NewsIndia

ചരിത്രത്തില്‍ ആദ്യമായി ഒരു ജഡ്ജിക്കെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറണ്ട്‌

ഡൽഹി: ചരിത്രത്തില്‍ ആദ്യമായി ഒരു ജഡ്ജിക്കെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറണ്ട്‌. ജുഡീഷ്യറിയിലെ അഴിമതി തുറന്നുകാട്ടിയ കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കർണനെതിരെയാണ് സുപ്രീം കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. കർണനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോള്‍ കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി ഒരു ജഡ്ജിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ച് കേസിൽ കർണൻ നേരിൽ ഹാജരായി വിശദീകരണം നൽകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ജസ്‌റ്റിസ് കർണനെ എല്ലാ ഔദ്യോഗിക ജോലികളിൽ നിന്ന് ഒഴിവാക്കുന്നതായും കൈവശമുള്ള എല്ലാ ഫയലുകളും ഉടനെ ഹൈക്കോടതിയുടെ റജിസ്‌ട്രാറെ ഏൽപിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകില്ലെന്നായിരുന്നു കർണന്റെ നിലപാട്. തനിക്കെതിരെ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി നടപടി അംഗീകരിക്കുന്നില്ലെന്നും, വിഷയം പാർലമെന്റിന് കൈമാറണമെന്നും കാണിച്ച് കർണൻ സുപ്രീംകോടതിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ദലിതനായതു കൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നതെന്നാണ് ജസ്റ്റിസ് സി.എസ്.കർണന്റെ ആരോപണം.

ജസ്‌റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിക്കുകയായിരുന്നു. സുപ്രീം കോടതിയിലെ ജഡ്‌ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് നടപടി. ജഡ്‌ജിമാരായ ദീപക് മിശ്ര, ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, പി.സി.ഘോഷ്, കുര്യൻ ജോസഫ് എന്നിവരുമുൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജസ്‌റ്റിസ് കർണൻ നീതിനിർവഹണ സംവിധാനത്തെ അപമാനിക്കുന്നതരം പരാമർശങ്ങളാണ് നടത്തിയതെന്ന് അറ്റോർണി ജനറൽ മുകുൾ റോഹത്‌ഗി വ്യക്‌തമാക്കിയിരുന്നു. ജസ്‌റ്റിസ് കർണനെ ചുമതലകളിൽനിന്ന് ഒഴിവാക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനോടു നിർദേശിക്കാൻ ഭരണഘടനാപരമായി സുപ്രീം കോടതിക്ക് അധികാരമുണ്ട്. നടപടിയിലൂടെ കോടതി മാതൃക കാട്ടണമെന്നും റോഹഗ്‌തി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button