Prathikarana Vedhi

വിവേകവും മനുഷ്യത്വവും വിവരക്കേടിനു വഴിമാറുമ്പോള്‍; മുഖ്യമന്ത്രി കേരളീയരുടെ സ്വന്തമാണ്; ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്കാരവും തിരിച്ചറിയുക; വിടുവായിത്തം അവസാനിപ്പിച്ച് പ്രധാനമന്ത്രി നടത്തുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ‘കുന്ദന്മാര്‍’ തടസ്സമാകാതിരിക്കട്ടെ എന്ന് ആശിക്കാം

അഞ്ജു പാര്‍വതി പ്രഭീഷ്

ഇന്ത്യാമഹാരാജ്യത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ആദ്യമായി വൈദേശികമതവിശ്വാസങ്ങളെ ആദരിച്ചു ആനയിച്ച ജനവിഭാഗമാണ് നമ്മള്‍ മലയാളികള്‍..റോമില്‍ ക്രിസ്തുമതത്തിനു തുല്യം ചാര്‍ത്തുന്നതിനു മുമ്പേ കേരളത്തിലെത്തിയ സെന്റ്‌ തോമസിനും ക്നാനായി തൊമ്മനും ഭൂമിയുംപണവും നല്‍കി ആദരിച്ചവരാണ് നമ്മുടെ നാട്ടുരാജാക്കന്മാര്‍..അതിനൊപ്പം തന്നെ ആദ്യക്രിസ്ത്യന്‍ പള്ളി പണിയാനുള്ള അനുവാദവും നല്‍കി..വ്യാപാരത്തിനൊപ്പം വിശ്വാസവും കേരളത്തിലെത്തിച്ച അറബ് കച്ചവടക്കാര്‍ക്ക് പരവതാനി വിരിച്ചു സ്വീകരിച്ച കോഴിക്കോട് സാമൂതിരി ആദ്യത്തെ മുസ്ലീം പള്ളി പണിയുന്നതിനുള്ള അനുവാദവും നല്‍കി… ഓരോ പ്രതിസന്ധിയിലും ജാതിമതരാഷ്ട്രീയഭേദമേന്യേ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ സ്വന്തം മക്കളുടെ നാടാണ് ഈ കൊച്ചു സംസ്ഥാനം .പെരുമണ്‍-കടലുണ്ടി അപകടത്തിലും കുമരകം അപകടത്തിലും പറവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തിലുമെല്ലാം ഒത്തൊരുമയോടെ രക്ഷാ സേവനം നടത്തിയവരാണ് നമ്മുടെ യുവത.ഓരോ മലയാളിക്കും സ്വന്തമായ അഭിപ്രായവും വ്യക്തമായ രാഷ്ട്രീയവുമുണ്ട് .എന്നിരുന്നാലും അടിയന്തിര ഘട്ടത്തില്‍ രാഷ്ട്രീയ ഭിന്നതകള്‍ മറന്നു ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. രാഷ്ട്രീയത്തിൽ എന്നും വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയുടെ പ്രതീകമാണ്‌ ശ്രീ .പിണറായി വിജയൻ. ഒറ്റനോട്ടത്തിൽ തന്നെ ആ മനുഷ്യൻ വെറുമൊരു വ്യക്തി മാത്രമല്ല, ആഗോളമാറ്റങ്ങളുടെ ജൈത്രയാത്രയിൽ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുപാർട്ടികൾ സമ്മർദത്തിൽ കടപുഴകി വീണപ്പോഴും കേരളത്തിൽ പാർട്ടിഘടനയ്ക്കു വിള്ളലേൽക്കാതെ കെട്ടുറപ്പോടെ കൊണ്ടുനടന്ന സെക്രട്ടറിയായിരുന്നു ശ്രീ .പിണറായി വിജയൻ..മാത്രവുമല്ല ഇന്ന് അദ്ദേഹം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി കൂടിയാണ് . “മുഖ്യമന്ത്രി”യെന്ന ആ സ്ഥാനത്തെ രാഷ്ട്രീയം നോക്കാതെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ എന്നും നമ്മള്‍. പിണറായി വിജയൻഇനി സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ മാത്രം മുഖ്യമന്ത്രിയല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്‌. ഭരണഘടന തൊട്ട്‌ സത്യംചെയ്യുമ്പോൾ മുതല്‍ മന്ത്രിസഭയിലെ ഓരോ അംഗങ്ങളും നമ്മുടെ പൊതു സ്വത്ത് ആയി തീരുന്നു .ഈ അര്‍ത്ഥത്തില്‍ ഓരോ മലയാളിയുടെയും സ്വത്താണ് ,അല്ലെങ്കില്‍ അഭിമാനമാണ് നമ്മുടെ മുഖ്യമന്ത്രി .അദ്ദേഹത്തിന്റെ തല കൊയ്യാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ഒരു വിവരദോഷി ഉത്തരേന്ത്യക്കാരനെ ശക്തമായ ഭാഷയില്‍ അപലപിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ് .
എ കെ ജി എന്ന മൂന്നക്ഷരത്തെ പ്രക്ഷോഭത്തിന്റെ പര്യായമായാണ് എന്നും കേരളജനത കാണുന്നത്. വേദന അനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാന്‍ എന്ത് പ്രയാസം സഹിച്ചും ഓടിയെത്തുക എന്ന സവിശേഷത എ കെ ജിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പാവങ്ങളുടെ പടത്തലവന്‍ എന്ന വിശേഷണം സഖാവിന് ലഭിച്ചത്. കേരളത്തിന്റെ ഇന്നത്തെ വികാസത്തിന് അടിസ്ഥാനമായിത്തീര്‍ന്ന നവോത്ഥാന മുന്നേറ്റങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു കെ കേളപ്പനും പട്ടം താണ്പിള്ളയും മന്നത്ത് പത്മനാഭനും അയ്യങ്കാളിയുമൊക്കെ . ജനാധിപത്യസംവിധാനത്തില്‍ രാഷ്ട്രീയക്കാര്‍ എങ്ങനെ ഇടപെടണം എന്നതിനെ സംബന്ധിച്ചുള്ള ശരിയായ ഇടപെടലിന് ഉദാഹരണങ്ങളായിരുന്നു ആര്‍ ശങ്കറും ലീഡറും ഇ എം എസും നായനാരും ആന്റണിയുമൊക്കെ .അതുകൊണ്ടൊക്കെ തന്നെയാണ് രാഷ്ട്രീയം നോക്കാതെ നമ്മള്‍ അവരെയൊക്കെ സ്നേഹിച്ചതും . കേരളത്തിന്റെ രാഷ്ട്രീയ മനസ്സാണ്‌ ലോക ഭൂപടത്തില്‍ ഈ കൊച്ചുനാടിനെ എന്നും വേറിട്ടു നിര്‍ത്തിയത്‌. പ്രകൃതി ഭംഗി കാലാവസ്ഥ വ്യാപാര സാധ്യത തുടങ്ങിയ ഘടകങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പു തന്നെ കേരളത്തെ ലോകത്തിനു പരിചയപ്പെടുത്തിയെങ്കിലും ചരിത്രത്തിലെ വിസ്മയമായി നമ്മുടെ നാട്ടിനെ മാറ്റിയത്‌ അതിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്‌ .മത സാമുദായിക ശക്തികള്‍ക്ക്‌ ആഴത്തില്‍ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണില്‍ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയയത്‌ ചരിത്രത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. അയ്യങ്കാളിയും ചട്ടമ്പിസ്വാമിയുംശ്രീനാരായണഗുരുവും,വി.ടി.ഭട്ടതിരിപ്പാടും സഹോദരന്‍ അയ്യപ്പനും എം.ആര്‍.ബിയും,പ്രേംജിയും സയ്യിദ്‌ സനാവുള്ള മക്തി തങ്ങളും സ്വന്തം ജനതയെ കാലത്തോടൊപ്പം ഉയര്‍ത്താനാണ്‌ പാടു പെട്ടതെങ്കില്‍ കെ.കേളപ്പനും വക്കം മൗലവിയും സ്വദേശാഭിമാനിയും മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങള്‍ക്കാണ്‌ പ്രാമുഖ്യം നല്‍കിയത്‌.തുടര്‍ന്നു വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം തീര്‍ച്ചയായും സാമ്രാജ്യവിരുദ്ധപോരാട്ടമായിരുന്നു. നവോഥാന രാഷ്ട്രീയത്തിന്റേ രണ്ടുലക്ഷ്യങ്ങളും ഒരേ പ്രാധാന്യത്തോടെ ഏറ്റെടുത്തതാണ്‌ കേരളത്തില്‍ ഇറ്റതുപക്ഷ രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കിയത്‌ . സഹോദരന്റെ മനസ്സും സാഹിബിന്റെ കരളുമാണ്‌ സഖാവിനെന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപകനായ പി കൃഷ്ണപിള്ളയെക്കുറിച്ച്‌ ഇ.എം.എസ്സ്‌ രേഖപ്പെടുത്തിയതില്‍ ഈ ചരിത്രധാരകളുടെ സംഗമമുണ്ട്‌. അധഃസ്ഥിത ജനതയുടെ ഉന്നമനവും അധിനിവേശശക്തികളുടെ ഉച്ഛാടനവും കമ്യൂണിസ്റ്റുകാര്‍ക്ക്‌ രണ്ട്‌ ലക്ഷ്യങ്ങളായിരുന്നില്ല. ജാതി-ജന്മി-നാടുവാഴി വ്യവസ്ഥതക്കെതിരായ സമരങ്ങള്‍, പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ ചരിത്ര രേഖകളായി വികസിച്ചത്‌ അങ്ങനെയാണ്‌.

ഒരു പാര്‍ട്ടി അല്ലെങ്കില്‍ പ്രസ്ഥാനത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് മാറാന്‍ അധികം കാലം വേണ്ടാ എന്നതാണ് സത്യം.അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി കേരളത്തില്‍ തുറന്ന ആദ്യത്തെ അക്കൌണ്ട്. ഓ രാജഗോപാലെന്ന ജനസേവകനെ സ്നേഹപൂര്‍വ്വം രാജേട്ടന്‍ എന്ന് വിളിക്കുന്നത്‌ ഇവിടുത്തെ ബി ജെ പി പ്രവര്‍ത്തകരും അനുയായികളും മാത്രമല്ല മറിച്ച് കോണ്‍ഗ്രസ്കാരും സഖാക്കളും കൂടെയാണ് തുടക്കത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മതന്യൂനപക്ഷങ്ങള്‍ക്കും സവര്‍ണ്ണ ഹിന്ദുക്കള്‍ക്കും വെറുക്കപ്പെട്ടവരുടെ പാര്‍ട്ടിയായിരുന്നു .കമ്യൂണിസ്റ്റുകള്‍ നിരീശ്വരവാദികളാണ് എന്നതായിരുന്നു അതിനു പിന്നില്‍. ഉദാഹരണമായി എടുത്തു കാണിക്കാന്‍ സോവ്യറ്റ് യൂണിയന്‍ ഉണ്ടായിരുന്നു. മതവിശ്വാസം ഇല്ലാതാക്കാന്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് ഇവിടെ പാതിരിമാരും മൊല്ലാക്കമാരും പ്രചരിപ്പിച്ചിരുന്നു .. ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ഈ കാഴ്ചപ്പാടിന് വലിയ മാറ്റമുണ്ടായില്ല. പത്തു വര്‍ഷത്തിനു ശേഷം ഇഎംഎസ് വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴേക്കും കാഴ്ചപ്പാട് മയപ്പെട്ടിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിപിഐ നേതാവ് സി അച്യുതമേനോന്റെ കാലമായപ്പോള്‍ കമ്യൂണിസത്തെപ്പറ്റിയുണ്ടായിരുന്ന മിത്തുകള്‍ എല്ലാം നീങ്ങി.അതിനൊക്കെ കാരണം അന്നത്തെ നേതാക്കന്മാരുടെ നേത്രുത്വ പാടവവും നിസ്വാര്‍ത്ഥ സേവനവും ഒന്നുതന്നെയായിരുന്നു .വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായി സേവനം അനുഷ്ടിച്ചപ്പോള്‍ കേരളത്തിനായി രാജേട്ടന്‍ നല്‍കിയ സംഭാവനകള്‍ അദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട ജനനേതാവാക്കി. ഇതുവരെയും സങ്കുചിതമായ പ്രാദേശികവാദം അംഗീകരിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ . ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വിവേചനങ്ങള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായ് കാണാൻ പഠിപ്പിച്ച മണ്ണാണ് നമ്മുടെ കൊച്ചു കേരളം . വളരെ കാലമായി ബഹുസ്വരമായിട്ടുള്ളതും, നൂറ്റാണ്ടുകളായി ലോകത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങളും സഹവര്‍ത്തിത്വത്തോടെ ജീവിച്ചിട്ടിട്ടുള്ള കേരളത്തില്‍ വര്‍ഗീയതയ്ക്കും വര്‍ഗീയ സംബന്ധമായ അസഹിഷ്ണുതയ്ക്കും ഒരു സ്ഥാനവും ഇല്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ?.

കേരളപ്പിറവിയ്ക്ക് ശേഷം കേരളത്തിലെ രാഷ്ട്രീയ അധികാരം കയ്യാളുന്നതിനുള്ള തെരഞ്ഞെടുപ്പുകളില്‍ മുഖ്യമായിട്ടും രണ്ടു മുന്നണികളായിരുന്നു മത്സരിച്ചിരുന്നത് .എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു മുന്നണി കൂടി രംഗത്ത് വന്നിരിന്നു. ഈ മുന്നണിയുടെ കേരളത്തിലെ നേതാക്കാള്‍ ഒരിക്കലും ജാതീയ സമീപനം ഇവിടെ സ്വീകരിച്ചിട്ടില്ല., മറ്റു മുന്നണി നേതാക്കളെ അനുകരിച്ചുകൊണ്ട് കേരളീയ അന്തരീക്ഷത്തോട് ഇഴകിച്ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് എന്നും ഇവിടെ ബി ജെ പി നടത്തുന്നത്.അതുപോലെ തന്നെയാണ് അവര്‍ നടത്തുന്ന പ്രതിഷേധപ്രകടനങ്ങളും .കേരളം രൂപം കൊണ്ട് അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറം നിന്നു നോക്കുമ്പോള്‍ നമ്മുടെ സമൂഹം വലിയ തോതിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഒരു കാലത്തും അടിമപ്പെട്ടില്ല എന്ന സത്യം മനസ്സിലാക്കാം. മറിച്ച് ഉത്തരേന്ത്യയിലോ ?ഈ അറുപതു വര്‍ഷങ്ങള്‍ക്കിടയില്‍ എത്രമാത്രം വര്‍ഗീയ കലാപങ്ങളാണ് അവിടെ പലയിടത്തും അരങ്ങേറിയിട്ടുള്ളത്. കീഴാള, മേലാള വ്യത്യാസം ഇല്ലാതെ നമ്മുടെ പൂര്‍വികര്‍ സാമൂഹിക ഉച്ചനീചത്വങ്ങള്‍ തുടച്ചെറിയാന്‍ ഇറങ്ങി പുറപ്പെട്ടതിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഒത്തൊരുമ. നമുക്ക് എല്ലാവരെയും ഒന്നായി കാണാനാണ് ആഗ്രഹം അല്ലാതെ ഞാന്‍ ഹിന്ദു, നീ മുസല്‍മാന്‍ എന്ന് വേര്‍തിരിച്ചു നിര്‍ത്തുന്ന, ദളിതരെ ചുട്ടെരിക്കുന്ന മനസ്സല്ല നമ്മുടേത്. അത്തരക്കാര്‍ നമുക്കിടയിലേക്ക് കടന്നു വന്നാല്‍ നമ്മള്‍ അവരെ അകറ്റി നിര്‍ത്തും എന്ന കാര്യത്തിലും സംശയമില്ല തന്നെ.

ഉത്തരേന്ത്യയിലെ സാമൂദായിക അവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരവസ്ഥ കേരളത്തില്‍ എക്കാലവും ഉണ്ടായിരുന്നു. ഇവിടുത്തെ രാഷ്ട്രീയ,സാമുദായിക സംഘടനകള്‍ക്കെല്ലാം മഹത്തായ പാരമ്പര്യം അവകാശപ്പെടാനുണ്ട്. അവയൊന്നും പെട്ടെന്ന് മുളച്ചുപൊന്തി വന്നവയല്ല. ദീര്‍ഘദര്‍ശികളായ നേതാക്കന്മാര്‍ സാമൂഹിക ഉന്നമനം ലക്ഷ്യം വെച്ച് പടുത്തുയര്‍ത്തിയവയാണ് അവയെല്ലാം. ദേശീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ് ഇവിടെ സാമുദായക സംഘടനകള്‍ എല്ലാംതന്നെ വളര്‍ന്നുവന്നത്. യോഗക്ഷേമ സഭ, എന്‍എസ്എസ്, എസ്എന്‍ഡിപി എന്നിവയെല്ലാം തന്നെ. എന്നാല്‍ ഉത്തരേന്ത്യയില്‍ വളര്‍ന്നു വന്ന മത,സാമുദായിക സംഘടനകള്‍ അത്തരത്തില്‍ ആയിരുന്നില്ല. പ്രതേകിച്ചു സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട സംഘടനകള്‍. സ്വന്തം ആവശ്യങ്ങള്‍ മുന്നില്‍കണ്ട് മാത്രം രൂപപ്പെടുത്തി എടുത്ത സംഘടനകള്‍ മാത്രമാണവ. അതുകൊണ്ട് ഉത്തരേന്ത്യന്‍ സാമുദായിക സംഘടനകളും, നമ്മുടെതും പ്രത്യക്ഷത്തില്‍ രണ്ടു ചേരിയില്‍ നില്‍ക്കുന്നവയാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും ശ്രമിച്ചാല്‍ പോലും വലിയ ഒരു സാമുദായിക സ്പര്‍ദ്ധ കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല.ഇതൊക്കെ ആവേശം കൊണ്ട് തലകൊയ്യാന്‍ ഒരു കോടി രൂപ ഇനാം വയ്ക്കുന്ന കുന്ദനെ പോലുള്ള മണ്ടന്മാര്‍ മനസ്സിലാക്കുന്നത് നന്ന് .ഞങ്ങളുടെ കൊച്ചു കേരളത്തില്‍ നടന്ന മാറുമറയ്ക്കല്‍ സമരം, ക്ഷേത്ര പ്രവേശന സമരങ്ങള്‍, എല്ലാം തന്നെ ഏതെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ നടന്നവയല്ല. സവര്‍ണരും, അവര്‍ണരും ഒരുമിച്ചു സമരം നടത്തി നേടിയവയാണ്.അത് മനസ്സിലാക്കാന്‍ ഉത്തരേന്ത്യന്‍ ലോബിക്ക് എളുപ്പത്തില്‍ മനസ്സിലാവണം എന്നില്ല .പി കൃഷ്ണപിള്ള ക്ഷേത്രപ്രവേശന സമരം നടത്താന്‍ മുന്നില്‍ നിന്നത് തന്റെ സമുദായം മാത്രം ക്ഷേത്ര പ്രവേശനം നേടിയാല്‍ പോര എല്ലാവര്‍ക്കും കയറണം എന്ന തോന്നല്‍ ഉണ്ടായിട്ടല്ലേ? ശ്രീനാരായണ ഗുരുവിന്റെ നേര്‍ശിഷ്യന്മാരില്‍ ബ്രാഹ്മണര്‍ ഉണ്ടായിരുന്നു. എല്ലാ വിഭാഗക്കാരും ഒരുപോലെ ചേര്‍ന്നാണ് കേരളത്തിലെ സാമുദായിക നവോത്ഥാനം നടത്തിയത്. ആ പാരമ്പര്യം ഇപ്പോഴും മലയാളികള്‍ പിന്തുടരുന്നുണ്ട്. അതു തകര്‍ക്കാന്‍ ഇതുവരെ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല.ഇനി ഒരിക്കലും കഴിയുകയും ഇല്ല.

ഇന്ന് ഇന്ത്യയെ നയിക്കാന്‍ ശക്തനായ ഒരു ജനനായകന്‍ ഉണ്ട്. പക്ഷേ ആ ജനനേതാവിന്റെ തിളക്കമാര്‍ന്ന യശസ്സിനു കോട്ടം നല്‍കുന്നത് കുന്ദനെയും പ്രാചിയെയും പോലുള്ള വിടുവായത്തം കലയാക്കിയ അണികളാണ് .ശ്രീ മോഡിജി നടത്തുന്ന ജനക്ഷേമകരമായ പല കാര്യങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നത് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടി ലേബലില്‍ പ്രവര്‍ത്തിക്കുന്ന ചില ബുദ്ധികെട്ട അനുയായികളുടെ പ്രവര്‍ത്തി കൊണ്ടാണെന്ന് ഖേദപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ ..കുന്ദന്‍ നടത്തിയ തീര്‍ത്തും വൃത്തികെട്ട ആ പ്രസ്താവനയെ ആര്‍ എസ് എസും ബി ജെ പി യും ശക്തമായ ഭാഷയില്‍ തന്നെ അപലപിച്ചിട്ടുണ്ട് .പല അനുയായികളും വിടുവായത്തം വിളമ്പുന്നത് സംഘടനയുടെ അറിവോടെയല്ല തന്നെ .കേവലമൊരു ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവനകളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തള്ളിക്കളയെണ്ടതും കഴിയുമെങ്കില്‍ ശക്തമായ ഭാഷയില്‍ തന്നെ അപലപിക്കേണ്ടതും ഓരോ രാഷ്ട്രീയ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും കടമ കൂടിയാണ് .മോഡിജിയെ പോലെ തന്നെ ചെറിയ രാഷ്ട്രീയപാരമ്പര്യമല്ല ശ്രീ പിണറായിക്കുള്ളത്‌. അടിത്തട്ടിൽ നിന്ന്‌ മണ്ണിൽ ചവിട്ടിയുയർന്ന തൊഴിലാളി നേതാവാണ്‌ അദ്ദേഹം. ഇരട്ടനീതികൾ ഇല്ലാത്ത, വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയുടെ രാഷ്ട്രീയം എന്തെന്ന്‌ ഈ നാടിനെ പഠിപ്പിക്കാന്‍ അദ്ദേഹത്തിനായാല്‍ എന്നും കൂടെ നില്ക്കാന്‍ ജനങ്ങള്‍ ഉണ്ടാകും .

ഇനി കുന്ദനെന്ന വിവരദോഷിയോട് ഒരു വാക്ക് –

രാഷ്ട്രീയത്തിന്റെ പേരിലും മതത്തിന്റെ പേരിലും കൊലവിളി നടത്തുന്നതൊക്കെ അങ്ങ്‌ വടക്കുള്ളവരെ നോക്കി മതി .ഇവിടെ രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം..അക്രമരാഷ്ട്രീയവും ഉണ്ടാകാം .പക്ഷേ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ മലയാളികള്‍ എന്ന് വച്ചാല്‍ കോണ്‍ഗ്രസ്കാരനും കമ്മ്യൂണിസ്റ്റ്കാരനും ബി ജെ പി ക്കാരനും ലീഗുകാരനും ചില കാര്യങ്ങളില്‍ ഒന്നാണ് .ഒരപകടം വന്നാല്‍ ജാതി മത രാഷ്ട്രീയ വൈരം നോക്കാതെ ഒരുമിച്ചു നിന്ന് നേരിടുന്നവരാണ് ഞങ്ങള്‍ മലയാളികള്‍ .അതുപോലെ തന്നെ ഉത്സവാഘോഷങ്ങളും ഞങ്ങള്‍ ഒന്നിച്ചു തന്നെയാ ആഘോഷിക്കുക .എത്രയൊക്കെ രാഷ്ട്രീയം തലയ്ക്കു പിടിച്ചാലും ബഹുമാനിക്കേണ്ടവരെയും ആദരിക്കേണ്ടവരെയും രാഷ്ട്രീയം നോക്കാതെ ആദരിച്ചിട്ടുണ്ട് മലയാളികള്‍ ..ആ ഞങ്ങളുടെ മുഖ്യമന്ത്രിയുടെ തലയ്ക്കു വില പറയാന്‍ ഒരു കുന്ദനും വളര്‍ന്നിട്ടില്ല തന്നെ ..തല പോയിട്ട് ഒരു രോമത്തില്‍ പോലും തൊടാന്‍ വളര്‍ന്നിട്ടില്ല ഒരു ഉത്തരേന്ത്യക്കാരനും ….കേരളമെന്ന പുലിമടയില്‍ കയറി കളിക്കാന്‍ ഒരു ഉത്തരേന്ത്യക്കാരനും വളര്‍ന്നിട്ടില്ല തന്നെ .

shortlink

Related Articles

Post Your Comments

Related Articles


Back to top button