Latest NewsNewsIndia

പെണ്‍കുട്ടിയെ ചൊല്ലി 14 കാരനെ സഹപാഠികള്‍ കോമ്പസിന് കുത്തിക്കൊന്നു

ന്യൂഡല്‍ഹി•തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിലെ ഛാവ്‌ലയില്‍ 14 കാരനെ സഹപാഠികള്‍ ജിയോമെട്രി ബോക്സിലെ കോമ്പസ് ഉപയോഗിച്ച് കുത്തിക്കൊന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ രണ്ട് സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്.

തിങ്കളാഴ്ച നാലുമണിയോടെയാണ് ഒരു ഓവ് ചാലിന്റെ വശത്ത് നിന്നും ജനങ്ങള്‍ ബഹളം കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒരു വിദ്യാര്‍ത്ഥിയെ തറയിലിട്ട് മര്‍ദ്ദിക്കുകയും കുത്തുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും ഇരുവരും ഓവുചാല്‍ ചാടിക്കടന്ന് രക്ഷപെടുകയും ചെയ്തിരുന്നു.

ഡല്‍ഹി വികാസ്പുരി സര്‍ക്കാര്‍ സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മഞ്ജീതിനാണ് കുത്തേറ്റത്. ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ പോലീസ് വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. സുപ്രധാന അന്തരികാവയവങ്ങളില്‍ ഏറ്റ രണ്ട് മുറിവുകളാണ് മഞ്ജീത്തിന്റെ മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്നും ഡി.സി.പി സുരേന്ദ്രര്‍ കുമാര്‍ പറഞ്ഞു.

ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഈ തര്‍ക്കം പരിഹരിക്കുന്നതിനായാണ് മൂവരും ഓവ് ചാലിന് സമീപം എത്തിയത്. എന്നാല്‍ ഇവിടെ വച്ച് സംസാരത്തിനിടെ തര്‍ക്കം മൂര്‍ച്ഛിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണ സമയത്ത് മൂന്ന് പേരും സ്കൂള്‍ യൂണിഫോമില്‍ ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മഞ്ജീത്തിന്റെ ചില സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

മഞ്ജീത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ത്തിന് ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മഞ്ജീതും കുടുംബവും വികാസ് പുരിയിലായിരുന്നു താമസം. പിതാവ് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഡ്രൈവറാണ്. പ്രതികളായ വിദ്യാര്‍ത്ഥികളും പ്രദേശവാസികള്‍ ആണെന്നാണ് പോലീസ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button