Latest NewsKeralaNews

മഹിജയുടെ കാര്യത്തില്‍ മലക്കംമറിഞ്ഞ് പിണറായി വിജയന്‍

മലപ്പുറം: സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പ്രശ്‌നങ്ങള്‍ക്കു കാരണം ചില ബാഹ്യശക്തികളുടെ ഇടപെടലാണെന്നും ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഇതേവരെ കൈക്കൊണ്ടിട്ടുള്ളതെന്നും പിണറായി പറഞ്ഞു. ഇനിയൊരു ജിഷ്ണു ഉണ്ടാകാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച ജിഷ്ണുവിന്റെ കുടുംബത്തിലെ ആറുപേര്‍ക്കു ഡിജിപി സന്ദര്‍ശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പമെത്തിയ മറ്റു ചിലരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ജിഷ്ണുവിന്റെ അമ്മക്കെതിരേ കൈയേറ്റമുണ്ടായിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.

ജിഷ്ണു കേസിലെ പ്രതിയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസിനു നേര്‍ക്ക് കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. മറ്റു പ്രതികളെ കണ്ടെത്താനും ഇവരുടെ സ്വത്തുക്കള്‍ കണ്ടെത്താനും ശ്രമങ്ങള്‍ തുടരുകയാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള കാര്യങ്ങളാണ് ഇതെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ആ കുടുംബത്തോടു കരുതല്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു മകന്‍ ഇല്ലാതായാല്‍ അമ്മയനുഭവിക്കുന്ന വേദന മനസിലാക്കാന്‍ കഴിയും. ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ ആശ്വാസ നടപടി എന്ന രീതിയില്‍ കുടുംബത്തിനു ധനസഹായം നല്‍കി. കേസ് അന്വേഷിക്കാന്‍ ആദ്യഘട്ടത്തില്‍ നിയോഗിച്ച പോലീസ് സംഘത്തെ കുറിച്ച് ജിഷ്ണുവിന്റെ കുടുംബം ഒരുഘട്ടത്തിലും പരാതി പറഞ്ഞിട്ടില്ല. മാത്രമല്ല, കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രത്യേക പ്രോസിക്യൂട്ടറെയും നിയോഗിച്ചു. ഇതൊക്കെ ആ കുടുംബത്തിനു നീതി ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button