കിയിരുന്നതായി വ്യോമസേനയിലെ ഒരു മുന്‍ പൈലറ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button