NewsInternational

ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി വീണ്ടും സ്ത്രീകള്‍

ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി വീണ്ടും രണ്ട് സ്ത്രീകള്‍ കൂടി രംഗത്ത്. സമ്മ‍ര്‍ സെര്‍വോസ്, ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്നീ സ്‌ത്രീകളാണ് ട്രംപ് കടന്നുപിടിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഈ സ്‌ത്രീകള്‍ ആരാണെന്നുപോലും തനിക്കറിയില്ലെന്നാണ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്.
ട്രംപിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി എത്തിയവരില്‍ ഒരാള് ഡോണള്‍ഡ് ട്രംപ് അവതാരകനായിരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ദഅപ്രന്റീസിന്റെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥി ആയിരുന്ന സമ്മ‍ര്‍ സെര്‍വോസ് ആണ്.

2007ല്‍ ഒരു ജോലി തേടി ട്രംപിനെ സമീപിച്ചെന്നും ഡിന്നറിന് ക്ഷണിച്ചതിന് ശേഷം ട്രംപ് തന്നെകടന്നുപിടിച്ചെന്നും ബലമായി ചുംബിച്ചെന്നും ലോസ്‍ ഏഞ്ചലസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സമ്മര്‍ സെര്‍വോസ് ആരോപിച്ചു. തനിക്ക് താല്‍പ്പര്യമില്ല എന്നറിയിച്ചിട്ടും ട്രംപ് വഴങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും. ബെവേര്‍ലി ഹില്‍സിലെ ട്രംപിന്റെ ബംഗ്ലാവില്‍വച്ചായിരുന്നു സംഭവമെന്നും സെര്‍വോസ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി സംവാദത്തിനിടെ ട്രംപ് മാന്യന്‍ ചമയുന്നത് കണ്ടപ്പോള്‍ തന്റെ അനുഭവം തുറന്നുപറയാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും സമ്മര്‍ സെര്‍വോസ് പറഞ്ഞു. വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്ന സ്‌ത്രീ ട്രംപിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചത്. 90കളില്‍ മാന്‍ഹട്ടനിലെ ഒരു നൈറ്റ് ക്ലബില്‍ ജീവനക്കാരിയായിരുന്ന താന്‍ ഒരിക്കല്‍ ക്ലബ്ബിലെത്തിയ ട്രംപിനെ ശ്രദ്ധിച്ചു. വ്യത്യസ്ഥമായ തലമുടിയും പുരികങ്ങളുമുള്ള ട്രംപിനെ താന്‍ ഒരു കൗതുകം കൊണ്ടാണ് ശ്രദ്ധിച്ചതെങ്കിലും അത് ഒരു ക്ഷണമായി കണക്കാക്കിയ ട്രംപ് ഒരക്ഷരം പോലും ഉരിയാടാതെ നേരിട്ടെത്തി കടന്നുപിടിക്കുകയായിരുന്നെന്ന് ക്രിസ്റ്റിന്‍ പറയുന്നു.

ട്രംപ് രണ്ട് ആരോപണങ്ങളും നിഷേധിച്ചു. ഈ സ്‌ത്രീകളാരെന്ന് അറിയില്ലെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ചെലവില്ലാത്ത പ്രശസ്തിക്കു വേണ്ടിയാണെന്നും ട്രംപ് ക്യാമ്പ് കുറ്റപ്പെടുത്തി. സ്‌ത്രീകളെ വശീകരിക്കാന്‍ തനിക്കാകുമെന്ന് പറയുന്ന ട്രംപിന്റെ വീഡിയോ അടുത്തിടെ വിവാദമായിരുന്നു. 1980കളില്‍ വിമാനത്തില്‍ വച്ച് ട്രംപ് തന്നെ കയറിപ്പിടിച്ചെന്ന് ജസീക്ക ലീഡ്സ് എന്നൊരു സ്‌ത്രീയും മുമ്പ് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button