Latest NewsKerala

എസ്എഫ്‌ഐ അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെ കേസ്

കോട്ടയം : എസ്എഫ്‌ഐ അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെ കേസ്. കോട്ടയം കുമ്മനത്ത് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടങ്ങുന്ന സംഘം വീട് കയറി അക്രമം നടത്തിയ സംഭവത്തിലാണ് അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെയും കേസെടുത്തത്. ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം ശരി വയ്ക്കുന്നതാണ് വീട്ടുടമക്കെതിരെയുള്ള കേസ്. കുമ്മനത്ത് എസ്എഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ വീടിന്റെ ഉടമസ്ഥന്‍ വഞ്ചിയത്ത് വി കെ സുകുവിനും ബന്ധവിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു അടക്കം അഞ്ച് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവദിവസം ദൃക്സാക്ഷികളായ സിപിഎം അനുഭാവികള്‍ത്തന്നെ റിജേഷ് ഉള്‍പ്പെടുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ മൊഴി കൊടുത്തിരുന്നു. തന്നെ മര്‍ദ്ദിച്ചുവെന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിന്റെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. പൊലീസ് നോക്കിനില്‍ക്കെ അക്രമം നടത്തിയിട്ടും പ്രതികളുടെ അറസ്റ്റ് വൈകിയിരുന്നു. രാത്രിയില്‍ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് വീടും വാഹനങ്ങളും തല്ലിത്തകര്‍ക്കാന്‍ കാരണം. അക്രമികള്‍ വീടിന് പിന്നില്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് നാശം വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വച്ചതിനടക്കം പല വകുപ്പുകളും ചുമത്താതെയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button