Latest NewsNewsIndia

സ്റ്റേറ്റ് ബാങ്കിന്റെ പീഡനത്തിനെതിരെ പ്രതിഷേധമിരമ്പി

പാലാ•പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും മനുഷ്യത്വരഹിതമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് പാലാ നഗരസഭാദ്ധ്യക്ഷ ലീനാ സണ്ണി ആരോപിച്ചു. ഇവ തുടര്‍ന്നാല്‍ ജനം ഇവരെ കൈകാര്യം ചെയ്യുന്ന അവസ്ഥ വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാന്‍ ജപ്തി നോട്ടീസും അക്കൗണ്ട് മരവിപ്പിക്കലുമടക്കമുളള ബാങ്കിന്റെ പീഢനനടപടികള്‍ നേരിടുന്ന ഡോ. പി.ജി. സതീഷ് ബാബുവും കുടുംബവും പാലാ എസ്.ബി.ഐ.യ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു നഗരസഭാദ്ധ്യക്ഷ. ബാങ്കുകളുടെ ഇത്തരം പീഢനത്തിനെതിരെ പാലായിലെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പ്രശ്‌നപരിഹാരത്തിന് ബാങ്ക് അധികൃതര്‍ തയ്യാറാകണമെന്ന് സിപിഐ(എം) ഏരിയാ സെക്രട്ടറി വി.ജി. വിജയകുമാര്‍ ആവശ്യപ്പെട്ടു.  ജനത്തിന്റെ ക്ഷമ പരീക്ഷിക്കാനുള്ള ബാങ്കിന്റെ നീക്കത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് സി.പി.ഐ. മണ്ഡലം സെക്രട്ടറി ബാബു കെ. ജോര്‍ജ് പറഞ്ഞു.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടം (കേരളാ കോണ്‍ഗ്രസ് (എം), നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ ബെന്നി മൈലാടൂര്‍, ആര്‍. മനോജ് (കോണ്‍ഗ്രസ് (ഐ)), സെബി പറമുണ്ട (ജനപക്ഷം), ഔസേപ്പച്ചന്‍ തകിടിയേല്‍ (കോണ്‍ഗ്രസ് – എസ്), ജോസ് കുറ്റിയാനിമറ്റം (എന്‍.സി.പി.), ടി.ആര്‍. നരേന്ദ്രന്‍ (ബിജെപി), ബാബു മുകാല (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), സുമിത് ജോര്‍ജ്, സാംജി പഴേപറമ്പില്‍, ജോയി കളരിക്കല്‍ (പാലാ പൗരാവകാശ വേദി), ബിനു പെരുമന, കെ.സി. നിര്‍മ്മല്‍ കുമാര്‍, അനില്‍ വി. നായര്‍, ഗോപി രോഹിണി നിവാസ്, ഡോ. അമല്‍ പി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

പാലാ എസ്.ബി.ഐ. ശാഖയില്‍നിന്നും ആയുര്‍വേദാശുപത്രിക്കായി ഡോ. സതീഷ് ബാബു 2005-ല്‍ 1452800 രൂപാ ലോണ്‍ എടുത്തിരുന്നു. കൃത്യമായി തിരിച്ചടച്ച് 2015 ലോണ്‍ പൂര്‍ത്തിയാക്കിയിരുന്നു.  എന്നാല്‍ 2016-ല്‍ 5,20,457 രൂപാ കുടിശ്ശിഖയുണ്ടെന്നു കാട്ടി ബാങ്ക് കത്തയച്ചു. സമയാസമയങ്ങളില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത് അടച്ചില്ലെന്നു കാട്ടിയായിരുന്നു നോട്ടീസ്. എന്നാല്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് ബാങ്ക് ഡോക്ടറെ അറിയിച്ചിരുന്നില്ല.

ഡോക്ടര്‍ ഇതു സംബന്ധിച്ച് ഓംബുഡ്‌സ്മാന് പരാതി നല്‍കിയതോടെ  ഇടപാടുകളുള്ള മറ്റ് അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്. സമരം ശക്തമാക്കാന്‍ തുടര്‍ന്നു ചേര്‍ന്നു യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button