Prathikarana VedhiSpecials

ബംഗാളില്‍ സി.പി.എമ്മിന്റെയും ഡല്‍ഹിയില്‍ ആപ്പിന്റെയും ദയനീയ പരാജയം നല്‍കുന്ന സൂചനകള്‍:ഇന്ത്യയിലങ്ങോളമിങ്ങോളം അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരർഥത്തിൽ ജനങളുടെ ‘മൂഡ്’ എന്താണ് എന്ന് കാണിക്കുന്നതാവണം. തെക്ക് കേരളവും കർണാടകവും മുതൽ വടക്ക് ഹിമാചൽ പ്രദേശും ജമ്മു കാശ്മീരും വരെയും വടക്കു- പടിഞ്ഞാറ് രാജസ്ഥാൻ മുതൽ കിഴക്ക് ആസാമും ജാർഖണ്ഡും പശ്ചിമ ബംഗാളും വരെയും, മധ്യപ്രദേശിലും തലസ്ഥാന നഗരിയായ ദൽഹിയിലും ഉപ തിരഞ്ഞെടുപ്പുകൾ നടന്നു. അതൊക്കെ ഒന്നിച്ചുവെച്ചു വിലയിരുത്തിയാൽ ഇന്ത്യയുടെ രാഷ്ട്രീയം എവിടെ, എങ്ങോട്ട് എന്നൊക്കെ ഒരു ധാരണ ഉണ്ടാവാം. അങ്ങിനെ ഒരു വിലയിരുത്തൽ അല്ലെങ്കിൽ വിശകലനം നടത്തുന്നതിൽ തെറ്റില്ല എന്നാണ് തോന്നുന്നത്. ഇതൊക്കെ പറയുമ്പോൾ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ ഗൗരവത്തോടെ കാണേണ്ടതുണ്ട് എന്നത് ആദ്യമേ പറയട്ടെ. ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടും പല മേഖലകളിലും എഴുപത്‌ ശതമാനം ബൂത്തുകളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കടന്നുചെല്ലാൻ പോലുമായില്ല എന്ന് പറഞ്ഞാൽ അവിടത്തെ കാര്യങ്ങൾ നിസാരമല്ലല്ലോ. അതിലേക്ക്‌ വിശദമായി തന്നെ കടന്നുചെല്ലേണ്ടതുണ്ട് എന്ന് തോന്നുന്നു. അതിലെല്ലാമുപരി, ഇത്തവണ വോട്ടിങ് യന്ത്രം കബളിപ്പിച്ചു എന്നും മറ്റുമുള്ള നാണം കേട്ട ആക്ഷേപങ്ങൾ ബിജെപി വിരുദ്ധ കക്ഷികളിൽ നിന്നും കേട്ടില്ല. ഏതാനും സീറ്റുകൾ ജയിച്ചതിനാലാവണം അത്. എന്നാൽ യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ഇക്കൂട്ടർ നടത്തിയ കുപ്രചരണം മറക്കാനാവില്ലതന്നെ.

പത്ത്‌ നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തുവന്നത്. അതിൽ അഞ്ചെണ്ണം ബിജെപിക്കാണ് ; മൂന്നിടത്ത് കോൺഗ്രസും ഓരോയിടത്തുവീതം തൃണമൂൽ കോൺഗ്രസും ജെഎംഎമ്മും വിജയിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളൂ. മലപ്പുറത്തെ വോട്ടെണ്ണൽ തിങ്കളാഴ്ചയാണ്, 17 ന് . നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ദൽഹിയിലെയും പശ്ചിമ ബംഗാളിലെയും കർണാടകത്തിലെയും ഫലങ്ങളാണ് എന്നാണ് തോന്നുന്നത്. ദൽഹിയിലെ രജൗരി ഗാർഡനിൽ ആം ആദ്‌മി പാർട്ടിക്കുണ്ടായ കനത്ത പരാജയമാണ് ഏറ്റവും പ്രധാനം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ അവതാരമായി മാറിയ അരവിന്ദ് കെജ്‌രിവാളിന്റെ പതനത്തിന്റെ കഥയാണ് ആ തിരഞ്ഞെടുപ്പ് ഫലം എന്ന് കരുതാതിരിക്കാൻ കഴിയില്ലല്ലോ. ഗോവയിലും പഞ്ചാബിലും മത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ കക്ഷി ഇന്നിപ്പോൾ രാജ്യ തലസ്ഥാനത്തും ജനങ്ങളിൽ നിന്ന് അകലുന്നു അല്ലെങ്കിൽ അകന്നുകഴിഞ്ഞു എന്നതാണ് അത് കാണിക്കുന്നത്. 14,652 വോട്ടിന്റെ ഭൂരിപക്ഷത്തിന് അവിടെ ബിജെപി ജയിച്ചു എന്നതല്ല പ്രധാനം ; എ എ പിക്ക് കെട്ടിവെച്ച തുക നഷ്ടമായി എന്നതാണ്. ബിജെപി അവിടെ നേടിയ വിജയം ഈമാസം 23 ന് നടക്കാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ സൂചനയായും കണക്കാക്കപ്പെടുന്നു. മറ്റൊന്നുകൂടി അവിടെ കണ്ടു; കോൺഗ്രസ് തിരിച്ചുവരുന്നതിനു ശ്രമിക്കുന്നതിന്റെ സൂചനകളാണത്. രണ്ടാം സ്ഥാനത്തുവന്നത് കോൺഗ്രസാണ് എന്നത് പ്രധാനമാണ്.

കെജ്‌രിവാൾ ഭരണം ഒരു വലിയ അബദ്ധമായിപ്പോയി എന്ന് ദൽഹി ജനത കരുതുന്നു എന്നതാണ് അടുത്തിടെ നടത്തിയ സർവേകൾ കാണിച്ചത്. എല്ലാത്തിനോടും ഒരു നിഷേധാത്മക സമീപനം; എല്ലാത്തിനെയും എതിർക്കുക, . നടക്കാത്ത വാഗ്ദാനങ്ങൾ നൽകുകയും അത് നടപ്പിലാക്കാൻ കഴിയാതെ വരുമ്പോൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുക. ഇതൊക്കെ ദൽഹിയിലെ ജനങ്ങൾ തിരിച്ചറിയുന്നു എന്നതാണ് രജൗരി ഗാർഡൻ നമ്മെ കാണിക്കുന്നത്. അഴിമതിയും ദുർഭരണവും സാർവത്രികമായി എന്നതാണ് അവർക്കെതിരെ ബിജെപി ഉന്നയിക്കുന്ന ഒരു ആക്ഷേപം; കോൺഗ്രസും അതേറ്റുപിടിക്കുന്നുണ്ട്. ഒരു ഉദാഹരണം മതി, അണ്ണാ ഹസാരെയുടെ പ്രിയ ശിഷ്യന്റെ ദുര്ഭരണത്തിന്റെ തോത് മനസ്സിലാവാൻ. കഴിഞ്ഞ ഫെബ്രുവരി 11, 12 തീയതികളിൽ കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ നടന്ന ഉച്ചഭക്ഷണത്തിനു ചെലവിട്ടത് പതിനൊന്ന് ലക്ഷം രൂപയത്രേ. ഒരു ദിവസം അൻപതും അടുത്ത ദിവസം മുപ്പതും പേരുമാണ് പങ്കെടുത്തത്. അതായതു് , ബിജെപിയുടെ കണക്കനുസരിച് ഒരാളുടെ ഊണിന് ചിലവ് 13, 000 രൂപ. അത് പോകുന്നത് സർക്കാർ ഖജനാവിൽ നിന്നും. ഒരു ഉദാഹരണം മാത്രമാണിത് ; അതുപോലെ എന്തെല്ലാമോ ഉണ്ടാവാമല്ലോ. ഇതാണ് ‘സാധാരണക്കാരുടെ സർക്കാർ’ കാണിച്ചുകൂട്ടുന്നത്. ഇങ്ങനെ ഭരിക്കുന്നവർ തോറ്റില്ലെങ്കിലല്ലേ അതിശയമുള്ളൂ.

മറ്റൊന്ന് ശ്രദ്ധിക്കേണ്ടത് പശ്ചിമ ബംഗാളിലെ കാന്തി ദക്ഷിൺ മണ്ഡലത്തിലെ വോട്ടിന്റെ കണക്കാണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ തൃണമൂൽ കോൺഗ്രസ് ആണ് അവിടെ വിജയിച്ചത് ; മുൻ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ 42, 000 വോട്ടിന്റെ ഭൂരിപക്ഷം നേടി. എന്നാൽ അതിലെ രാഷ്ട്രീയ പ്രാധാന്യം അതല്ല. ബിജെപി അവിടെ 52, 843 വോട്ടു് കരസ്ഥമാക്കിക്കൊണ്ട് രണ്ടാം സ്ഥാനത്തെത്തി എന്നതാണത്. അവിടെ അതിലേറെ പ്രാധാന്യമുള്ള മറ്റൊരു കാര്യം കൂടിയുണ്ട്……….. സിപിഎമ്മിന് അവിടെ കിട്ടിയത് വെറും 17, 243 വോട്ടാണ് എന്നതാണത്. അവർക്ക്‌ മൂന്നാം സ്ഥാനം ലഭിച്ചപ്പോൾ നാലാമതെത്തിയ കോൺഗ്രസിന് കിട്ടിയത് വെറും 2,270 വോട്ടും. സിപിഎമ്മിനും കോൺഗ്രസിനും കെട്ടിവെച്ച തുക നഷ്ടമായി.

ഇവിടെയും ചില വിശകലനങ്ങൾ ആവശ്യമാണ്. ബംഗാളിൽ സിപിഎം തകർന്നു എന്നതിൽ ആ കക്ഷിയുടെ നേതാക്കൾക്കുതന്നെ അഭിപ്രായഭിന്നതയുണ്ടാവില്ല. അതവർ ഏറ്റുപറഞ്ഞിട്ടുമുണ്ട്. അങ്ങനെയാണല്ലോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തയ്യാറായത്. എന്നിട്ടും ഒന്നും കാര്യമായി നേടാനായില്ല. എന്നാൽ എനിക്ക് തോന്നുന്നു, അന്ന് ആ സഖ്യത്തിന് കോൺഗ്രസും സിപിഎമ്മും തയ്യാറായില്ലായിരുന്നുവെങ്കിൽ ഒരൊറ്റ സീറ്റും ലഭിക്കുമായിരുന്നില്ല. അതല്ലേ ഇന്നത്തെ ചിത്രം കാണിക്കുന്നത്. ബംഗാളിൽ സിപിഎമ്മിനെ ശക്തിപ്പെടുത്താനായി സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റശേഷം കുറെ നീക്കങ്ങൾ നടത്തിയിരുന്നു. അവിടെവെച്ചു നടന്ന ദേശീയ പ്ലീനം അതിനൊരു ഉദാഹരണം. ഏതാണ്ട് ഒന്നര വര്ഷം മുൻപായിരുന്നു ആ പരിപാടി. സഖാവ് യെച്ചൂരിയും മറ്റും അതിനുശേഷം എത്രയോ നാൾ ആ നാട്ടിൽ ചിലവഴിച്ചു. എത്രയോ പരിപാടികൾ നടത്തി എന്നതാണ് റിപ്പോർട്ടുകളിൽ കാണുന്നത്. എന്നാൽ അതിനോക്കെ ശേഷവും സിപിഎമ്മിന്റെ യാത്ര അവിടെ കുത്തനെ കീഴോട്ടാണ് എന്നതല്ലേ ‘കാന്തി ദക്ഷിൺ’ പഠിപ്പിക്കുന്നത്. ബംഗാളിൽ കെട്ടിവെച്ചപണം നഷ്ടപ്പെടുക എന്നത് സിപിഎമ്മിന് ചിന്തിക്കാനാവുന്ന കാര്യമാണോ ആവൊ ?. ആ രാഷ്ട്രീയ സ്പേസിൽ കടന്നുകൂടുന്നത്‌ ബിജെപിയാണ്. സിപിഎം നേടിയതിലും മൂന്നിരട്ടി വോട്ടാണ് അവിടെ ഇത്തവണ ബിജെപി കരസ്ഥമാക്കിയത് എന്നതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ദയനീയമായി തകരുന്നത് കണ്ട്‌ മിണ്ടാതിരിക്കുന്ന സിപിഎം നേതൃത്വത്തിന് നല്ല നമസ്കാരം. അല്ലാതെന്ത് പറയാനാണ്.

സിപിഎം അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല എന്നത് കേരളത്തിലുള്ളവരെ പ്രത്യേകിച്ച് ഓർമ്മിപ്പിയ്ക്കേണ്ടതില്ല. ഇപ്പോൾ നടക്കുന്ന സിപിഎം – സിപിഐ പോരും പോലീസ് നടപടികൾ സംബന്ധിച്ച പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി, വിഎസ് അച്യുതാനന്ദൻ തുടങ്ങിയവരുടെ പരസ്യ നിലപാടുകളും മറ്റും അടുത്തിടെ ഉണ്ടായ കാര്യങ്ങളാണല്ലോ. എന്നിട്ടും ഇന്ന് ‘ദേശാഭിമാനി’യിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനം അതിനു മറ്റൊരു ഉദാഹരണം. ജിഷ്ണു വധവും തിരുവനന്തപുരത്തെ സമരവുമൊക്കെ എങ്ങിനെയാണ് വിശദീകരിക്കുന്നത് എന്നത് നോക്കൂ. കാര്യങ്ങൾ വേണ്ടവിധം മനസിലാക്കില്ല എന്നതാണ് അവരുടെ പ്രശ്നം. കാര്യങ്ങൾ അതിനപ്പുറമാവും ദേശീയ തലത്തിലും ബംഗാളിലുമൊക്കെ അരങ്ങേറുന്നത്. ഇവിടെയാണ് ഇഎംഎസിന്റെ ദിശാബോധം മനസ്സിൽ വരുന്നത്. പാർട്ടിക്ക് ദിശ പകരാൻ മാത്രമല്ല വേണ്ടുന്നവേളയിൽ ജനശ്രദ്ധ തിരിച്ചുവിടാനും മറ്റും അദ്ദേഹം കാണിച്ചിരുന്ന സൂക്ഷ്മത ഇന്നില്ലാതെ വരുന്നു. ഞാൻ ഓർക്കുന്ന ഒരു സംഭവമുണ്ട്. ചെറിയ വിഷയം. 1984- ലെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയം. ബിജെപിക്ക് ലോക്‌സഭയിൽ വെറും രണ്ട്‌ എംപിമാരുള്ള കാലം. അന്ന് ശക്തികേന്ദ്രമെന്നു കരുതപ്പെട്ട ഗ്വാളിയോറിൽ എ ബി വാജ്‌പേയി പോലും പരാജയപ്പെട്ടു എന്നതോർക്കുക. അതൊക്കെ കഴിഞ് ബിജെപി സംസ്ഥാനകമ്മിറ്റിയുടെ യോഗം കുമിളിയിൽ നടക്കുന്നു. ഇന്നത്തെ പോലെ സംസ്ഥാന കമ്മിറ്റി എന്ന് പറഞ്ഞാൽ ടൌൺ ഹാളിലും മറ്റും യോഗം ചേരേണ്ട കാലമല്ല അത്. ഏതാണ്ട് അൻപത്‌ – അറുപത് പേർ മാത്രം. ഞാനും അന്നതിൽപെടും. മൂന്ന്‌ ദിവസമാണ് അന്നൊക്കെ സംസ്ഥാന കമ്മിറ്റി യോഗം . കേരളത്തിൽ ബിജെപിക്ക് അന്ന് ആശ്വാസം എന്ന് പറയാവുന്നത് പി കേരളവർമ രാജ തിരുവനന്തപുരത്ത് നേടിയ ഒരു ലക്ഷത്തോളം വോട്ടാണ്. ബിജെപി കേരളത്തിൽ വലിയപ്രസക്തിയുള്ള കക്ഷിയാണ് എന്ന് അന്നാരും പറയില്ല. പക്ഷെ കുമിളി യോഗത്തിന്റെ അന്ന് ഇ എംഎസ് ഒരു പുതിയ സിദ്ധാന്തവുമായി എത്തി. ബിജെപി യോഗമുണ്ട് എന്നറിഞ്ഞിട്ട് എഴുതിയതൊന്നുമാവണമെന്നില്ല . രാഷ്ട്രീയകക്ഷികൾ പ്രാദേശിക ഭാഷയിൽ അറിയപ്പെടണം എന്നതാണ് അദ്ദേഹത്തിൻറെ സിദ്ധാന്തത്തിന്റെ ചുരുക്കം. സിപിഎം എന്ന് പറയാതെ ‘ കാ പാ മാ’ എന്നൊക്കെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ബിജെപിയുടെ പേര് ‘ ഭാജപാ’ എന്നാക്കണം എന്നുമെഴുതി. ഒരുതരം ദേശീയ വാദം. എന്താണ് അതുകൊണ്ട്‌ ലക്ഷ്യമിട്ടത്‌ എന്നതല്ല, അതൊരു ചർച്ചയാക്കാൻ അന്ന് അദ്ദേഹത്തിനായി. സിപിഎമ്മും 1984 -ൽ ദയനീയ അവസ്ഥയിലായിരുന്നു എന്നതോർക്കുക. കേരളത്തിൽ നിന്ന് സുരേഷ് കുറുപ്പ് മാത്രമാണ് സിപിഎമ്മിൽ നിന്നും അന്ന് ജയിച്ചത് ; പിന്നെ, മാവേലിക്കരയിൽ നിന്ന് തമ്പാൻ തോമസും. രാവിലെ ‘ദേശാഭിമാനി’യിലെ ഇഎംഎസിന്റെ ലേഖനം വായിച്ചിട്ട് അതായി അന്ന് രാവിലെ ബിജെപി സംസ്ഥാനകമ്മിറ്റിയിലെ ഒരു ചർച്ച. നമ്പൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്തും വിമർശിച്ചുമൊക്കെ പലരും സംസാരിച്ചത് ഓർമ്മിക്കുന്നു. ചില കാര്യങ്ങളിൽ അങ്ങിനെ ബിജെപിക്കുപോലും ഒഴിച്ചുനിർത്താൻ കഴിയാത്തവണ്ണം സിപിഎമ്മിനെ എത്തിക്കാൻ അന്ന് അദ്ദേഹത്തിനായിരുന്നു. ഇതുപോലെ, അതിനേക്കാൾ എത്രയോ വലിയ പ്രാധാന്യമുള്ള ലേഖനങ്ങൾ. എന്നാൽ ഇന്നോ …………….?.

കർണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും വിലയിരുത്തപ്പെടേണ്ടതുതന്നെ. രണ്ട്‌ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അത് രണ്ടും മൈസൂർ മേഖലയിൽ, അതായത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നാട്ടിൽ. അവിടെ രണ്ടിടത്തും കോൺഗ്രസ് വിജയിച്ചു. ശരിയാണ്, രണ്ടിടത്തും ബിജെപിക്ക് വോട്ട് ഗണ്യമായി വർധിച്ചിട്ടുണ്ട്.മറ്റൊന്ന്, ദേവഗൗഡയുടെ ജനതാദൾ -എസ് രണ്ടിടത്തും മത്സരിച്ചതുമില്ല. നേരിട്ടുള്ള മത്സരമായിരുന്നു എന്നർഥം. പക്ഷെ, അത് ബിജെപിക്ക് കുറെ പാഠങ്ങൾ നൽകുന്നുണ്ട് എന്ന് കരുത്താനാണ് എനിക്കിഷ്ടം. ഒരു മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നത് ഒരു കോൺഗ്രസ് എംഎൽഎ രാജിവെച്ചു ബിജെപിയിൽ ചേർന്നത് കൊണ്ടാണ്. അതേയാൾ തന്നെയാണ് അവിടെ ബിജെപി ടിക്കറ്റിൽ മത്സരിച്ചത്. എന്നിട്ടും തോറ്റു. ഈ ഉപ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് എസ്എം കൃഷ്‌ണ ബിജെപിയിൽ ചേർന്നത്. അതൊക്കെ ഒരു പ്രയോജനവും ഉണ്ടാക്കിയില്ല എന്നാണോ കരുതേണ്ടത്?. മറ്റേ സീറ്റും കോൺഗ്രസിന്റെ തന്നെയാണ്. കർണാടകത്തിൽ ബിജെപി വലിയ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ട് ; അധികാരത്തിലെത്താൻ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. ബിഎസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതൊക്കെ കഴിഞ്ഞിട്ടും രണ്ടിൽ ഒന്നെങ്കിലും ജയിക്കാൻ കഴിയാതെ പോയത് രാഷ്ട്രീയമായി ക്ഷീണം തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു ഡ്രെസ് റിഹേഴ്സൽ ആണ് ഈ രണ്ടു ഉപതെരഞ്ഞെടുപ്പുകൾ എന്ന് കരുതിയവരുണ്ട് എന്നത് മറന്നുകൂടല്ലോ. അവിടെ നേതാക്കൾക്കിടയിലെ ചില്ലറ ഭിന്നതകൾ ഇടക്കൊക്കെ മറനീക്കി പുറത്തുവരുന്നതും ബിജെപി കേന്ദ്ര നേതൃത്വം ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് തോന്നുന്നത്.

ഹിമാചൽ പ്രദേശിലെ ഏക സീറ്റിലെ വിജയവും ബിജെപിക്ക് പ്രധാനമാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റ് , ഭോരഞ് , നിലനിർത്തുകയായിരുന്നു എന്നത് ശരി. പക്ഷെ അവിടെ ബിജെപിയെ തളർത്താനായി, തകർക്കാനായി എന്തുംചെയ്യാൻ കോൺഗ്രസ് ശ്രമിച്ചതാണ്. എന്നിട്ടും മികച്ച വിജയം ബിജെപി കരസ്ഥമാക്കി. രാജസ്ഥാൻ, ആസാം എന്നിവിടങ്ങളിൽ അനായാസ വിജയമാണ് ബിജെപിക്കുണ്ടായത്. മധ്യപ്രദേശിൽ ഉപ തിരഞ്ഞെടുപ്പ് നടന്ന രണ്ടെണ്ണത്തിൽ ഒരു സീറ്റിൽ കോൺഗ്രസ് ജയിച്ചത് വലിയ കാര്യമാണ്. അടുത്തകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നിലും കോൺഗ്രസ് ജയിച്ചിരുന്നില്ല എന്നതാണ് അതിന്റെ കാരണം. അവർ ജയിച്ചത് സിറ്റിംഗ് സീറ്റിലാണ് എന്നത് പറയാതെവയ്യതാനും. മറ്റേ സീറ്റ് ബിജെപി തന്നെയാണ് വിജയിച്ചത്. ഒരർഥത്തിൽ മൂന്നു മണ്ഡലങ്ങളിൽ ജയിച്ച കോൺഗ്രസിന് കുറച്ചൊക്കെ എഴുന്നേറ്റ് നില്ക്കാൻ ഈ ഉപ തിരഞ്ഞെടുപ്പ് സഹായിക്കുന്നുണ്ടാവണം. ദൽഹിയിൽ എ എ പിയേക്കാൾ നില മെച്ചപ്പെടുത്തിയതും കൂടെ വായിക്കണം. ബംഗാളിൽ രണ്ടായിരത്തോളം വോട്ട്‌ മാത്രമാണ് അവർക്കു കിട്ടിയത് എന്നത് മറക്കുകയല്ല. എന്നാൽ ബിജെപി അതിന്റെ കരുത്ത്‌ കാണിക്കുകതന്നെ ചെയ്തു.

ജമ്മു കാശ്മീരിനെ കുറിച്ച് ഗൗരവപൂർവം വിലയിരുത്തണം എന്നതിൽ സംശയമില്ല. അവിടെ ശ്രീനഗർ ലോകസഭാ മണ്ഡലത്തിൽ വെറും 7.14 ശതമാനമാണ് പോളിംഗ്. ശരിയാണ്, അത് പാക് അതിർത്തി മേഖലയാണ്. പാക് ഭീകര പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് . എന്നാൽ ഇത്രയൊക്കെ സുരക്ഷാ സംവിധാനമൊരുക്കിയിട്ടും ജനങ്ങൾ ബൂത്തിൽ എത്തുന്നില്ല; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അവിടെ ചെല്ലാൻ കഴിയുന്നില്ല. ഒരു ജനകീയ സർക്കാർ അവിടെ അധികാരത്തിലിരിക്കുമ്പോഴത്തെ അവസ്ഥയാണിത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 1989 -ൽ നാഷണൽ കോൺഫറൻസ് ഏകപക്ഷീയമായി വിജയിച്ച മണ്ഡലമാണിത്. മുൻപ് 1999 ലാണ് ഇതിനടുത്ത് പോളിങ് നടന്നത് , 11. 93 ശതമാനം. ബിജെപിക്ക് വലിയ സ്വാധീനമുള്ള മേഖലയല്ല. പക്ഷെ, പിഡിപി അവിടെയുള്ള കക്ഷിയാണ്. നാഷണൽ കോൺഫറൻസിന്റെ തട്ടകമാണിത് ; പോരാഞ് ഫറൂഖ് അബ്ദുള്ള മത്സരിക്കുന്നുമുണ്ട്. സാധാരണ നിലക്ക് തിരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പടെയുള്ള കാര്യങ്ങൾ കുറെയേറെ ജനകീയമാവേണ്ടതല്ലേ. ഈ ‘വലിയ’ നേതാക്കൾക്കൊന്നും അവിടത്തെ ജനങ്ങളിൽ ഒരു സ്വാധീനവുമില്ല എന്നാണോ കരുതേണ്ടത് ………….. എന്തായാലും തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രവും ജമ്മുകശ്മീരിലെ ഭരണകൂടവും ഇത് വിശദമായി, ഗൗരവമായി വിലയിരുത്തുകതന്നെവേണം. രണ്ടുവർഷം മുൻപ് ഇതേ മേഖലയിൽ ദീപാവലി ദിനം ചിലവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പോയത് ഓർമ്മിച്ചുപോയി. അക്കാലത്തുണ്ടായ പ്രകൃതി ക്ഷോഭത്തിൽ പെട്ട കശ്മീരികൾക്ക് കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു കയ്യും കണക്കുമില്ല. കണക്കുപറയുകയാണ് എന്ന് കരുതരുത് ; അത് ഭരണകൂടത്തിന്റെ ചുമതലതന്നെയാണ് , ഉത്തരവാദിത്വമാണ്. അന്ന് ഇവിടെ ലഭിച്ച സഹായവും മറ്റും കണ്ടിട്ട് പാക് അധീന കാശ്മീരിലും മറ്റുമുള്ളവർ പാക് പ്രധാനമന്ത്രിയോട് തുറന്നു പറഞ്ഞതും തട്ടിക്കയറിയതും ഓർമ്മയിൽ വരുന്നു. പിന്നീട്, അവിടെനിന്ന് പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ ശ്രമങ്ങൾ നടന്നതും കാണാതെ പൊയ്കൂടാ. പക്ഷെ താഴ്‌വരയിലെ ജനതയെ വിശ്വാസത്തിലെടുക്കാൻ ജമ്മുകശ്മീരിലെ ഭരണകൂടത്തിന് വേണ്ടതുപോലെ കഴിയുന്നുണ്ടോ എന്നത് ഒരു പ്രധാന വിഷയമാണല്ലോ……..

shortlink

Related Articles

Post Your Comments

Related Articles


Back to top button