Kerala

ലോ അക്കാദമി : സിപിഎം രണ്ടും കല്പിച്ചു മുന്നോട്ട് തന്നെ പോകുമ്പോൾ സംഭവിക്കാവുന്നത് , സിപിഐയുടെ നിലപാടും ബിജെപിയുടെ ശക്തമായ സാന്നിധ്യവും സ്ഫോടനാത്മകമായ നിലയിലേക്ക്; മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ്. ഹരിദാസിന്റെ വസ്തുനിഷ്ഠമായ വിലയിരുത്തലുകൾ ഗൗരവമായി കാണേണ്ടത്

തിരുവനന്തപുരം ലോ അക്കാദമി പ്രശ്നത്തിൽ കടുത്ത നിലപാടുമായി സിപിഐ മുന്നോട്ടുപോകുന്നത് സംസ്ഥാനത്തെ സിപിഎമ്മിന് ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ടിക്കാൻ പോകുന്നത്.  അവിടെ  എസ്എഫ്ഐ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതിനും കോളേജിന്റെ മേലാളന്മാർക്കുവേണ്ടിയും  സിപിഎം സ്വീകരിച്ച തന്ത്രങ്ങൾ  തിരിച്ചടിക്കുമെന്ന് മാത്രമല്ല കാര്യങ്ങൾ കൈവിട്ടുപോകാനും ഇടയുണ്ട്.   കെ കരുണാകരന്റെ കാലത്താണ് ലോ അക്കാഡമിക്ക് സ്ഥലം നൽകിയതെന്നും അത് തിരിച്ചെടുക്കാൻ കഴിയില്ലെന്നും ഇന്നലെ കൊച്ചിയിൽ  ഒരു പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.  സിപിഐ പക്ഷെ ഇക്കാര്യത്തിൽ മറ്റൊരു ദിശയിലാണ്  നീങ്ങുന്നത്.
ഇക്കാര്യത്തിൽ സിപിഐ നടത്തുന്ന  അടുത്ത നീക്കങ്ങൾ സമരത്തിന്റെ മുൻ നിരയിൽ എത്തുന്നതിനും അതിന്റെ നേട്ടം കൊയ്യുന്നതിനും ലക്ഷ്യമിട്ടാവും എന്നതിൽ സംശയമില്ല.  അതുകൊണ്ടു തന്നെ സമരത്തിന്റെ രൂപവും ഭാവവും മാറ്റാൻ മുന്നിട്ടിറങ്ങിയ ബിജെപിക്കും കാര്യങ്ങളെ ഗൗരവപൂർവ്വം കാണേണ്ടതായി വരും.  അല്ലെങ്കിൽ ഇതുവരെ ബിജെപി ഉണ്ടാക്കിയ നേട്ടങ്ങൾ കൈവിട്ടുപോയിക്കൂടായ്കയില്ല എന്നാണ് തോന്നുന്നത്. കുമ്മനം രാജശേഖരനും മറ്റു സുഹൃത്തുക്കൾക്കും  ഇത് ഒരു വലിയ വെല്ലുവിളി തന്നെയാവും.   കോൺഗ്രസും സ്വാഭാവികമായും ഇക്കാര്യത്തിൽ ശ്രദ്ധവെക്കുമല്ലോ.  പ്രശ്ന പരിഹാരം മാത്രമല്ല, അതിന്റെ നേട്ടം കൊയ്യലും ഇനിയിപ്പോൾ രാഷ്ട്രീയകക്ഷികൾക്കും അതിന്റെ നേതാക്കൾക്കും പ്രധാനമായി മാറുകയാണ്.   കോളേജിന്റെ അഫിലിയേഷൻ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരും സിപിഎമ്മും സിണ്ടിക്കേറ്റിൽ സ്വീകരിച്ച നിലപാടുകളും ഇത്തരുണത്തിൽ ശ്രദ്ധിക്കേണ്ടതുതന്നെ. സർവകലാശാലയിൽ നിന്ന്  ഈ കോളേജിന് ഇനി അടുത്തെങ്ങും ഒരു  എതിർപ്പുമുണ്ടാവില്ലെന്ന്  ഉറപ്പാക്കാനും സിപിഎമ്മിനായിരിക്കുന്നു എന്നതും പ്രധാനമാണ്.
ഇക്കാര്യത്തിൽ ഇനി ചർച്ചക്കില്ല എന്നതാണ് ലോ അക്കാദമി സ്വീകരിച്ചിട്ടുള്ള നിലപാട്.  കോളേജ്  അനിശ്ചിതകാലത്തേക്ക് അടച്ചിടാനും അവർ തീരുമാനിച്ചു.  ചർച്ചകൾ നടത്തിയെങ്കിലും വിദ്യാഭ്യാസ മന്ത്രിക്ക്‌  ഇക്കാര്യത്തിൽ കാര്യമായി എന്തെങ്കിലും ചെയ്യാനായില്ല. കഴിഞ്ഞ വട്ടം ചർച്ചയിൽ മന്ത്രി സ്വീകരിച്ച നിലപാടിനെ സിപിഐ അടക്കമുള്ളവർ പരസ്യമായി വിമർശിച്ചു എന്നത് പ്രധാനമാണ്. ഒരു പക്ഷെ പാർട്ടി പറയുന്നതിനപ്പുറം എന്തെങ്കിലും ചെയ്യാൻ കഴിയാത്തതാവാം വിദ്യാഭ്യാസ മന്ത്രിയെ വിഷമിപ്പിച്ചത്.  പ്രശ്നം ഏതാണ്ടൊക്കെ തീരും എന്ന ഒരു ഘട്ടത്തിൽ എസ്എഫ്ഐ സ്വീകരിച്ച നിലപാടാണ് ചർച്ചയെ വഴിതെറ്റിച്ചത് എന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞതോർക്കുക.
ഇനിയിപ്പോൾ ഇത് പരിഹരിക്കാൻ എന്താണ് ചെയ്യുക എന്നതാണ് അറിയേണ്ടത്. ഇതുവരെയുള്ള പരസ്യ പ്രകടനങ്ങൾ നിരീക്ഷിച്ചാൽ മുഖ്യമന്ത്രി ഇതിലൊക്കെ ഇടപെടാനുള്ള സാധ്യത വിരളമാണ് ; ഇനി ഇടപെട്ടാൽ തന്നെ അതിലൂടെ  പരിഹാരം കാണുക എളുപ്പമാവും എന്ന് കരുതാനും വയ്യ. എൽഡിഎഫിലോ മറ്റോ ചർച്ചക്ക് വരികയും അവിടെ സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്താൽ  ഒരു പക്ഷെ സ്ഥിതിഗതികളിൽ  എന്തെങ്കിലും മാറ്റം വന്നേക്കാം.  സാഹചര്യങ്ങൾ നോക്കുമ്പോൾ , സിപിഐ അത്തരമൊരു  നീക്കത്തിനുള്ള മുൻ ഒരുക്കങ്ങൾ നടത്തുന്നുണ്ട് എന്നാണ് തോന്നുന്നത്. റെവന്യൂ ഡിപാർട്മെന്റ്   ലോ അക്കാഡമിയുടെ സ്ഥലം സംബന്ധിച്ചെടുത്ത നിലപാട് അതിനു ഉദാഹരണമായി കാണാമെന്നു തോന്നുന്നു. ഇന്നത്തെ ‘ജനയുഗം’ പത്രത്തിലെ വാർത്ത ഒന്ന് നോക്കൂ; അവരുടെ ലീഡ് വാർത്തയിൽ നിന്നാണ് താഴെയുള്ള ഈ ഭാഗം:
” തിരുവനന്തപുരം: ലോ അക്കാദമിക്ക്‌ സര്‍ക്കാര്‍ നല്‍കിയ 11 ഏക്കറിലധികം ഭൂമിയിൽ  കോളജ്‌ ആവശ്യത്തിനുപയോഗിക്കുന്നത്‌ ഒന്നര ഏക്കര്‍ മാത്രം. ബാക്കി ഭൂമി വ്യാപാര ആവശ്യങ്ങള്‍ക്ക്‌ പാട്ടത്തിന്‌ നല്‍കിയതുള്‍പ്പെടെ ഗുരുതര നിയമലംഘനം നടന്നുവെന്ന്‌ റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്‌.  മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര സമിതി അധ്യക്ഷനുമായ വി എസ്‌ അച്യുതാനന്ദന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ റവന്യു വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ്‌ റവന്യു വകുപ്പ്‌ അന്വേഷണം ആരംഭിച്ചത്‌. റവന്യൂ സെക്രട്ടറി പി എച്ച്‌ കുര്യൻ  ഇന്നു അക്കാദമിയിലെത്തി പരിശോധന നടത്തും.
അക്കാദമി ഭൂമി ബാങ്കിന്‌ വാടകയ്ക്ക്‌ കെട്ടിടം നല്‍കി, കാന്റീന്‍ എന്ന പേരില്‍ റസ്റ്റോറന്റ്‌ നടത്തുന്നു എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. അധികഭൂമി തിരിച്ച്‌ പിടിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്‌.
കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ കൈമാറിയതായി റവന്യൂ സെക്രട്ടറി പി എച്ച്‌ കുര്യന്‍ അറിയിച്ചു. സര്‍ക്കാര്‍ ലോ അക്കാദമിക്ക്‌ വ്യവസ്ഥകളോടെ പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക്‌ വിനിയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ എല്ലാവശവും പരിശോധിച്ചശേഷമാവും അന്തിമറിപ്പോര്‍ട്ട്‌ നല്‍കുകയെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു. ടോട്ടല്‍ സ്റ്റേഷന്‍ സങ്കേതികവിദ്യ ഉപയോഗിച്ച്‌ സാറ്റലൈറ്റ്‌ മാപ്പിങ്‌ സംവിധാനത്തില്‍ സര്‍വേ നടത്തിയാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ഭൂമിയുടെ രേഖകളും പ്ലാനും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്‌.
ഇന്ന്‌ സ്ഥലത്തെത്തുന്ന റവന്യു സെക്രട്ടറിയുടെ പരിശോധനയുടെയും ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത്‌. അതിന്‌ ശേഷം റിപ്പോര്‍ട്ട്‌ റവന്യു വകുപ്പ്‌ മന്ത്രിക്ക്‌ സമര്‍പ്പിക്കും.
ഭൂമി പതിച്ചു നല്‍കിയുള്ള ഉത്തരവില്‍ തന്നെ വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി ഉപയോഗിച്ചാല്‍ സര്‍ക്കാരിന്‌ തിരിച്ചെടുക്കാമെന്ന നിബന്ധനയുണ്ട്‌. അതുകൊണ്ടുതന്നെ അധികഭൂമി തിരിച്ചെടുക്കണമെന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്ക്ക്‌ വളരെയധികം പ്രാധാന്യമുണ്ട്‌.”
വേണ്ടതിൽ അധിക സ്ഥലം ലോ അക്കാഡമിക്കുണ്ട് എന്നും അത് തിരിച്ചുപിടിക്കണം എന്നുമാണ്  സർക്കാരിന്റെ അല്ലെങ്കിൽ റെവെന്യു വകുപ്പിന്റെ,  ഉദ്ദേശം എന്ന് ഇതിൽ നിന്ന് ഊഹിക്കാവുന്നതാണ്. ‘ജനയുഗം’ ആണിത് പ്രസിദ്ധീകരിച്ചത് എന്നുകൂടി സ്മരിക്കേണ്ടതുണ്ട്.  പിണറായി എന്ത് പറഞ്ഞാലും തങ്ങൾ ഇക്കാര്യത്തിൽ മുന്നോട്ടാണ് എന്നാണല്ലോ അതിലൂടെ സിപിഐയും അവരുടെ റെവന്യൂ മന്ത്രിയും വ്യക്തമാക്കുന്നത്.  ഇങ്ങനെ ഒരു റിപ്പോർട്ട് സർക്കാരിന് ലഭിച്ചാൽ പിന്നെ തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്.  അവിടെ സിപിഎമ്മിന്റെ ആഗ്രഹം പരിഗണിക്കപ്പെടാമെങ്കിലും കോടതികൾക്ക് അത് ജോലി നൽകുകയേ ഉള്ളൂ.  ഇപ്പോൾ തന്നെ വി മുരളീധരനും മറ്റും കോടതിയെ സമീപിച്ചിട്ടുണ്ട്.
മറ്റൊന്ന്, സിപിഐക്ക് പിണറായിയുടെ നിലപാട് തീരെ രസിച്ചിട്ടില്ല എന്നതാണ്.  നേത്തെ ബിനോയ് വിശ്വം നടത്തിയ ചില പരാമർശങ്ങൾ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ‘ജനയുഗ’ത്തിൽ പിണറായിക്ക്‌  മറുപടിയുമായി ലേഖനവും. ഭൂമി തിരിച്ചുപിടിക്കാൻ മാർഗവും നിയമവുമുണ്ട് എന്നതുതന്നെയാണ് അതിൽ വ്യക്തമാക്കപ്പെടുന്നത്.  ” സര്‍ സി പി ചെയ്തതെല്ലാം ശരിയെങ്കിൽ  പുന്നപ്ര-വയലാര്‍ രക്തസാക്ഷികൾ …..?”  എന്ന തലക്കെട്ടോടെ ദേവിക എഴുതിയ ലേഖനം അക്ഷരാർഥത്തിൽ പിണറായിക്കുള്ള വ്യക്തമായ മറുപടിയാണ്. അതിൽ പറയുന്നു :
” ലോ അക്കാദമിക്ക്‌ കൃഷിമന്ത്രിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ട്രസ്റ്റിന്‌ ഉദ്ദേശകാരണങ്ങള്‍ വിശദീകരിച്ചു നല്‍കിയ ഭൂമി കുടുംബസ്വത്തായതും ആ ഭൂമിയില്‍ അനധികൃതനിര്‍മാണങ്ങള്‍ നടത്തിയതും അന്വേഷിച്ചു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഎമ്മിന്റെ ജീവിച്ചിരിക്കുന്ന ഏകസ്ഥാപക നേതാവായ വി എസ്‌ അച്യുതാനന്ദന്‍ നല്‍കിയ പരാതിയിന്മേല്‍ റവന്യു വകുപ്പ്‌ അന്വേഷണം നടത്തുന്നതിനിടയില്‍ സര്‍ സി പി പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌ അനൗചിത്യമായിപ്പോയെന്ന സിപിഐ കേന്ദ്ര നിര്‍വാഹക സമിതി അംഗം ബിനോയ്‌വിശ്വത്തിന്റെ പ്രതികരണത്തിന്‌ ശക്തിയേറുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌.  റവന്യു വകുപ്പെന്താ പിണറായി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന ചോദ്യം സംഗതമാവുന്നതും ഇവിടെയാണ്‌. സര്‍ സി പിയുടെ ഏകാധിപത്യ വാഴ്ചയിലെ തെറ്റുകള്‍ വൈകിയായാലും തിരുത്താന്‍ നിമിത്തമായത്‌ ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരമാണ്‌. അതിനുപകരം സിപിയുടെ തെറ്റുതിരുത്തില്ലെന്ന ചിലരുടെ വാശിയെ അപലപനീയവും ഗര്‍ഹണീയവുമായാണ്‌ പൊതു സമൂഹം കാണുന്നത്‌. നിയമത്തെ ചവിട്ടിയരയ്ക്കാനുള്ള ധാര്‍ഷ്ട്യം കാട്ടാന്‍ ലോ അക്കാദമി മാനേജ്മെന്റിനു കരുത്തുപകരുന്ന ശക്തികള്‍ ആരെന്ന്‌ അന്വേഷിക്കേണ്ടതാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തില്‍ തന്നെ അതിന്റെ ഉത്തരവും അടങ്ങിയിട്ടുണ്ട്‌.”
പുന്നപ്ര വയലാറിനെ ഇതുമായി ബന്ധിപ്പിക്കാനുള്ള ശ്രമം സിപിഎമ്മിനെ കുറച്ചൊന്നുമല്ലല്ലോ വിഷമത്തിലാഴ്‌ത്തുക.
ഇവിടെ നാമൊക്കെ കാണേണ്ടത്,  ഘടകകക്ഷികൾ തമ്മിലെ പ്രശ്നമായി ഇത് മാറുന്നു  എന്നതാണ്. അന്വേഷണത്തിനായി സിപിഐ മന്ത്രി ആശ്രയിച്ചത് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ നൽകിയ കത്താണ് എന്നതും പ്രധാനമാണ്. വിഎസിന് ഇക്കാര്യത്തിൽ തന്റേതായ നിലപാടുണ്ട്.  മാത്രമല്ല, സിപിഎമ്മിൽ  അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്, പാർട്ടി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങൾക്കുമുന്നിൽ വെച്ച നിലപാടാണ് വിഎസ് ഉന്നയിക്കുന്നത് എന്നതാണ്.  ഇതുപോലെ സർക്കാർ ഭൂമി ആരെങ്കിലും ഏറ്റെടുക്കുകയും  ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കും എന്ന്  സിപിഎം മാനിഫെസ്റ്റൊവിൽ വ്യക്തമാക്കിയിരുന്നു.  ഇതാണ് ആ ഭാഗം:
2014 CPIM Manifesto highlights
Land Issues
The CPI (M) shall:
1. Reverse the current thrust to dilute land-ceiling laws; Speedy and comprehensive steps for implementing land reforms
2. Prevent the encroachment and takeover of common lands like pastures, community forests, scrublands, etc.
3. Protect all government and public sector land held in public trust from transfer by lease, sale, diversion or any other manner to the private sector
4. Takeover and distribution of all surplus land above ceiling and handing over of cultivable wasteland to landless and poor peasant households free of cost, with priority to SCs and STs; Joint pattas to be distributed including equal right of women to the land.
അത്തരത്തിലുള്ള ഭൂമി ഏറ്റെടുത്ത് പാവപ്പെട്ടവർക്കും പട്ടിക ജാതി – പട്ടിക വർഗ വിഭാഗക്കാർക്കും നൽകണം എന്നതായിരുന്നു സിപിഎം നിലപാട്. അതിനനുസൃതമാണ് ലോ അക്കാദമി ഭൂമി പ്രശ്നം എന്നുവേണം കരുതാൻ. അവിടെയാണ് കോടിയേരിയും പിണറായിയും കവാത്ത് മറക്കുന്നത്.
ഏഷ്യാനെറ്റ് ആണ് ഈ വിഷയം യഥാർഥത്തിൽ മലയാളി മനസിലെത്തിച്ചത് എന്നത് മറന്നുകൂടാ. പക്ഷെ അതിന്റെ മുന്നണി പോരാളിയായി ബിജെപി മാറുകയായിരുന്നു .  കുമ്മനം അവിടെ ഒരു സന്ദർശനമൊക്കെ നടത്തിയിരുന്നെങ്കിലും വി മുരളീധരൻ നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ്,  നിരാഹാര സമരത്തോടെയാണ്,  പ്രശ്നം യഥാർഥത്തിൽ ബിജെപിയുടെ കൈയിലെത്തിയത്.  ഇപ്പോൾ ഒരു ബിജെപി നേതാവ്, വിവി രാജേഷ്, അവിടെ നിരാഹാരം നടത്തുന്നുമുണ്ട്.  ഇനിയാണ് ബിജെപി അതിന്റെ കരുക്കൾ സൂക്ഷമതയോടെ നീക്കേണ്ടത്.  ബിജെപിയുടെ പ്രാധാന്യവും പ്രസക്തിയും ഇനിയുള്ള നാളുകളിൽ കൂടുതലായി ഉയർന്നുവരികയും ചെയ്യും.  സമരം പരിഹരിക്കാൻ,  അല്ലെങ്കിൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബിജെപിക്ക് കഴിയണമെങ്കിൽ,  അത്യധ്വാനം വേണ്ടിവരും.  കൂട്ടായ ശ്രമങ്ങൾ വേണ്ടിവരും.
ഞാൻ  നേരത്തെ ഒരു ലേഖനത്തിൽസൂചിപ്പിച്ചതാണത്.  ലോ അക്കാഡമിയെ  പോലെ സർക്കാർ സ്ഥലം ഏറ്റെടുക്കുകയും എന്നാൽ അത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ, ഉപയോഗിക്കാതെ വെറുതെ കിടക്കുകയോ ചെയ്യുന്ന അനവധി കോളേജുകളുണ്ട്.  ഒരു കോളേജ് നടത്താനാവശ്യമായ സ്ഥലം എത്രയാണോ അതിലേറെ കൈവശം വെക്കുകയും  ദേവാലയങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കും മറ്റുമുൾപ്പടെ,  അധികഭൂമി വിനിയോഗിക്കുകയും ചെയ്യുന്ന അനവധിപേരുണ്ട്.  അതൊക്കെ സമൂഹത്തിൽ ഉയർത്താൻ ബിജെപിക്ക് കഴിയണം.  സർക്കാർ ഭൂമിയുടെ ദുർവിനിയോഗം ആണ് പ്രധാനവിഷയമെങ്കിൽ  ഏത് പാർട്ടിക്കും അതൊക്കെ കണക്കിലെടുത്തെ തീരൂ, പ്രത്യേകിച്ചും ബിജെപിക്ക് .  വനവാസികൾക്കും പട്ടികജാതിക്കാർക്കും ഭൂമി ലഭ്യമാക്കാൻ ഒരു വലിയ പ്രക്ഷോഭത്തിന്‌ ബിജെപി സ്റ്റേറ്റ് കൗൺസിൽ സമ്മേളനം അടുത്തിടെ ആഹ്വാനം ചെയ്തത് ഓർമ്മിക്കുക. എത്ര ശക്തമായ തീരുമാനമാണ് അതെന്നതിൽ സംശയമില്ല.  അങ്ങിനെ ഒരു നീക്കം ബിജെപി  ആരംഭിച്ചാൽ കേരളത്തിൽ അതുണ്ടാക്കാൻ പോകുന്ന ചലനങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. ഗവിയിലേക്കോ മറ്റൊക്കെ നേതാക്കൾ നീങ്ങുന്നതിനു മുൻപ് ഇത്തരം സ്ഥാപനങ്ങളിലെ അധിക ഭൂമിയെക്കുറിച്ചും, അനധികൃത ഭൂമിയെക്കുറിച്ചും  അന്വേഷിക്കുകയാണ് വേണ്ടതെന്ന്‌  ആരെങ്കിലും പറഞ്ഞാൽ ആക്ഷേപിക്കാനാവുമോ.
മറ്റൊന്ന്,  ലോ അക്കാദമിയെ ഒരു  സർക്കാർ സ്ഥാപനമായി മാറ്റാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനും ബിജെപി വിചാരിച്ചാൽ എളുപ്പത്തിൽ നടക്കും.  ഇന്നലെ ഞാൻ ഒരു ലേഖനത്തിൽ അത് ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന ഗവർണർ ഈ സ്ഥാപനത്തിന്റെ ചീഫ് പേട്രൺ  ആണെന്നിരിക്കെ  അദ്ദേഹത്തിന്  അതിൽ നിഷ്‌പ്രയാസം ഇടപെടാൻ കഴിയും. ഇത്തരമൊരു ന്യായമായ പ്രശ്നത്തിൽ  ഗവർണറെ ഇടപെടീക്കാൻ കഴിയില്ലെന്ന്  കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് പറയാനും കഴിയില്ലല്ലോ. തങ്ങൾ പറഞ്ഞിട്ട് ഗവർണർ കേട്ടില്ല എന്നും അതിന്റെ നേതാക്കൾക്ക് പറയാനാവില്ലതന്നെ. എന്തായാലും ഇനിയുള്ള ദിവസങ്ങളിൽ കാര്യങ്ങൾ ചൂടുപിടിക്കും എന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button