KeralaNews

കള്ളപ്പണം വെളുപ്പിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബിനാമി ഇടപാട് : കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ്

തിരുവനന്തപുരം: തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബിനാമി ഓഹരിയുള്ള കോട്ടയം ഏറ്റുമാനൂരിലെ പണമിടപാട് സ്ഥാപനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനത്തിനെതിരെയും ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെയും വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിനാണ് അന്വേഷണച്ചുമതല. ഏറ്റുമാനൂരിലെ സ്ഥാപനത്തില്‍നിന്ന് പണം കടമെടുത്ത് വെട്ടിലായ കൊട്ടാരക്കര സ്വദേശിയായ അജിത് കുമാര്‍ എന്ന വാഹനഡീലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ സൗത്ത്‌സോണ്‍ എഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.

ഏറ്റുമാനൂരുള്ള ചിറയില്‍ ഫിനാന്‍സ് ഉടമയുടെ കയ്യില്‍ നിന്നാണ് അവണൂര്‍ സ്വദേശിയായ അജിത്കുമാര്‍ നഷ്ടത്തിലായിരുന്ന ബിസിനസ്സ് മെച്ചപ്പെടുത്താനായി രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷം രൂപ പലിശയ്‌ക്കെടുത്തത്. 17 മാസം കൊണ്ട് നാലു കോടി അമ്പതു ലക്ഷം രൂപ അജിത് വിവിധ ബാങ്കുകള്‍ വഴി തിരിച്ചുനല്‍കി. ഇതിനെത്തുടര്‍ന്നാണ് സെക്യൂരിറ്റിയായി നല്‍കിയ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും, മുദ്രപ്പത്രങ്ങളും, നാല് വസ്തുക്കളുടെ പ്രമാണങ്ങളും തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ സൈലന്റ് പാര്‍ട്ട്‌ണേഴ്‌സ് ആയ രാഷ്ട്രീയ നേതാക്കളോടും പൊലീസ് ഉദ്യോഗസ്ഥരോടും ചോദിക്കട്ടെയെന്നായിരുന്നു ഫിനാന്‍സ് ഉടമയുടെ നിലപാട്.

സംഭവത്തില്‍ ഐജി മനോജ് എബ്രഹാമിന്റെ പങ്ക് അന്വേഷിക്കണമെന്നും തനിക്ക് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, എഡിജിപി സന്ധ്യ, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കും കുബേര സെല്‍ നോഡല്‍ ഓഫീസര്‍ക്കും അജിത് ഈ മാസം ഒമ്പതിന് പരാതി നല്‍കി. പല ഉന്നത രാഷ്ട്രീയക്കാരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും പണം കൊണ്ടാണ് താന്‍ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതെന്നും, വ്യവസ്ഥ പാലിച്ചാല്‍ പണം എത്ര വേണമെങ്കിലും തരാമെന്നുമായിരുന്നു ഫിനാന്‍സ് ഉടമയുടെ വാക്കുകളെന്ന് അജിത് കുമാര്‍ പറയുന്നു. ആവശ്യപ്പെട്ട എല്ലാ രേഖയും നല്‍കി പണം വാങ്ങി. വാങ്ങിയതിലും ഇരട്ടി തുക 17 തവണകളായി, കൊട്ടാരക്കര ഐസിഐസിഐ ബാങ്ക്, ഏറ്റുമാനൂര്‍ വിജയ ബാങ്ക്, കൊല്ലം ഇന്‍ഡസ് ബാങ്ക് ശാഖകളിലൂടെയായി പണം തിരിച്ചു നല്‍കിയെന്ന് അജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button