NewsIndia

യു പിയിലെ ബി.ജെ.പി വിജയം; ആശങ്കയോടെ പാക്കിസ്ഥാൻ

ന്യൂഡൽഹി: മോദി സർക്കാർ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചപ്പോൾ ഏറെ ആശങ്കയോടെ ഇതിനെ നോക്കിക്കാണുന്ന ഒരു കൂട്ടർ ഉണ്ട്. പാക്കിസ്ഥാനാണ് യുപിയിലെ ‘മോദിവിജയ’ത്തിൽ ആശങ്കയുള്ളത്. തിരഞ്ഞെടുപ്പു ഫലങ്ങൾ വിലയിരുത്തപ്പെടുമ്പോൾ തങ്ങളോടുള്ള നിലപാട് കൂടുതൽ കടുപ്പിക്കാൻ ഇന്ത്യക്കാർ നൽകിയ ‘ലൈസൻസ്’ ആയി മോദി ഇതിനെ കാണുമോ എന്ന ആശങ്കയാണ് പാക്കിസ്ഥാൻ രഹസ്യമായി പങ്കുവയ്ക്കുന്നത്.

ഉറിയിലെയും പഠാൻകോട്ടിലെയും ഭീകരാക്രമണങ്ങൾക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ ഉലച്ചിലുകൾ സംഭവിച്ചിരുന്നു. പാക്ക് പിന്തുണയോടെയുള്ള ഭീകരവാദത്തിന്റെ ദൂഷ്യഫലമാണ് ഇരു സൈനികതാവളങ്ങളിലുമായി തങ്ങൾക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് ഇന്ത്യൻ നിലപാട്. ഭീകരവാദത്തിനെതിരായ അടുത്ത നടപടിയിലേക്കു കടക്കും മുൻപ് നിർണായകമായ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയും സംഘവുമെന്ന റിപ്പോർട്ടും ശക്തമാണ്.

ഉത്തർപ്രദേശിൽ താൻ പങ്കെടുത്ത തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെല്ലാം സൈന്യം നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് മോദി പരാമർശിച്ചിരുന്നു. മിന്നലാക്രമണത്തെ വിമർശിച്ച് സൈന്യത്തിന്റെ ആത്മവിശ്വാസം ഇടിക്കുകയാണ് പ്രതിപക്ഷമെന്ന ആരോപണവും മോദി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടി പോലും പ്രതീക്ഷിച്ചതിലും വലിയ ചരിത്ര വിജയം ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിക്ക് നൽകിയതോടെ പ്രധാനമന്ത്രി എന്ന നിലയിൽ ഇരട്ടി കരുത്തനായിരിക്കുകയാണ് മോദി. രണ്ടരലക്ഷത്തോളം സൈനികരും വിമുക്തഭടന്മാരും വോട്ടര്‍മാരായുള്ള ഉത്തരാഖണ്ഡിൽ ബിജെപി നേടിയ ചരിത്രവിജയവും ഇവിടെ സ്മരണീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button