KeralaNews

ഇരിട്ടിയിലെ നാടോടി യുവതിയുടെ കൊലപാതകക്കേസ് ചുരുളഴിയുന്നു

ഇരിട്ടി: ഇരിട്ടിയില്‍ നാടോടിയുവതിയും ഭര്‍ത്താവും മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. നാടോടി യുവതി ശോഭയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കര്‍ണാടക തുംകൂര്‍ സ്വദേശി മഞ്ജുനാഥിനെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകത്തിന്റെ കഥ പുറംലോകം അറിഞ്ഞത്. ആദ്യഭര്‍ത്താവ് രാജുവിനെ ശോഭയും കാമുകനായ മഞ്ജുനാഥും ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയും ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. രാജുവിനെ കൊലപ്പെടുത്തി തന്നെ സ്വന്തമാക്കാന്‍ ശോഭ നടത്തിയ പ്രേരണയിലാണ് കൊലപാതകമെന്നാണ് മഞ്ജുനാഥിന്റെ മൊഴി.

കേസന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ. സുനില്‍കുമാറിന്റെയും പ്രൊബേഷന്‍ എസ്.ഐ. അന്‍ഷാദിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി നടത്തിയ തിരച്ചിലില്‍ കൊലനടത്തിയ സ്ഥലം കണ്ടെത്തി. അവിടെനിന്ന് കൊല്ലപ്പെട്ട രാജുവിന്റേതെന്ന് സംശയിക്കുന്ന കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും പോലീസിന് ലഭിച്ചു. ഇതുവരെയും ശോഭയുടെ മക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവരെ കണ്ടെത്താന്‍ പോലീസ് ബെംഗളൂരുവിലെ സന്നദ്ധ സംഘടനകളുടെ സഹായം തേടി. കുട്ടികളുടെ ഫോട്ടോകളും നല്‍കി.

ശോഭയും മഞ്ജുനാഥും തമ്മില്‍ രഹസ്യബന്ധത്തിലായിരുന്നു. ഭർത്താവ് രാജുവിനു ഇതേ കുറിച്ച് അറിയാമായിരുന്നു. ഇതിന്റെ പേരിൽ നിരവധി വഴക്കുകളും നടന്നിട്ടുണ്ട്. ഇരുവരും തുംകൂരില്‍ ശോഭയുമൊന്നിച്ച് കഴിയുകയായിരുന്ന രാജുവിനെ കൊല്ലാന്‍ വേണ്ടി പദ്ധതി തയ്യാറാക്കി. രാജുവിനെ വീട്ടില്‍നിന്ന് വിളിച്ച് മൂവരും ചേര്‍ന്ന് മഞ്ജുനാഥിന്റെ ഗുഡ്‌സ് ഓട്ടോയില്‍ വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിറാ നഗറിലെ ഉഞ്ചനഹള്ളി വനത്തിലേക്ക് പോയി. യാത്രയ്ക്കിടയിലാണ് ഓട്ടോറിക്ഷയില്‍ കരുതിയ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് രാജുവിന്റെ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയത്. അതിനു ശേഷം മൃതദേഹം വനത്തിനുള്ളിലെ മഴക്കുഴിയില്‍ തള്ളുകയും ചില്ലിക്കമ്പുകളും പെട്രോളും ഒഴിച്ച് കത്തിക്കുകയും ചെയ്തു.

കൊലനടന്നത് 2015 ഡിസംബര്‍ 21-നാണ്. അന്നുരാത്രിതന്നെ ശോഭയും മഞ്ജുനാഥും കുട്ടികളുമൊന്നിച്ച് മാനന്തവാടിയില്‍ എത്തുകയും അവിടെ മുറിയെടുത്ത് കുറച്ചുനാള്‍ താമസിച്ചതിനുശേഷം ഇരിട്ടിയിലേക്ക് വരുകയും ചെയ്തു. വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയതിനെത്തുടര്‍ന്ന് തുംകൂരിലെ സിറ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജുവിന്റെ ബന്ധുക്കളെല്ലാം കേരളത്തില്‍ നാടോടിജിവിതം നയിക്കുന്നതിനാല്‍ ഇയാളെ കാണാതായതിനെക്കുറിച്ച് ആരും പരാതി നല്‍കിയിരുന്നില്ല. അജ്ഞാത മൃതദേഹം എന്ന നിലയില്‍ സിറ പോലീസും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.

ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ച ശേഷം മഞ്ജുനാഥ് നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്ത് പോകുന്നതിനെ ശോഭ എതിര്‍ത്തിരുന്നു. ഇതിന്റെപേരില്‍ ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കും ഉണ്ടായി. വഴക്കിനിടയില്‍ രാജുവിനെ കൊന്നകാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ശോഭ മഞ്ജുനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ശോഭയെയും കൊല്ലാന്‍ കാരണമെന്നാണ് മഞ്ജുനാഥ് പോലീസിനു നല്‍കിയ മൊഴി. പോലീസ് സയന്റിഫിക് സര്‍ജന്‍ കെ.ദീപേഷിന്റെ നേതൃത്വത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടം പരിശോധിച്ചത്. നേരത്തേ മഴക്കുഴിയില്‍നിന്ന് കത്തിക്കരിഞ്ഞ എല്ലിന്‍കഷ്ണങ്ങള്‍ സിറ പോലീസിന് ലഭിച്ചിരുന്നു.

ശോഭയെ ആദ്യം കഴുത്തുഞെരിച്ച് ബോധം കെടുത്തുകയും തുടർന്ന് ഇരിട്ടിയിലെ പഴയ പാലത്തിനടുത്തുള്ള പൊട്ടക്കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയശേഷം മഞ്ജുനാഥ് ശോഭയുടെ ആറുവയസ്സുള്ള മകന്‍ ആര്യനെയും നാല് വയസ്സുള്ള മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ കുട്ടികളെ താന്‍ കര്‍ണാടകയിലേക്ക് ട്രെയിന്‍ കയറ്റിവിട്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് മഞ്ജുനാഥിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button