Latest NewsKeralaTravel

പലരുടെയും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നൊരു സംശയമാണ് രാജസ്ഥാന്‍ മരുഭൂമിയല്ലേ? -എന്റെ ഡയറിക്കുറിപ്പുകള്‍

പ്രീദു രാജേഷ്

ഭാഗം 1
—————-
മുംബൈ നഗരത്തിന്റെ എന്നുമോടിക്കൊണ്ടിരിക്കുന്ന തിരക്കു നിറഞ്ഞ ജീവിതത്തിനിടയില്‍ നിന്നും രാജസ്ഥാനിലേക്കെത്തിപ്പെടുമ്പോള്‍ മനസ്സിലെന്തോ അടങ്ങാത്തൊരു സന്തോഷമുണ്ടായിരുന്നു.എന്നോ മനസ്സില്‍ കടന്നു കൂടിയൊരാഗ്രഹം ചരിത്രമുറങ്ങുന്ന രാജസ്ഥാന്റെ മണ്ണില്‍ കുറച്ചു ദിവസങ്ങള്‍. 24 മണിക്കൂര്‍ 24 സെക്കന്‍ഡ്സ് പോലെ കറങ്ങിത്തീരുന്ന മുംബൈ നഗരം. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും പോലുമറിയാതെ തിങ്ങി ഞെരിഞ്ഞ മനുഷ്യ ജീവിതങ്ങള്‍, കണ്ടു മടുത്ത നഗര കാഴ്ച്ചകള്‍, അങ്ങനെ പലതും. മടുപ്പിക്കുന്ന ആ തിരക്കുകള്‍ക്കിടയില്‍ കാണാന്‍ മറന്നുപോയവയും.

രാജസ്ഥാന്‍,,, ഈ മണ്ണെനിക്കു തന്ന നല്ല കുറേ അനുഭവങ്ങള്‍, ഓര്‍മ്മകള്‍, യാത്രകള്‍, എന്റെ നാടു പോലെ ആത്മബന്ധം തോന്നിയ ഈ നാടും എനിക്കെന്റേതു തന്നെയാണ് . ചില നാടുകള്‍ അങ്ങനെയാണ്. നമ്മെ പിടിച്ചു നിര്‍ത്താന്‍ എന്തെന്നില്ലാത്ത ചില കാരണങ്ങള്‍, പ്രത്യേകതകള്‍ ഒക്കെയവയ്ക്കുണ്ടാകും. ആദ്യമായി ഇവിടെ ഞാനെത്തിയ ദിവസം,
ചുറ്റും വറ്റി വരണ്ടു കിടന്ന ഭൂമി, ഉണങ്ങി ക്കരിഞ്ഞു ഇലകള്‍ കൊഴിഞ്ഞ മരങ്ങള്‍, നീരുവറ്റി അസ്ഥികള്‍ തെളിഞ്ഞു നിന്ന ജലാശയങ്ങള്‍,ചൂടു സഹിക്ക വയ്യാതെ തരിശ്ശു ഭൂമിയുടെ നിറമായ് മാറിയ മലകള്‍, ഇന്നും ഞാനോര്‍ക്കുന്നു ദയനീയമായ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ആ ചിത്രം..

6മാസത്തോളം നീണ്ടു നില്‍ക്കുന്ന അതിശൈത്യവും അതി ഉഷ്ണവും… വല്ലപ്പോഴും വിരുന്നുകാരെപ്പോലെയെത്തുന്ന ഒന്നോ രണ്ടോ മഴ. അതാണിവിടുത്തെ വേറിട്ട കാലാവസ്ഥകള്‍.അറേബ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥകളോട് സാമ്യം.
പതിയെപ്പതിയെ ഞാനുമീ നാടിനെ ഇഷ്ടപ്പെട്ടു തുടങ്ങി.ഇവിടുത്തെ കാലാവസ്ഥകളോടിണങ്ങി ചേര്‍ന്നു…ഇന്നു ഇവിടം വിട്ടുപോകുകയെന്നുള്ളതു ആലോച്ചിക്കാന്‍ പോലും കഴിയാത്തൊരു കാര്യമായി മാറിക്കഴിഞ്ഞു.ഏറ്റവും സുന്ദരമായ നാട്…..

പലരുടെയും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നൊരു സംശയമാണ് രാജസ്ഥാന്‍ മരുഭൂമിയല്ലേ??? എന്തുകാണാന്‍ ഈ കൊടും ചൂടത്തു.. എന്റെ ചിന്തകളിലും ഇവിടെ വരും മുന്‍പു വരേയ്ക്കും രാജസ്ഥാന്റെ ചിത്രം അതുതന്നെയായിരുന്നു. എന്നാല്‍ തെറ്റി, ഇവിടുത്തെ കാലാവസ്ഥകള്‍ക്കനുസരിച്ചു ഈ മണ്ണിന്റെ സൗന്ദര്യത്തിനും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കും. മരുഭൂമികള്‍ക്കൊപ്പം തന്നെ വന്യ മൃഗങ്ങള്‍ ഉള്‍പ്പെടുന്ന കൊടും കാടുകളും മലനിരകളും ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേകതരം ഭൂപ്രകൃതി.

33 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ സംസ്ഥാനമാണു രാജസ്ഥാന്‍… രജപുത്രന്മാരുടെ നാട്- രജപുത്താന, പത്തൊന്‍പതാം നൂറ്റാണ്ടില്‍, വെള്ളക്കാരാണു രാജസ്ഥാനിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ചേര്‍ത്തു രജപുത്താന എന്നു വിശേഷിപ്പിച്ചത്. രജപുത്രകുടുംബങ്ങളാണു എട്ടാം നൂറ്റാണ്ടിനു ശേഷം രാജസ്ഥാന്‍ ഭരിച്ചിരുന്നത്. രജപുത്ര കുടുംബങ്ങള്‍ സമ്മാനിച്ച തികച്ചും വ്യത്യസ്തമായ പലവിധ സംസ്‌കാരങ്ങളാല്‍ സമ്പന്നമാണു ഇപ്പോഴുമീ നാട്. ഒരുപക്ഷേ ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പല വൈവിധ്യങ്ങളും നമുക്കിവിടെ കാണാന്‍ സാധിക്കും. ഇന്നും ഇവിടുത്തെ പുതു തലമുറകള്‍ ഇതേ സംസ്‌കാരം പിന്തുടരുന്നുവെന്നതു എടുത്തു പറയേണ്ട മറ്റൊരു വലിയ പ്രത്യേകതയും.

ഓരോ മതവിശ്വാസങ്ങളില്‍പ്പെട്ടവര്‍ക്കും അവരവരുടേതായ ആചാരങ്ങള്‍, ഭക്ഷണ രീതികള്‍, വസ്ത്രധാരണം, ജോലികള്‍ എന്നിവ.
രാജകുടുംബങ്ങള്‍ എന്നതിലുപരി മറ്റു ജനവിഭാഗങ്ങളും ഇവിടെ അധിവസിക്കുന്നു. അവരും വ്യത്യസ്തമായ ജീവിത രീതികള്‍ പിന്തുടരുന്നവരാണ്.
ഹിന്ദി, രാജസ്ഥാനി എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍, അതുപോലെ ഇവിടുത്തെ ഗ്രാമങ്ങളില്‍ അവരവരുടേതായ അനേകം നാട്ടുഭാഷകളും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. പ്രത്യേകിച്ചു ഈ നാട്ടു ഭാഷകള്‍ക്കൊരു എഴുത്തു ലിപിയുണ്ടാകുമോ എന്നൊരന്വേഷണം ഇതുവരെ ഞാന്‍ നടത്തിയിട്ടില്ല.ഹിന്ദിയോടു സാമ്യം തോന്നുമെങ്കിലും മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടു തോന്നുന്ന നാട്ടു ഭാഷകള്‍. വാഗഡി, മാര്‍വാഡി, മേവാഡി, എന്നിങ്ങനെ പോകും ആ നിര.

ഇന്നും ഇവിടുത്തെ പല കൊട്ടാരങ്ങളിലും രാജകുടുംബങ്ങള്‍ താമസിച്ചു വരുന്നുവെങ്കിലും ഭൂരിഭാഗം ടൂറിസ്റ്റ് പ്ലേസ്‌കളായി ഗവണ്മെന്റും ഏറ്റെടുത്തു കഴിഞ്ഞു.
ഭാരതത്തില്‍ ജനാധിപത്യ ഭരണം നിലവില്‍ വന്നതില്‍പ്പിന്നെ അധികാരം നഷ്ടമായ രാജാവും പ്രജ. നമ്മളൊക്കെ കേട്ടു വളര്‍ന്ന മുത്തശ്ശിക്ക ഥകളിലെ രാജാവും റാണിയും, റാണിയെ തട്ടിക്കൊണ്ടുപോകാന്‍ വന്ന വില്ലനും പടയാളികളും, ഭര്‍തൃ സ്‌നേഹത്താല്‍ എതിരാളിയ്ക്കു മുന്നില്‍ തോല്‍ക്കാതെ അഗ്‌നിയില്‍ സ്വജീവന്‍ ബലികഴിപ്പിച്ച റാണിയുമൊക്കെയുറങ്ങുന്ന മണ്ണ്. അത്ഭുതപ്പെടുത്തുന്ന പല കഥകളും പല ചരിത്ര സ്മാരകങ്ങളും ഇന്നുമുറങ്ങുന്ന മണ്ണു.കണ്ടാലും കേട്ടാലും മതിവരാത്ത അനേകം കാര്യങ്ങള്‍, കഥകള്‍…. കൊട്ടാരങ്ങളുടെ നാട്, മരുഭൂമിയുടെ നാട്,പുരാണങ്ങളുടെയും ഇതിഹാസങ്ങളും നിറഞ്ഞു നില്‍ക്കുന്ന നാട്.
യാത്രകളോടു പൊതുവെ ഒരിഷ്ടം പണ്ടു മുതലേയുള്ളതു കൊണ്ടു തന്നെ ഇവിടുത്തെ യാത്രകള്‍ എനിക്കേറെ പ്രിയപ്പെട്ടവയാണ്..ഇനിയും കാണാനേറെ കാഴ്ചകള്‍ ബാക്കി.
(തുടരും )

Tags

Related Articles

Post Your Comments


Back to top button
Close
Close