Latest NewsNewsGulf

സൗദിയിൽ സൈബർ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്

ജിദ്ദ: സൗദിയിൽ സൈബർ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്. 2015 ല്‍ സൗദിക്ക് നേരിടേണ്ടി വന്നത് ഒരുലക്ഷത്തി അറുപത്തിനാലായിരം സൈബര്‍ ആക്രമണമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ബാസില്‍ അല്‍ ഒമൈര്‍ ആണ് സൗദിയില്‍ കഴിഞ്ഞ കാലത്തുണ്ടായ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള വിവരം നല്‍കിയത്. സൈബര്‍ ആക്രമണം വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന സൂചനയും ബാസില്‍ അല്‍ ഒമൈര്‍ നല്‍കി.

ജുബൈലില്‍ നടന്നുവന്ന സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട സമ്മേളനത്തിലാണ് ബാസില്‍ അല്‍ ഒമൈര്‍ ഇത് സംബന്ധിച്ച വിവരം നല്‍കിയത്. ഓരോ വര്‍ഷവും സൈബര്‍ ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കുകയും കൂടുതല്‍ ദുഷ്‌കരമാവുകയും ചെയ്യുകയാണെന്നും രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ ബാസില്‍ അല്‍ ഒമൈര്‍ പറഞ്ഞു. ഓരോ വര്‍ഷവും നടന്നുകൊണ്ടിരിക്കുന്ന മൊത്തം സൈബര്‍ ആക്രമണത്തില്‍ 18 ശതമാനവും വിജയം കാണുന്നതായും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇത് വന്‍ നഷ്ടമാണുണ്ടാക്കുന്നത്.

സൈബര്‍ ആക്രമണത്തെ നേരിടാനുള്ള തന്ത്രങ്ങള്‍ 120 രാജ്യങ്ങള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. പക്ഷെ ഹാക്കര്‍മാരും കൂടുതല്‍ ആക്രമണങ്ങൾ നടത്തുവാനുള്ള തന്ത്രങ്ങള്‍ ഓരോ ദിവസവും നടത്തികൊണ്ടിരിക്കുകയാണ്. സൗദി അറേബ്യ സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശക്തമായ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചില പൊതു-സ്വകാര്യ മേഖലകള്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നല്ല സംഭാവനകള്‍ നല്‍കുന്നുണ്ടെങ്കിലും പലരും ഉപയോക്താക്കളുടെ സംരക്ഷണം ഗൗരവകരമായി എടുക്കുന്നതായി കാണുന്നില്ലെന്ന് ടെക്‌നോളജി വിദഗ്ധന്‍ എഞ്ചിനീയര്‍ അഫ്‌നാന്‍ ഷൗദ്‌രി അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പൂര്‍ണ്ണ സുരക്ഷയും ആവശ്യകതയും ഡാറ്റകളുടെ സംരക്ഷണവും ലക്ഷ്യമാക്കിയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഭീഷണിക്ക് പരിഹാരം കാണുകയും വൈറസ് ആകമണത്തിനുള്ള സംരക്ഷണത്തിനുള്ള അന്വേഷണത്തിന് ഉത്തരം കണ്ടെത്തുകയും സമ്മേളനം ലക്ഷ്യം വെക്കുന്നുണ്ട്. നാളെയുടെ സൈബര്‍ ഭീഷണിക്ക് ഇന്നുതന്നെ പരിഹാരം കാണാനുള്ള വഴിതേടല്‍ കൂടിയാണ് ജുബൈലില്‍ നടക്കുന്ന സൈബര്‍ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button