NewsInternational

കാശ്മീര്‍ വിഷയത്തില്‍ യു.എന്‍. ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യയുടെ ശക്തമായ താക്കീത്!

ജമ്മു-കാശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധാരണയിലൂന്നിയ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് (യു.എന്‍.എച്ച്.സി.എച്ച്.ആര്‍) ഇന്ത്യയുടെ വക ശക്തമായ താക്കീത്. യു.എന്‍.എച്ച്.സി.എച്ച്.ആര്‍ക്ക് ലഭിച്ചിരിക്കുന്നത് കാശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികളെപ്പറ്റിയുള്ള തെറ്റിദ്ധാരണാജനകമായ വസ്തുതകളാണെന്ന്‍ നിരീക്ഷിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ സംസ്ഥാനമായ ജമ്മുകാശ്മീരിലെ അവസ്ഥയും പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കാശ്മീരിലെ അവസ്ഥയും തമ്മില്‍ താരതമ്യം പോലും ചെയ്യാന്‍ ആകില്ലെന്ന് അറിയിച്ചു.

“ജമ്മുകാശ്മീരില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്‍റുണ്ട്. പാക്-അധീന-കാശ്മീരില്‍ തന്നിഷ്ടപ്രകാരം നിയമിക്കപ്പെട്ട ഒരു പാക് ഡിപ്ലോമാറ്റ് മാത്രമാണ് ഉള്ളത്,” ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ കൈവശമുള്ള കാശ്മീരിലേക്ക് സ്ഥിതിഗതികളുടെ നേരിട്ടുള്ള വിലയിരുത്തലിനു സഹായകരമാകും വിധം നിരുപാധികമായ പ്രവേശനം അനുവദിക്കണമെന്ന യു.എന്‍.എച്ച്.സി.എച്ച്.ആറിന്‍റെ ആവശ്യത്തിന് മറുപടിയായി ഇന്ത്യ പറഞ്ഞു.

യു.എന്‍.എച്ച്.സി.എച്ച്.ആര്‍ സെയ്ദ് റാ’ദ് അല്‍ ഹുസൈന്‍ ആണ് അനവസരത്തിലുള്ള തെറ്റായ പരാമര്‍ശങ്ങളിലൂടെ ഇന്ത്യയുടെ അപ്രീതിക്ക് പാത്രമായത്. പാക്-അധീന-കാശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികളുടെ പരിശോധന നടത്താന്‍ സമ്മതിച്ചുകൊണ്ടുള്ള കത്ത് പാകിസ്ഥാന്‍ ഔദ്യോഗികമായിത്തന്നെ തനിക്ക് നല്‍കിയെന്നും സെയ്ദ് പറഞ്ഞു. ഇന്ത്യയുടെ സമ്മതപത്രം കൂടി ലഭിക്കണം എന്നത് മാത്രമാണ് പാക് നിബന്ധന.

സ്വപ്രഖ്യാപിത ഹിസ്ബുള്‍ കമാണ്ടര്‍ ആയിരുന്ന ഒരു ഭീകരന്‍റെ മരണം കൊണ്ടുമാത്രം ഉടലെടുത്ത അവസ്ഥയാണ് ഇപ്പോള്‍ താഴ്വരയിലുള്ളതെന്ന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ മറുപടിയില്‍ സെയ്ദിനെ അറിയിച്ചു.

“പാകിസ്ഥാനില്‍ നിന്ന്‍ ഉത്ഭവിക്കുന്ന അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിലൂടെ താഴ്വരയിലെ അവസ്ഥ കൂടുതല്‍ ഗംഭീരമായി. ഭീകരവാദം എന്നത് മനുഷ്യാവകാശങ്ങളുടെ സമഗ്രമായ ലംഘനമാണ്, അത് ആ രീതിയില്‍ത്തന്നെ അംഗീകരിക്കുകയാണ് പക്ഷം പിടിക്കാത്ത വസ്തുതകളെ മാത്രം വിശകലനം ചെയ്യുന്ന ഒരു നിരീക്ഷകന്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന മരണനിരക്ക് സൂചിപ്പിക്കുന്നത്, താഴ്വരയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ പാലിക്കുന്ന ആത്മസംയമനത്തെക്കൂടിയാണ്,” വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button