South IndiaWeekened GetawaysPilgrimageIndia Tourism SpotsTravel

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രത്തിൽ

ജ്യോതിർമയി ശങ്കരൻ

അദ്ധ്യായം -4

ഭക്തിയ്ക്കപ്പുറം കാണാൻ കൊതിയ്ക്കുന്ന സന്ദർശകർക്ക് ക്ഷേത്ര സമുച്ചയത്തിലെ ഏറ്റവും വലിയ ആകർഷണം അവിടത്തെ മണ്ഡപങ്ങൾ തന്നെയെന്നു പറയാതെ വയ്യ. കല്യാണമണ്ഡപവും,വസന്ത മണ്ഡപവും , ചിത്രസഭാമണ്ഡപവും നമ്മെ അത്ഭുതപരതന്ത്രരാക്കും. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ജീവൻ തുടിയ്ക്കുന്ന വിഗ്രഹങ്ങളും നമ്മെ പ്രാചീന ശിൽ‌പ്പകലാവൈദഗ്ദ്ധ്യത്തിന്റെ മഹിമ ഓർമ്മിപ്പിയ്ക്കും വിധം മഹത്തരം തന്നെ. യക്ഷവിഗ്രഹത്തിന്റെ ഒരു ചെവിയിലൂടെ കടത്തുന്ന ഈർക്കിലി മറുചെവിയിലൂടെ പുറത്തെടുക്കുന്നതു കണ്ടപ്പോൾ സ്വയം ഒന്നു ചെയ്തു നോക്കാതിരിയ്ക്കാനായില്ല. അത്ഭുതം തോന്നി. ഒരു വലിയ വ്യാളിയുടെ രൂപത്തിന്റെ മുഖത്തെ ദ്വാരത്തിന്നകത്ത് ഒരു വലിയ ഗോളാകൃതിയിലെ പന്ത് സദാ ചുറ്റിക്കറങ്ങുമായിരുന്നത്രേ! ഞങ്ങളുടെ കൂട്ടത്തിലുള്ള പലരും അതു മുൻപു കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ അത് കാണാനില്ല. ഒഴിഞ്ഞ ദ്വാരത്തിൽ കൈ ഇട്ടപ്പോൾ നല്ല മിനുസം. നിർത്താതെ ചലിച്ചിരുന്ന കല്ലുകൊണ്ടുള്ള പന്തു സൃഷ്ടിച്ച മിനുസം സിമന്റിട്ടപോലെ തന്നെ. അത്തരം മറ്റു പലവിഗ്രഹങ്ങളും കാണാൻ കഴിഞ്ഞു. കല്ലിൽ കൊത്തിയെടുത്ത മറ്റൊരു സ്ത്രീ രൂപത്തിന്റെ വിരലിലെ കല്ലുകൾ സൂര്യരശ്മി തട്ടുമ്പോൾ സുതാര്യതയാർന്ന മനുഷ്യരുടെ നഖങ്ങൾ പോലെ കാണപ്പെട്ടപ്പോൾ വിശ്വസിയ്ക്കാനായില്ല. ഓർത്തത് എത്രയും സൂക്ഷമായ ആ കൊത്തുപണിയിലെ വൈദഗ്ദ്ധ്യത്തെക്കുറിച്ചു തന്നെയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിയ്ക്കുന്ന നന്ദീ വിഗ്രഹത്തിന്റെ കാൽ തറയിൽ തൊടുന്നില്ലേയെന്നു നോക്കാതിരിയ്ക്കാനായില്ല. കലികാലാവസാനമാകുമ്പോഴേയ്ക്കും പൂർണ്ണമായും ഈ നന്ദി എഴ്ന്നേറ്റു നിൽക്കുമെന്നാണ് വിശ്വാസം. അതോടെ ലോകാവസാനവും സംഭവിയ്ക്കും. എന്തൊക്കെ വിശ്വാസങ്ങൾ ഇങ്ങനെ തലമുറകളായി കൈമാറി വരുന്നവയായിട്ടുണ്ടായിരിയ്ക്കാം.

അലങ്കാര മണ്ഡപത്തിലെ സപ്തസ്വര സംഗീതം പൊഴിയ്ക്കുന്ന തൂണുകൾ ലോകപ്രശസ്തമാണല്ലോ? വടക്കേ ഇടനാഴിയ്ക്കടുത്തായുള്ള അലങ്കാരമണ്ഡപത്തിൽ സ്ഥിതി ചെയ്യുന്ന തൂണുകൾ സന്ദർശകരുടെ കടന്നേറ്റങ്ങളിൽ നിന്നും രക്ഷനേടാൻ ഇരുമ്പു ഗ്രില്ലുകളാൽ സംരക്ഷിച്ചു വയ്ക്കപ്പെട്ടിരിയ്ക്കുന്നതു കാണാനായി. ഒറ്റക്കല്ലിൽ തീർത്ത വലിയൊരു തൂണൂം അതിനു ചുറ്റും അതേ കല്ലിൽ തന്നെ തട്ടിയാൽ വ്യത്യസ്തമാം വിധത്തിൽ സപ്തസ്വരങ്ങളുതിർക്കുന്ന 30 ചെറിയ തൂണുകളും നിറഞ്ഞ രണ്ടു കൂട്ടങ്ങളും 25 ചെറിയതൂണുകളുള്ള മറ്റു രണ്ടു കൂട്ടങ്ങളുമാണൂള്ളത്. അവ കേൾക്കാനാകില്ലല്ലോ എന്നോർത്തപ്പോൾ നിരാശ തോന്നി. ക്ഷേത്രത്തിലെ ജീവനക്കാരിൽ ആരോ ഒരാൾ ഞങ്ളുങ്ട അപേക്ഷപ്രകാരം വന്ന് സമീപത്തുള്ള മറ്റൊരു തൂണിന്റെ ചുറ്റുമുള്ള ചെറിയ തൂണുകളിൽ തട്ടി ശബ്ദമുണ്ടാക്കി ശബ്ദങ്ങളുടെ വ്യത്യാസം ഏതാണ്ടു മനസ്സിലാക്കിത്തന്നപ്പോൾ സന്തോഷം തോന്നി. മനസ്സിൽ ആശ്ചര്യവും ഒപ്പം ഒരൽ‌പ്പം ദുഃഖവുംതോന്നാതിരുന്നില്ല. പുരാതന ഭാരതത്തിന്റെ വാസ്തുവിദ്യകളിലേയും കൊത്തു പണികളിലേയും വൈദഗ്ദ്ധ്യമെല്ലാം നാമെന്നേ കളഞ്ഞു കുളിച്ചല്ലോ? എന്തുകൊണ്ടായിരിയ്ക്കാം അവ നഷ്ടപ്പെട്ടതെന്നു നമുക്കൂഹിയ്ക്കാം. പക്ഷേ അതിന്റെ വില എത്രയേറെയെന്നു മനസ്സിലാക്കാൻ നാം ഏറെ സമയമെടുത്തു. അപ്പോഴേയ്ക്കും എല്ലാം നഷ്ടമായിക്കഴിഞ്ഞിരുന്നെന്നു മാത്രം..

ദേവേന്ദ്രൻ സ്വയം ഭൂമിലെത്തി നിത്യവും പൂജ ചെയ്യുന്ന സ്ഥലമോ?. ഇവിടത്തെ ഇന്ദ്രവിനായകക്ഷേത്രത്തിൽ മറ്റു ക്ഷേത്രങ്ങളിലെന്നപോലെ രാത്രിയിൽ അത്താഴപ്പൂജയില്ല. ദേവേന്ദ്രൻ പൂജ ചെയ്യാനായി ദിവസവും ഈ ജ്ഞാനാരണ്യത്തിലെത്തുമെന്നാണ് ഇപ്പോഴും വിശ്വാസം. പൂജയ്ക്കായി എല്ലാം ഒരുക്കി വച്ചശേഷം പൂജാരിയ്ക്കു സ്ഥലം വിടാം. അമ്പലത്തിനകത്തെ കാര്യങ്ങൾ അത്യന്തം ഗോപ്യമാക്കുന്നതിനായി ഒന്നിടവിട്ട ദിവസങ്ങളിൽ പൂജാരികൾ മാറി മാറി പൂജ നടത്തുന്നു. അമ്പലത്തിനു മുൻ വശത്തായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്ന നന്ദിയുടെ ചെവിയിൽ പലരും സ്വകാര്യമോതുന്നതു കണ്ടു. ആവലാതി ബോധിപ്പിയ്ക്കലാണ്, ഭഗവത് സമക്ഷം ചൂടോടെയെത്താൻ,. കഷ്ടങ്ങൾക്കറുതിവരുത്താനുളള പ്രാർത്ഥനകൾ മാറ്റാരും കേൾക്കാൻ പാടില്ല, പറയരുതു താനും. വിശ്വാസങ്ങൾ എത്ര തരത്തിൽ. ചിലത് ഞാനും ആ ചെവികളീലായി പറഞ്ഞിട്ടുണ്ടു, ട്ടോ?. എന്താണെന്നു ചോദിക്കരുതെന്നു മാത്രം.

അനുഭൂതിയിലുറഞ്ഞാടി ഭക്തിയെ ഉൾക്കൊണ്ടു തന്നെ ദർശനം നടത്തിയതിലെ സന്തോഷവുമായി പ്രീതയ്ക്കൊത്ത് അവരുടെ വീട്ടിലെത്തിയപ്പോൾ ഗൃഹനാഥനായ പ്രദീപ് ഇന്നത്തെ മറ്റു സന്ദർശനങ്ങളെക്കുറിച്ച് ഞങ്ങളുമായി ചർച്ച ചെയ്യാൻ തയ്യാറായിട്ടിരിയ്ക്കയായിരുന്നു. എല്ലാവരിലും അതിന്റെ സന്തോഷവും പ്രകടമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button