Kerala

പിണറായി വിജയന്‍ കേരള പോലീസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നു- കെ.പി പ്രകാശ് ബാബു

തിരുവനന്തപുരം ● പിണറായി വിജയന്‍ കേരള പോലീസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി പ്രകാശ് ബാബു.

ടി.പി വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഡി.വൈ.എസ്.പി ഷൌക്കത്തലി കുറ്റപത്രം തയ്യാറാക്കുന്നതില്‍ പ്രധാനിയായ ഡി.വൈ.എസ്.പി സന്തോഷ്‌ കുമാര്‍ എന്നിവരുടെ എസ്.പി പ്രമോഷന്‍ കഴിഞ്ഞ രണ്ട് മാസമായി തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ മാസം ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി. പി.എസ്.സി ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡി.പി.സി സമിതി 14 പേരെ എസ്.പിമാരായി ശുപാര്‍ശ ചെയ്തു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഇടതു അനുഭാവിയും സമ്പത്ത് വധക്കേസില്‍ പ്രതിയുമായ ഡി.വൈ.എസ്.പി സി.കെ.രാമചന്ദ്രന്റെ പ്രമോഷന്‍ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.

ഷുക്കൂര്‍ വധക്കേസില്‍ കേസന്വേഷണം നടത്തി സി.പി.എം നേതാക്കളായ പി.ജയരാജനേയും ടി.വി രാജേഷിനേയും പ്രതിചേര്‍ത്ത ഡി.വൈ.എസ്.പി സുകുമാരനെ കണ്ണൂരില്‍ നിന്ന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റി പ്രതികാരം തീര്‍ത്ത ആഭ്യന്തരവകുപ്പ് മറ്റൊരു കൊലക്കേസില്‍ പ്രതിയായ ഇടതു അനുഭാവി ഡി.വൈ.എസ്.പി അബ്ദുല്‍ റഷീദിനെ തന്റെ വീട് സ്ഥിതി ചെയ്യുന്ന കൊല്ലത്തേക്ക് അവരോധിച്ചത് അത്യന്തം അപലപനീയമാണ്. സി.പി.എമ്മിന്റെ ദാസ്യവൃത്തി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രൊമോഷനും ഇഷ്ടപ്പെട്ട സ്ഥലത്ത് നിയമനവും നല്‍കുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ നിയമപരമായ പോരാട്ടത്തിനും ശക്തമായ സമരപരിപാടികള്‍ക്കും യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അഡ്വ. പ്രകാശ്‌ ബാബു പത്രക്കുറുപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button