NewsPrathikarana Vedhi

ആളൂരിനെപ്പോലെ വക്കീലന്മാര്‍ അരങ്ങ് വാഴുമ്പോള്‍ ഇവിടെ ശങ്കരനാരായണന്മാര്‍ ഇനിയും പുനര്‍ജനിക്കേണ്ടി വരും: ഒരു കുറ്റവാളിയ്ക്ക് നേരെ നമ്മള്‍ കണ്ണടയ്ക്കുമ്പോള്‍ ഒമ്പത് കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നു: “പീഡോഫീലിയ”യുടെ നാട്ടില്‍ അഞ്ജു പാര്‍വതി പ്രഭീഷ് പറയുന്നത് ആരെയും ആഴത്തില്‍ ചിന്തിപ്പിക്കുന്നത്

ഒ എന്‍ വിയുടെ “പെങ്ങള്‍” എന്ന കവിതയില്‍ വെറുമൊരു വാര്‍ത്തയായി കെട്ടടങ്ങേണ്ടതല്ല പെണ്ണിന്റെ ജീവിതമെന്നു പറയുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ഇന്ന് പെണ്ണ് വെറുമൊരു ചിത്രമായി കെട്ടടുങ്ങുകയല്ലേ?സ്ത്രീസുരക്ഷാപ്രസംഗങ്ങളിലെ മുഴങ്ങുന്ന പേരാകാന്‍ നിയോഗമുണ്ടായ.നീര്‍ക്കുമിളകളുടെ ആയുസ്സ് പോലുമില്ലാത്ത നമ്മുടെ കണ്ണുനീരിനു ഹേതുവായ എത്രയോ മുഖങ്ങള്‍ നമുക്ക് മുന്നിലൂടെ കരഞ്ഞു പെയ്തിരുന്നു .ശാരി ,അനഘ,സൗമ്യ,ജിഷ ,കൃതിക ,ശരണ്യ ഒടുവിലിതാ മിഷേലും..!!!ഇവരൊക്കെയും മനോഹരമായ ഈ ഭൂമിയില്‍ സ്വപനങ്ങളും പ്രതീക്ഷകളുമായി ഒരുപാട് കാലം ജീവിക്കുവാന്‍ കൊതിച്ച പുഞ്ചിരിപൂവുകളും ഇളം മൊട്ടുകളും …അവയെ യൊക്കെ നിഷ്ക്കരുണം തല്ലിക്കൊഴിച്ചത് നമ്മുടെയൊക്കെ കണ്മുന്നിലും ..എന്നിട്ടും നമ്മളിലെ അമ്മമാരും ഭാര്യമാരും സഹോദരിമാരും എന്തെങ്കിലും ചെയ്തോ ??നമുക്കിടയിലെ അച്ചന്മാരും സഹോദരന്മാരും ക്ഷുഭിത യുവത്വങ്ങളും വേണ്ടരീതിയില്‍ പ്രതികരിച്ചോ?? സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട് കനലുകള്‍ ഉള്ളിലൊളിപ്പിച്ചുക്കൊണ്ട് , സ്വന്തം മകളെ കൊന്ന ഘാതകനെ വെട്ടിനുറുക്കിയ അച്ഛന്മാരെ!!!പെങ്ങളുടെ മാനത്തിനു വിലയിട്ട തെമ്മാടിയെ കൊത്തിനുറുക്കിയ സഹോദരന്മാരെ ..എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലോ ??അവിടെ അങ്ങനെ ഒരൊറ്റയാള്‍ മാത്രമേയുള്ളൂ –അതാണ്‌ ശങ്കരനാരായണന്‍ .ഇന്നിന്റെ ശരികേടുകള്‍ക്ക് മുന്നിലെ ശരിയാണ് ശങ്കര നാരായണന്‍ എന്ന അച്ഛന്‍ !!

ശങ്കരനാരായണന്‍ എന്ന അച്ഛന്‍ മകളുടെ ആത്മാവിനോട് നീതി പുലര്‍ത്തിയത്‌ മകളുടെ ഘാതകനെ വകവരുത്തി കൊണ്ടായിരുന്നു .പണത്തിനും പദവിക്കും രാഷ്ട്രീയബന്ധങ്ങള്‍ക്കും മീതെ പറക്കാത്ത ഇവിടുത്തെ നീതിയെന്ന പരുന്തിനെ ശങ്കരനാരായണനു നന്നായി മനസ്സിലായി കാണണം ..അതുകൊണ്ടാണല്ലോ പരോളില്‍ ഇറങ്ങിയ മകളുടെ ഘാതകനെ അദ്ദേഹം വെടിവച്ചു കൊന്നു മകള്‍ക്ക് നീതി നിര്‍വഹണം നടത്തിയത് .കാലത്തിനു മുന്നേ പറന്ന പറവയായിരുന്നു ആ അച്ഛനെന്നു പിന്നീടു ഇവിടെ നടന്ന സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു .ജിഷയുടെയും സൌമ്യയുടെയും ദാരുണ കൊലപാതകവും ആളൂര്‍ വക്കീലിന്റെ ഇടപെടലും പിന്നീടു നടന്ന പീഡന പര്‍വ്വവും വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളുടെ തൂങ്ങിയാടിയ ഇളം മേനികളും പോലീസിന്റെ കൃത്യ വിലോപവും ഒക്കെ അടിവരയിടുന്നുണ്ട് ശങ്കരനാരായണന്‍ ആയിരുന്നു ശരിയെന്ന സത്യം ..സംവിധായകന്‍ എം എ നിഷാദ് സംവിധാനം ചെയ്ത വൈരമെന്ന ചിത്രം കാട്ടിത്തരുന്നുണ്ട് ശങ്കരനാരായണന്‍ എന്ന “വൈര”ത്തെ …മകളെ കൊന്നവനോടുള്ള വൈരം ഉള്ളിലടക്കി ഓരോ നിമിഷവും അവനെ കൊല്ലാന്‍ വേണ്ടി അവസരം തിരഞ്ഞു നടക്കുന്ന അച്ഛനെ പശുപതിയിലൂടെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നിഷാദ് എന്ന സാമൂഹ്യപ്രതിബദ്ധത കൈമുതലായുള്ള സംവിധായകനെ പ്രേരിപ്പിച്ചത് ശങ്കരനാരായണന്‍ എന്ന അച്ഛന്‍ തന്നെയാണ് . കാലികപ്രശ്‌നങ്ങളായിരുന്നു എം.എ. നിഷാദ്‌ തന്റെ എല്ലാ സിനിമയ്‌ക്കും വിഷയങ്ങളാക്കിയിരിക്കുന്നത്‌ എന്നുകൂടെ ഇവിടെ പറയാന്‍ കാരണം കലയ്ക്കും കലാകാരന്മാര്‍ക്കും സമൂഹത്തില്‍ വലിയ തോതിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യത്തെ കൂടി വിലയ്ക്കെടുത്തു കൊണ്ടാണ് .ആദ്യ ചിത്രമായ പകല്‍ മുതല്‍ അവസാന ചിത്രമായ നമ്പര്‍ 66 മധുര ബസ് വരെയും സമകാലിക പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ അദേഹത്തിന് കഴിഞ്ഞത് ചെറിയ കാര്യമല്ല .

2001 ഫെബ്രുവരി ഒമ്പതിനാണു ശങ്കരനാരായണന്റെ പതിമൂന്നുകാരിയായ മകള്‍ കൃഷ്‌ണപ്രിയ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ടത്‌.അയല്‍വാസിയും പരിചയക്കാരനുമായ ഒരുവനാണ് ആ കുരുന്നു പൂവിനെ കശക്കി യെറിഞ്ഞത് പിറ്റേവര്‍ഷം ജൂലൈയില്‍ പ്രതി അഹമ്മദ്‌ കോയ ശങ്കര നാരായണന്റെ നാടന്‍തോക്കില്‍നിന്നുള്ള വെടിയേറ്റു കൊല്ലപ്പെട്ടു. ഈ കേസില്‍ ശങ്കരനാരായണനെ കീഴ്‌ക്കോടതി ജീവപര്യന്തം തടവുശിക്ഷയ്‌ക്കു വിധിച്ചെങ്കിലും പിന്നീടു ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. കോടതിയുടെ മാനുഷികമുഖം മലയാളി കണ്ട ദിവസം കൂടിയായിരുന്നു അത്..ഒരു കൊലയാളിക്ക് നായക പരിവേഷം നല്കാന്‍ മലയാളി പഠിച്ചതും ശങ്കര നാരായണന്‍ എന്ന അച്ഛനിലൂടെയായിരുന്നു…കാലികളെ വളര്‍ത്തി കുടുംബം പോറ്റിയിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരച്ഛനു കേവലം പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള പൊന്നുമകളുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു .ഒരപകടത്തിലോ അസുഖത്തിലോ അല്ലല്ലോ ആ മകള്‍ മരണമടഞ്ഞത് .നിത്യേനെ കണ്ടുപരിചയ മുള്ള,എത്രയോ വട്ടം അവള്‍ തന്നെ സ്വന്തം കിണറ്റില്‍ നിന്നും വെള്ളം കോരി കൊടുത്തിട്ടുള്ള ഒരുവ ന്‍ നിമിഷനെരത്തെ സുഖത്തിനു വേണ്ടി അവളെ എന്നത്തേയ്ക്കുമായി അവസാനിപ്പിക്കുമ്പോള്‍ ആ അച്ഛന് എങ്ങനെ കൊലയാളിയാവാന്‍ കഴിയാതെ ഇരിക്കും ??നഷ്ടപ്പെട്ടത് പോയത് അദേഹത്തിന് മാത്രമായിരുന്നുവല്ലോ ?? ഇന്നും കാലികള്‍ മേയുന്ന പറമ്പിന്റെ ഒരു കോണില്‍ കൃഷ്ണപ്രിയ എന്ന മകള്‍ അഭിമാനത്തോടെ ഉറങ്ങുന്നുണ്ടാകും അവള്‍ക്കായി നീതി നടത്തിയ ആ അച്ഛനെയോര്‍ത്ത് .അവളുടെ ആത്മാവ് മുറിവേറ്റ ,നീതിനിഷേധിക്കപ്പെട്ട ശാരിയുടെയും ജിഷയുടെയും സൌമ്യയുടെയും കൃതികയുടെയും ശരണ്യയുടെയും ആത്മാക്കളോട് പറയുന്നുണ്ടാവും അവളുടെ അച്ഛനെ ക്കുറിച്ച് ..

അടച്ചിട്ട കതകിനു പോലും സുരക്ഷ നല്‍കാന്‍ കഴിയാത്തവിധം കൊലയാളികള്‍ അടുത്തെത്തിയെന്ന യാഥാര്‍ത്ഥ്യം പെരുമ്പാവൂരിലെ ആ നാലുചുമരുകള്‍ ക്കുള്ളില്‍ കുരുങ്ങിയ നിലവിളിയില്‍ നിന്നും വാളയാറിലെ തൂങ്ങിയാടിയ പിഞ്ചു ശരീരങ്ങള്‍ നമ്മള്‍ക്ക് കാട്ടിയിട്ടും ഇവിടെ നമുക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞു ??നീതിനിഷേധത്തിന്റെ പുത്തന്‍ കഥയുമായി മിഷേലിന്റെ മുഖം നമ്മുടെ മുന്നിലുണ്ട് ഈ നിമിഷം ..നമുക്ക് പലതും ചെയ്യാനാവും ..തെരുവുകളില്‍ നമ്മള്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം ..ഓരോ പീഡകന്മാരെയും തെരുവിലിട്ട് നന്നായി കൈകാര്യം ചെയ്യണം . ഇവന്മാര്‍ ജീവിച്ചിരുന്നാല്‍ ഇനിയുമേറെ ഇരകള്‍ ഉണ്ടാകും .ഇവര്‍ക്കായി മനുഷ്യാവകാശവും പീഡോഫീലിയയുടെ തിയറികളും കൊണ്ടുവരുന്നവരെയും തെരുവിലിട്ട് തല്ലണം.ഇരകള്‍ക്കില്ലാത്ത മനുഷ്യാവകാശവും നീതിയും വേട്ടക്കാര്‍ക്ക് എന്തിന്??ഇനിയും നമ്മള്‍ കണ്ണടച്ചിരുന്നാല്‍ കണ്മുന്നില്‍ പിച്ചിചീന്തികശക്കിയെറിയപ്പെടുന്നത് നമ്മുടെ പെണ്മക്കളും സഹോദരിമാരുമായിരിക്കും…ഇനിയും ചെന്നായകളുടെ മുന്നില്‍ ഒരു പെണ്ണ് പോലും മാനത്തിനായി വിലപിക്കരുത്. അലക്കിതേച്ച വെള്ളക്കുപ്പായവും വിപ്ലവമോതുന്ന നാവുകളും ആര്‍ഷഭാരതഗീതികളുമായി വരുന്ന ജനസേവകരോട് നമ്മള്‍ സ്ത്രീകള്‍ ഒരൊറ്റ സ്വരത്തില്‍ പറയണം -നമുക്ക് വേണ്ടത് പ്രകടനപത്രികയിലെ നട്ടാല്‍ കുരുക്കാത്ത വാഗ്ദാനമല്ല..മറിച്ച് ഇനിയൊരു പെണ്മയും അപമാനിക്കപ്പെടരുത്..ഒരു സ്ത്രീയുടെ മാനത്തിനും ആരും വിലയിടരുത് ..നിയമത്തിന്റെ പഴുതിലൂടെ നമ്മളെ നോക്കി ചിരിക്കുന്ന ഗോവിന്ദചാമിമാര്‍ ഇനിയിവിടെ ഉണ്ടാവരുത്. ഇനിയെങ്കിലും നമ്മള്‍ രാഷ്ട്രീയവും മതവും നോക്കാതെ പ്രതികരിക്കണം…നമ്മുടെ പ്രതികരണങ്ങള്‍ കേവലം ഒരു ലൈക്കിലോ കമന്റിലോ ഒതുക്കാതെ,മനസ്സിലെ പ്രതിഷേധത്തിന്റെ അഗ്നിയെ ചുരുങ്ങിയത് മുഖപുസ്തകത്തിന്റെ ചുമരിലെങ്കിലും പതിക്കാന്‍ ശ്രമിക്കൂ..പല തുള്ളി പെരുവെള്ളം എന്നതുപോലെ നമ്മുടെ പ്രതിഷേധത്തിന്റെ ജ്വാലകള്‍ കാട്ടുതീയായി പടര്‍ന്നുപിടിക്കുമ്പോള്‍ മുഖംതിരിക്കാന്‍ ഭരണവര്‍ഗ്ഗത്തിന് കഴിയില്ല തന്നെ..

വളയിട്ട കൈകള്‍ കരുത്തുതെളിയിക്കേണ്ടത് ഫെമിനിസം എന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളിലൂടെയല്ല..ചുംബനസമരത്തിലൂടെയോ ലിവിംഗ് ടുഗെദറിലൂടെയോ വസ്ത്രസ്വാതന്ത്ര്യത്തിലൂടെയോയല്ല സ്ത്രീ ശാക്തീകരണം വരേണ്ടത് .ഇവിടെ രാഷ്ട്രീയമല്ല നോക്കേണ്ടത്.. ആളൂരിനെ പോലുള്ള വക്കീലന്മാര്‍ ഉള്ളപ്പോള്‍ നോട്ടുകെട്ടുകളുടെ ബലത്തില്‍ ഏതൊരു പെണ്ണിന്റെയും മടിക്കുത്ത് അഴിക്കാന്‍ തന്റേടം കാട്ടുന്ന പരനാറികള്‍ക്ക്‌ നീതിപീഠം ശിക്ഷ നല്‍കുമെന്ന് വിശ്വസിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുന്നില്ല..അപ്പോള്‍ നമ്മള്‍ സ്ത്രീകള്‍ തന്നെ സ്വയം രക്ഷയ്ക്കൊപ്പം പ്രതിരോധം തീര്‍ത്തേ കഴിയൂ. ഒറ്റപ്പെടുത്തല്‍ തുടങ്ങേണ്ടത് അവനവന്റെ കുടുംബത്തില്‍ നിന്നുതന്നെയാണ് ..ഇന്ന് നിങ്ങളുടെ സഹോദരന്റെയോ മകന്റെയോ ഭര്‍ത്താവിന്റെയോ കൊള്ളരുതായ്മകള്‍ക്ക് നേരെ നിങ്ങള്‍ കണ്ണടയ്ക്കുമ്പോള്‍ ,പ്രതികരിക്കാതെ അവനു മൂന്നുനേരം വിളമ്പുമ്പോള്‍ ഒന്നോര്‍ക്കുക നാളെ നിങ്ങളുടെ മകളും ഇതുപോല പിച്ചിയെറിയപ്പെടാം,അപഹാസ്യയും അപമാനിക്കപ്പെട്ടവളുമായി മാറിയേക്കാം ..കാരണം ഒരു കുറ്റവാളിയ്ക്ക് നേരെ നമ്മള്‍ കണ്ണടയ്ക്കുമ്പോള്‍ ഒന്‍പതു കുറ്റവാളികള്‍ പുതുതായി സൃഷ്ടിക്കപ്പെടുന്നു ..

shortlink

Related Articles

Post Your Comments

Related Articles


Back to top button