Kerala

സുരേഷ്ഗോപിയെ കമല്‍ കടന്നാക്രമിച്ചപ്പോള്‍ എന്തേ താങ്കള്‍ക്കു നൊന്തില്ല? ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് കമല്‍ പറഞ്ഞ വീഡിയോ താങ്കള്‍ കണ്ടുനോക്കൂ… പക്ഷപാതപരമായ ബി.ഉണ്ണിക്കൃഷ്ണന്റെ നിലപാടിനെക്കുറിച്ച് പി.ആര്‍ രാജിന് ചോദിക്കാനുള്ളത്

ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും എതിരെ ചില കേന്ദ്രങ്ങള്‍ നടത്തുന്നുവെന്ന് ആരോപിക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിക്കാന്‍ കൊച്ചിയില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സമ്മേളനം നടത്താനൊരുങ്ങുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍. കമല്‍, എം.ടി വാസുദേവന്‍നായര്‍ എന്നിവര്‍, സ്വന്തം വ്യക്തിത്വത്തില്‍നിന്നും വ്യതിചലിച്ചു നടത്തിയ പ്രസ്താവനകള്‍കൊണ്ടാണ് ഇരുവര്‍ക്കുമെതിരെ പ്രതിഷേധം ഉണ്ടായതെന്നു ബി. ഉണ്ണിക്കൃഷ്ണനോട് ആദ്യം തന്നെ വ്യക്തമാക്കട്ടെ.

താങ്കള്‍ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ വേദിയില്‍ പ്രസ്താവിച്ചതുപോലെ കേരളത്തില്‍ മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകനോ സാഹിത്യകാരനോ അസഹിഷ്ണുതക്ക് ഇരയായിട്ടില്ല എന്നും ഓര്‍മപ്പെടുത്തട്ടെ. കമല്‍ എന്തുകൊണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ എതിരഭിപ്രായത്തിന് ഇരയായി എന്ന ചോദ്യത്തിനു ഉത്തരം ലളിതമായി പറഞ്ഞാല്‍ കമല്‍ എന്ന വ്യക്തി ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍നിന്നു മാറി ഇടതുപക്ഷ വക്താവായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നതുകൊണ്ടാണ്. സ്വന്തം സ്വത്വബോധം മറന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വേദിയില്‍നിന്നു മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിനെ കുറ്റപ്പെടുത്തുമ്പോള്‍, അധിക്ഷേപത്തിന് ഇരയാകുന്നവര്‍ പ്രതികരിച്ചുപോകുന്നതാണോ താങ്കളെ സംബന്ധിച്ച് അസഹിഷ്ണുത?

കമലിനെ ഇത്രയേറെ പിന്തുണക്കുന്ന താങ്കള്‍ പിന്നിട്ട വഴികളിലേക്ക് ഒന്നുതിരിഞ്ഞുനോക്കണം. ചലച്ചിത്ര രചയിതാവായി തുടങ്ങിയ താങ്കള്‍ ഇന്ന് ചലച്ചിത്ര സംഘടനയുടെ അഖിലേന്ത്യാ ഭാരവാഹിയും മള്‍ട്ടിപ്ലക്സിന്റെ പാര്‍ട്ണറുമൊക്കെ ആയി എത്തിനില്‍ക്കുമ്പോള്‍ ആ വളര്‍ച്ചക്ക് വഴിയൊരുക്കിയ പഴയതൊന്നും മറക്കാന്‍ പാടില്ല. കേരളത്തില്‍നിന്നുള്ള പ്രമുഖ രാജ്യസഭാ എം.പിയാണ് സുരേഷ് ഗോപി. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ കേരളത്തില്‍നിന്നും ഒരാള്‍ക്ക് രാജ്യസഭയില്‍ എത്താന്‍ കഴിയില്ല എന്നും താങ്കള്‍ക്ക് അറിയാം. സുരേഷ്ഗോപിയെ അടിമ… അടിമ എന്ന് പലകുറി പൊതുവേദിയില്‍ അധിക്ഷേപിച്ച ആളാണ് താങ്കള്‍ ഇപ്പോള്‍ വാഴ്ത്തിപ്പാടുന്ന കമല്‍ എന്നു മറക്കരുത്. അന്ന് സുരേഷ്ഗോപിയെ കമല്‍ അധിക്ഷേപിച്ചപ്പോള്‍ എവിടെപ്പോയി താങ്കളുടെ സഹിഷ്ണുതാ ബോധം. എന്താ സുരേഷ്ഗോപി സിനിമാക്കാരന്‍ അല്ലേ? കമലിന്റെ പ്രസ്താവനക്ക് താങ്കള്‍ എതിര്‍ പ്രതികരണം നടത്തിയതായി ഗൂഗിളിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍പ്പോലും കണ്ടെത്താനാകുന്നില്ല. ഇനി (ബി.ജെ.പിക്കാരനായതിന്റെ പേരില്‍) സുരേഷ്ഗോപിയെ താങ്കള്‍ അറിയില്ല എന്നൊന്നും പറഞ്ഞേക്കരുത്. താങ്കള്‍ തിരക്കഥ എഴുതിയ കവര്‍സ്റ്റോറി, ദി ടൈഗര്‍, സംവിധാനം ചെയ്ത സ്മാര്‍ട്ട് സിറ്റി, ഐ.ജി(ഇന്‍സ്പെക്ടര്‍ ജനറല്‍) തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു സുരേഷ് ഗോപി. അതായത് താങ്കള്‍ എന്ന ചലച്ചിത്രപ്രവര്‍ത്തകന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന അവസ്ഥയിലേക്ക് വളരാന്‍ സഹായിച്ചതിനു പിന്നില്‍ സുരേഷ് ഗോപി എന്ന നടന്റെ സ്വാധീനം ഏറെ ഉണ്ടായിരുന്നുവെന്ന് സാരം.

അപ്പോഴൊന്നും സുരേഷ്ഗോപിയോട് തോന്നാത്ത സംഘടനാബോധമാണ് ഇപ്പോള്‍ താങ്കളെ ഭരിക്കുന്നതെങ്കില്‍ കമലിനെക്കാള്‍ വലിയ ചലച്ചിത്രകാരന്‍ സുരേഷ്ഗോപി തന്നെ ആണെന്നു ആ നടനു കിട്ടിയ അംഗീകാരങ്ങള്‍കൊണ്ടുതന്നെ ചരിത്രപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. കമലിനെതിരെ എതിര്‍ അഭിപ്രായം ഉയര്‍ന്നപ്പോള്‍ മാത്രം പ്രതിഷേധിക്കാനുള്ള താങ്കളുടെ ഈ മനസ്ഥിതി ഉണ്ടല്ലോ, അത് തികച്ചും ഏകപക്ഷീയമാണ്. പക്ഷപാതപരമായ താങ്കളുടെ നിലപാട് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും പറയാതെ വയ്യ.

എം.ടി, കമല്‍ എന്നീ പേരുകളെയല്ല, കലാകാരന്‍ എന്ന സ്വത്വത്തെയാണ് ആക്രമിക്കപ്പെടുന്നത് എന്നാണ് താങ്കള്‍ പറയുന്നത്. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ സമീപകാലത്ത് കേരളത്തില്‍ സ്വത്വത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ട മറ്റു കലാകാരന്‍മാര്‍ ആരാണെന്നുകൂടി പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്. ഇന്നലെ ഡി.വൈ.എഫ്.ഐ വേദിയില്‍ അവസരോചിതമല്ലാത്ത ചില കാര്യങ്ങള്‍കൂടി താങ്കള്‍ പൊതുവായി പറഞ്ഞിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാനും മനസ്സിലുള്ളത് പകര്‍ത്താനും അവകാശമുണ്ടെന്ന്. ശരിയാണ്. പക്ഷേ ചലച്ചിത്ര പ്രവര്‍ത്തകര്‍ രാഷ്ട്രീയ വക്താവായി മാറുമ്പോള്‍, രാഷ്ട്രീയമായി അവര്‍ക്ക് അഭിപ്രായമുണ്ടാകുമ്പോള്‍, എതിരാളികള്‍ക്ക് അവരെ വിമര്‍ശിക്കാനുള്ള അവകാശം ഉണ്ടെന്നുകൂടി താങ്കള്‍ മനസിലാക്കണം. നാട്ടിന്‍ പുറങ്ങളില്‍ ഒരു ചൊല്ലുണ്ട് – ചുണ്ടക്ക കൊടുത്ത് വഴുതണങ്ങ വാങ്ങുക – എന്ന്. താങ്കളുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും വഴുതണങ്ങ കിട്ടിയിട്ടുണ്ടെങ്കില്‍ അത് അവര്‍ കൊടുത്ത ചുണ്ടക്കയുടെ പ്രതിഫലമാണെന്നുകൂടി ഓര്‍മപ്പെടുത്തട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button