NewsGulf

ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി; ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പടെ നാലുപേര്‍ വെന്തുമരിച്ചു

റിയാദ്: നഗരത്തില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ നാലു പേര്‍ വെന്തുമരിച്ചു. രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ഖുറൈസ് റോഡില്‍ എക്സിറ്റ് മുപ്പതില്‍ സല്‍മാന്‍ ഫാരിസി അണ്ടര്‍ പാസേജിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം നടന്നത്.

മരിച്ചവരില്‍ ഒരാള്‍ പാക് പൗരനാണ്. നാലാമനെ കുറിച്ച് വ്യക്തമായ വിവരമില്ല. പ്രമുഖ നിര്‍മാണ കമ്പനിയുടെ റോഡ് ടാര്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ട്രക്ക് കേടായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. തുടർന്ന് കമ്പനിയില്‍ നിന്ന് മെക്കാനിക്കുകള്‍ എത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പിറകില്‍ വന്ന പെട്രോള്‍ ടാങ്കര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ എത്തിയ മറ്റൊരു ട്രക്കും അപകടത്തില്‍പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ച് മൂന്നു ട്രക്കുകളും പരിസരത്ത് നിര്‍ത്തിയിട്ട പിക്കപ്പും കത്തിയമര്‍ന്നു.

ടാങ്കര്‍ പൊട്ടിത്തെറിക്കാത്തതിനാൽ വൻ അപകടം ഒഴിവായി. സംഭവ സ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരിച്ച രണ്ട് ഇന്ത്യക്കാരും പരിക്കേറ്റവരും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. വാഹനങ്ങള്‍ മറ്റു വഴിക്ക് തിരിച്ചുവിട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button