NewsIndia

പുതിയ മാർഗനിർദേശനങ്ങളുമായി യൂബര്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി രംഗത്ത്. സഹയാത്രികരോടോ ടാക്‌സി ഡ്രൈവറോടോ അടുത്ത് ഇടപഴകുന്നത് ഇനി യൂബര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് പുറത്താക്കപ്പെടാന്‍ ഇടയാക്കും. ഒരു സാഹചര്യത്തിലും സഹയാത്രികരുമായോ ഡ്രൈവറുമായോ ലൈംഗികബന്ധം പാടില്ലെന്ന് യൂബറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടാതെ മദ്യപിച്ച് കാറില്‍ ഛര്‍ദ്ദിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരക്കാരെ യൂബര്‍ ഉപയോഗത്തില്‍നിന്ന് വിലക്കാനാണ് കമ്പനിയുടെ തീരുമാനം. യാത്രയ്ക്കു ശേഷം ടാക്‌സി ഡ്രൈവറുമായോ സഹയാത്രികരുമായോ അനാവശ്യമായി ബന്ധം പുലര്‍ത്തരുത്. സഹയാത്രികരെ സ്പര്‍ശിക്കാനോ കൊച്ചുവര്‍ത്തമാനം പറയാനോ പാടില്ല.

കമ്പനി ഇത്തരമൊരു മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത് ഇന്ത്യയിലെ യൂബര്‍ ഉപയോക്താക്കളില്‍നിന്നും ഡ്രൈവര്‍മാരില്‍നിന്നും ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്. മാര്‍ഗ്ഗനിര്‍ദേശം ഡ്രൈവര്‍മാര്‍ക്കും ഉണ്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധമായിരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലുമൊന്ന് തെറ്റിച്ചാല്‍ നടപടിക്ക് വിധേയനാവേണ്ടിവരും. എന്നാല്‍ ആദ്യത്തെ തവണ മോശമായി പെരുമാറിയതുകൊണ്ടുമാത്രം വിലക്ക് നേരിടേണ്ടിവരില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കമ്പനി അന്വേഷണം നടത്തും. മോശം പെരുമാറ്റം ആവര്‍ത്തിച്ചാല്‍ യൂബര്‍ അക്കൗണ്ട് തടഞ്ഞുവെക്കുകയോ സ്ഥിരമായി പുറത്താക്കുകയോ ആയിരിക്കും നടപടി.

യാത്രക്കാരോടുള്ള ഡ്രൈവര്‍മാരുടെ പെരുമാറ്റത്തെക്കുറിച്ചും നിര്‍ദ്ദേശങ്ങളുണ്ട്. ജാതി, മതം, ഭിന്നശേഷി എന്നിവയുടെ പേരിലോ എവിടേയ്ക്കാണ് യാത്ര നടത്തുന്നത് എന്നതിന്റെ പേരിലോ യാത്രക്കാരോട് വിവേചനം പാടില്ലെന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. അമിതവേഗത, സമയം പാലിക്കാതിരിക്കല്‍ തുടങ്ങിയവയുടെ പേരിലും ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകും. ലോകത്ത് വിവിധ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി യൂബര്‍ കഴിഞ്ഞ വര്‍ഷം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. പത്ത് ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button