Latest NewsTravel

മുരുടേശ്വരം- പേരിനു പിന്നിലെ കഥ

ഉഡുപ്പി, കൊല്ലൂർ,ഗോകർണ്ണം, മുരുടേശ്വരം (മാംഗളൂർ വഴി ) - അധ്യായം 6

ജ്യോതിര്‍മയി ശങ്കരന്‍

യാത്ര- അതു നിങ്ങളുടെ മൊഴികളെ സ്തബ്ധമാക്കുന്നു, പിന്നീടോ, ഒരു കഥപറച്ചിലുകാരനാക്കി മാറ്റുകയും ചെയ്യുന്നു

(Traveling – it leaves you speechless, then turns you into a storyteller.” – Ibn Battuta)

മൂകാംബികായാത്രകൾ എന്നുമൊരു സ്വപ്നം പോലെയാണെനിയ്ക്ക്. യാത്ര തീരുമാനിച്ച് തുടങ്ങുന്ന സമയമെത്തുംവരെ അവാച്യമായൊരു മധുരം മാത്രം. യാത്ര തുടങ്ങിയാൽ‌പ്പിന്നെ ഒരു ശാന്തതയാണ്. നടയ്ക്കലെത്തിയാൽ‌പ്പിന്നെ ആ സൌഭാഗ്യമോർത്ത് സന്തോഷം, പക്ഷേ അറിയാതെ കണ്ണിൽനിന്നുമൊഴുകുന്ന പ്രവാഹത്തിൽ മനവും തനുവും ഒരുപോലെ കുളിർക്കുന്നു. പിന്നെ ഭക്തരിലൊരു മൺതരിയായി മാറി സായൂജ്യം തേടൽ. പുറത്തു കടന്നാലോ, ഇനി എന്നു ദർശനം കിട്ടുമെന്ന കാത്തിരിപ്പിനൊരു തുടക്കവും. വരുമ്പോഴെല്ലാം ദേവിയെ കൺകുളിരെ കാണാനാകാറുണ്ടെന്ന സത്യവും മനസ്സിനു സന്തോഷം പ്രദാനം ചെയ്യുന്നു.

സൌപർണ്ണികയും ഉള്ളിൽ പേരുകൊണ്ടുതന്നെ കുളിരേകാറുണ്ടെങ്കിലും ഇപ്പോഴത് പേരിനു മാത്രമായി മാറിയെന്നതിൽ സങ്കടം തോന്നുന്നു. അടുത്ത യാത്ര മുരുടേശ്വറിലേയ്ക്കാണെന്ന് ഗൈഡ് പറഞ്ഞു.കൂടെ മുരുടേശ്വറിനെക്കുറിച്ചും ഞങ്ങൾക്കായി പല അറിവുകളും പങ്കുവച്ചു.

ഏറ്റവും ഉയരം കൂടിയ മഹാദേവപ്രതിഷ്ഠകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മുരുടേശ്വറിലെ മൂർത്തിയുടെ ഉയരം 123 അടി(37 മീറ്റർ) ആണ്. ഇത് നിർമ്മിയ്ക്കാൻ രണ്ടുവർഷത്തിലേറെ സമയമെടുത്തു. ഏറ്റവും വലിയ മഹാദേവപ്രതിഷ്ഠ നേപ്പാളിലെ കൈലാസനാഥക്ഷേത്രത്തിലേതാണ്. 143 അടി( 44 മീറ്റർ) ഉയരമുണ്ടതിന്. മുരുടേശ്വർ സ്ഥിതി ചെയ്യുന്നത് ഉത്തര കന്നഡയിലെ ഭട്ക്കൽ താലൂക്കിൽ അറബിക്കടലിനു തൊട്ടായാണ്. മുരുടേശ്വരൻ എന്നാൽ സാക്ഷാൽ ശിവൻ തന്നെ. ഈ പേരു വന്നതിന്റെ പുറകിൽ ഒരു കഥയും കേൾക്കാനിടയായി.. മുൻപു കേട്ടിട്ടില്ലാത്ത ഈ കഥ രാവണൻ മണ്ഡോദരിയെ സ്വന്തമാക്കിയത് എങ്ങിനെയാണെന്ന് നമുക്കു പറഞ്ഞു തരുന്നു.

ആത്മലിംഗാരാധാന നിമിത്തം അമരരും അജയ്യരുമായ ദേവന്മാർക്കു തുല്യത നേടാനായി രാവണൻ മഹാദേവനെ പ്രസാദിപ്പിച്ച് ആത്മലിംഗം വരമായി ചോദിയ്ക്കാൻ ഒരുമ്പെടുമ്പോൾ നാരദമഹർഷി വിഷ്ണുവിനെ വിവരം ധരിപ്പിയ്ക്കുകയും പതിവുപോലെ ദേവകളുടെ കൂട്ടമായ പ്രയത്നത്താൽ തെറ്റായ വരം രാവണൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ആത്മലിംഗത്തിനുപകരം ഭഗവാന്റെ ആത്മ സർവ്വസ്വമായ പാർവ്വതിയെ രാവണൻ വരമായി ചോദിയ്ക്കുകയും ലഭിയ്ക്കുകയും ചെയ്യുന്നു. പാർവ്വതിയുമൊത്ത് ലങ്കയിലേയ്ക്കു പോകുന്ന വഴിയിൽ നാരദൻ ദേവിയുടെ കാളീരൂപം കാട്ടിക്കൊടുത്ത് ഇതല്ല യഥാർത്ഥത്തിലെ പാർവ്വതി പാതാളത്തിലാണെന്ന് ധരിപ്പിയ്ക്കുകയും ചെയ്യുന്നു. പാർവ്വതിയെ സ്വതന്ത്രയാക്കി പാതാളത്തിലെത്തുന്ന രാവണൻ മണ്ഡോദരിയെക്കാണുകയും അവളെ വിവാഹം ചെയ്ത് ലങ്കയിലെത്തുകയും ചെയ്യുന്നു.ആത്മലിംഗത്തെക്കുറിച്ച് അമ്മ ചോദിച്ചപ്പോൾ മാത്രമാണ് താൻ പറ്റിയ്ക്കപ്പെട്ട വിവരം രാവണൻ മനസ്സിലാക്കുന്നത്. വീണ്ടും കൂടുതൽ ഭക്തിയോടും വാശിയോടൂം കൂടി ഭഗവാനെ ഉപാസിയ്ക്കുകയും ഭഗവാനിൽ നിന്നും ശരിയായ ആത്മലിംഗം വരമായി ലഭിയ്ക്കുകയും ചെയ്യുന്നു. പക്ഷെ അതു നൽകുന്ന സമയത്ത് ഭഗവാൻ ഒരു നിബന്ധന വയ്ക്കുന്നുണ്ട്. എന്തെന്നാൽ ലങ്കയിലേയ്ക്കുള്ള വഴിയിലുടനീളം എവിടെയും ആ ലിംഗം താഴെ വയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ ലിംഗം പിന്നെ അവിടെ ഉറച്ചു പോകുമെന്നും അവിടെ നിന്നും ഇളക്കി മാറ്റാനാകില്ലെന്നും ഭഗവാൻ രാവണനെ ഓർമ്മിപ്പിയ്ക്കുന്നു. അമരത്വം ലഭിയ്ക്കാനിടവന്നാൽ രാവണൻ ചെയ്തേയ്ക്കാവുന്ന ഭീകരതയെക്കുറിച്ച് ഊഹിയ്ക്കാവുന്നതിനാൽ ഭഗവാൻ തന്നെ കണ്ടെത്തിയ ഒരു തന്ത്രം മാത്രമായിരുന്നു അത്. ഭഗവാൻ വിഷ്ണു സഹായത്തിന്നായി ഇത്തവണ ഗണപതിയെ സമീപിയ്ക്കുകയും സന്ധ്യാസമയപ്രതീതി ഉണ്ടാക്കുകയും ചെയ്തപ്പോൾ രാവണൻ സന്ധ്യാവന്ദനത്തിന്നായി ലിംഗം താഴെ വയ്ക്കാൻ കഴിയാതെ കുഴങ്ങുന്നു. ആ സമയം ഒരു ബാലന്റെ വേഷത്തിൽ അവിടെയെത്തിയ ഗണപതിയുടെ കയ്യിൽ ലിംഗം കൊടുത്ത് താൻ സന്ധ്യാവന്ദനം കഴിഞ്ഞെത്തുന്നതുവരെയും താഴെ വയ്ക്കരുതെന്ന് രാവണൻ പറയുന്നു. സന്ധ്യ കഴിഞ്ഞ് താൻ മൂന്നു പ്രാവശ്യം വിളിച്ചു കഴിഞ്ഞിട്ടും വന്നില്ലെങ്കിൽ ലിംഗം താഴെ വയ്ക്കുമെന്ന് ബാലൻ രാവണനോടു പറയുന്നു. സന്ധ്യാവന്ദനം കഴിഞ്ഞെത്തിയ രാവണൻ താഴെ വയ്ക്കപ്പെട്ട ലിംഗം കാണുന്നു. സന്ധ്യ ഇനിയും ആയിട്ടില്ലെന്നും താൻ ചതിയ്ക്കപ്പെട്ടെന്നും മനസ്സിലാക്കുന്നു. കോപാകുലനായി രാവണൻ നിലത്തുവയ്ക്കപ്പെട്ട ലിംഗം പറിച്ചെടുക്കാൻ ശ്രമിയ്ക്കുന്നുവെങ്കിലും കഴിയാത്തതിനാൽ നശിപ്പിയ്ക്കാനൊരുമ്പെടുന്നു. ശക്തിയോടെ പിഴുതെടുക്കുന്ന ശരീരഭാഗങ്ങളിൽ തലഭാഗം സൂറത്കൽ എന്ന സ്ഥലത്തു വീഴുന്നു. ഇവിടെയാണു പിന്നീട് സൂറത്കല്ലിലെ സദാശിവക്ഷേത്രം ഉണ്ടാക്കപ്പെട്ടത്.ലിംഗം കൊണ്ടുപോയ പാത്രം വലിച്ചെറിഞ്ഞപ്പോൾ വീണ സ്ഥലം സജ്ജൻപൂർ ആണെന്നും പാത്രത്തിന്റെ വലിച്ചെറിയപ്പെട്ട മൂടി വീണ സ്ഥലം ഗുണേശ്വർ ആണെനും കരുതപ്പെടുന്നു. ആത്മ ലിംഗം പൊതിയപ്പെട്ട തുണി വലിച്ചെറിയവേ വന്നു വീണ സ്ഥലം മൃതേശ്വർ എന്നും പിന്നീട് മുരുടേശ്വർ എന്നും വിളിയ്ക്കപ്പെട്ടു. ഇത് സ്ഥിതിചെയ്യുന്നത് കണ്ടുകഗിരിയുടെ മുകളിലാണ്. ഈ പുരാണകഥ അവിടെ പുതിയതായി നിർമ്മിയ്ക്കപ്പെട്ട മുരുടേശ്വരന്റെ അതികായവിഗ്രഹത്തിനു കീഴെയുള്ള ഗുഹയിൽ അതിമനോഹരമായി കൊത്തിവയ്ക്കപ്പെട്ടിരിയ്ക്കുന്നു.

അതെ … എന്നെ അത്ഭുതാതിരേകങ്ങളാൽ സ്തബ്ധയാക്കിയ മുരുടേശ്വർ യാത്രയിൽ കേൾക്കാനിടയായ ഈ കഥ എന്നെയൊരു കഥപറച്ചിക്കാരിയാക്കി മാറ്റിയോ? ഇവ നിങ്ങളുമായി പങ്കു വയ്ക്കാതിരിയ്ക്കുന്നതെങ്ങിനെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button