NewsIndia

‘ആപ്പി’നു ദേശീയ പാർട്ടിയാകാനുള്ള മോഹം അർഹതയില്ലാതെ അംഗീകാരം ലഭിച്ചിരിക്കുന്ന 5 പാർട്ടികൾക്ക് പ്രശ്നമാകും

കണ്ണൂര്‍: ‘ആപ്പി’നു ദേശീയ പാർട്ടിയാകാനുള്ള മോഹം അർഹതയില്ലാതെ അംഗീകാരം ലഭിച്ചിരിക്കുന്ന 5 പാർട്ടികൾക്ക് പ്രശ്നമാകും. കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രമാണ് അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ദേശീയപാര്‍ട്ടി മാനദണ്ഡം പാലിക്കുന്നത്. നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ചുപാര്‍ട്ടികള്‍ക്ക് ദേശീയപാര്‍ട്ടി അംഗീകാരം നിലനിര്‍ത്താന്‍ മാനദണ്ഡത്തില്‍ ഇളവ് നല്‍കിയിരുന്നു. ഒരിടത്തുമാത്രം സംസ്ഥാനപാര്‍ട്ടിയായ സി.പി.ഐ.യും തൃണമൂല്‍കോണ്‍ഗ്രസും ഇതില്‍ ഉള്‍പ്പെടും. മൂന്നിടത്ത് സംസ്ഥാനപാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി അംഗീകാരത്തിന് ഇതേ ഇളവ് ആവശ്യപ്പെട്ടാല്‍ അഞ്ചുപാര്‍ട്ടികളുടെ അംഗീകാരം തര്‍ക്കത്തിലാകും.

കോണ്‍ഗ്രസ്, ബി.ജെ.പി., സി.പി.എം., സി.പി.ഐ., തൃണമൂല്‍കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി, എന്‍.സി.പി. എന്നിവയാണ് ദേശീയപാര്‍ട്ടികളായുള്ളത്. ദേശീയപാര്‍ട്ടി അംഗീകാരത്തിനുള്ള ഒരു മാനദണ്ഡം ലോക്‌സഭയില്‍ രണ്ടുശതമാനം എം.പി.മാരുണ്ടാകുകയാണ്. ഇത് മൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി വേണം. അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടിയാകണം. ഇപ്പോള്‍ ഇത് രണ്ടും പാലിക്കുന്നത് ബി.ജെ.പി.യും കോണ്‍ഗ്രസും മാത്രം. മറ്റ് അഞ്ചുപാര്‍ട്ടികളും സംസ്ഥാനപാര്‍ട്ടികളുടെ ഗണത്തിലായി ഒതുങ്ങും. സംസ്ഥാനത്ത് പോള്‍ ചെയ്തതിന്റെ ആറുശതമാനം വോട്ട്, 25 എം.പി.മാര്‍ക്ക് ഒരു എം.പി., 30 എം.എല്‍.എ.മാര്‍ക്ക് ഒരു എം.എല്‍.എ. എന്നതാണ് സംസ്ഥാനപാര്‍ട്ടിയാകാനുള്ള യോഗ്യത.

സി.പി.ഐ., ബി.എസ്.പി., എന്‍.സി.പി. എന്നീപാര്‍ട്ടികള്‍ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിനുശേഷം ദേശീയപാര്‍ട്ടി മാനദണ്ഡത്തില്‍നിന്ന് പുറത്തായി. തമിഴ്‌നാട് തിരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മും മേഘാലയ തിരഞ്ഞെടുപ്പിനുശേഷം തൃണമൂലും പുറത്തായി. ഇവരുടെ അപേക്ഷ പരിഗണിച്ചാണ് അഞ്ചുപാര്‍ട്ടികള്‍ക്കും പത്തുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയപാര്‍ട്ടിയെന്ന പദവി നീട്ടിക്കൊടുത്തത്.

ഗോവ, മണിപ്പുര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം വന്നതോടെ മൂന്ന് സംസ്ഥാനത്ത് അംഗീകാരമുള്ള പാര്‍ട്ടിയായി ആം ആദ്മി മാറി. ഡല്‍ഹിക്കുപുറമേ ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലും എ.എ.പി. സംസ്ഥാനപാര്‍ട്ടിയാകും. സി.പി.ഐ. കേരളത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലും ബി.എസ്.പി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമാണ് സംസ്ഥാനപാര്‍ട്ടി.

ഒരുസംസ്ഥാനത്തുമാത്രം അംഗീകാരമുള്ള സി.പി.ഐ.യെയും തൃണമൂലിനെയും ദേശീയപാര്‍ട്ടിയായി കമ്മീഷന്‍ അംഗീകരിക്കുമ്പോള്‍ മൂന്നിടത്ത് സംസ്ഥാനപാര്‍ട്ടിയായ എ.എ.പി. പുറത്താണ്. കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ സി.പി.എമ്മിനും മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എന്‍.സി.പി.ക്കും സംസ്ഥാനപാര്‍ട്ടി അംഗീകാരമുണ്ട്. ഇവര്‍ക്കുള്ള അതേ ഇളവില്‍ ദേശീയപാര്‍ട്ടി അംഗീകാരം വേണമെന്ന് എ.എ.പി. വാദിച്ചാല്‍ അത് തര്‍ക്കത്തിന് വഴിവെയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button