Latest NewsNattuvartha

കുടുംബത്തിലെ ദൈന്യത തുറന്നുകാട്ടി മാധ്യമങ്ങള്‍, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പ്ലസ് ടുവിന് മികച്ച ജയം നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍. തന്റെ ജീവിത കഷ്ടപ്പാടുകളും, ചുറ്റുപാടും മറ്റുള്ളവര്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനാലാണ് ആത്മഹത്യ എന്ന് ബന്ധുക്കള്‍ പറയുന്നു. കോളനിയിലെ ഒറ്റമുറി വീട്ടില്‍ ജീവിച്ച് പ്ലസ് ടു പരീക്ഷയില്‍ മികച്ച ജയം നേടിയ വിദ്യാര്‍ഥിനി നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കകം വീട്ടില്‍ ജീവനൊടുക്കി.

മാലൂര്‍ നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ നാമത്ത് റഫ്‌സീന(17)യെയാണ് ബുധനാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ റഫ്‌സീന ബയോളജി ഗ്രൂപ്പില്‍ 1200ല്‍ 1180 മാര്‍ക്ക് നേടിയിരുന്നു. പ്ലസ് വണ്ണിന് 96 ശതമാനം മാര്‍ക്കും പ്ലസ് ടു വിന് മുഴുവന്‍ മാര്‍ക്കും നേടിയാണ് റഫ്‌സീന മിടുക്ക് തെളിയിച്ചത്. ഇല്ലായ്മയില്‍നിന്ന് ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പൊരുതിയായിരുന്നു റഫ്‌സീനയുടെ വിജയം.

നിട്ടാറമ്പ് ലക്ഷംവീട് കോളനിയില്‍ ഒറ്റമുറി വീട്ടില്‍ ഉമ്മയോടൊപ്പമാണ് താമസം. പരീക്ഷയിലെ റഫ്‌സീനയുടെ നേട്ടമറിഞ്ഞ് മാലൂര്‍ മുസ്ലിം കമ്മിറ്റി ഭാരവാഹികള്‍ ബുധനാഴ്ച രാവിലെ വീട്ടിലെത്തി കുട്ടിക്ക് സഹായധനം നല്‍കുകയായിരുന്നു. ഉമ്മ റഹ്മത്ത് കൂലിവേലയ്ക്കായി പുറത്തുപോയിരുന്നു. വൈകീട്ട് 4.45ഓടെ ഉമ്മ വീട്ടില്‍വന്നുനോക്കിയപ്പോള്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിക്കൃഷ്ണന്‍, മാലൂര്‍ എസ്.ഐ. ടി.വി.അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

മൃതദേഹം വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കബറടക്കും. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തി. അധ്യാപകരും സഹപാഠികളും കൂട്ടമായെത്തി. ആബുട്ടിയാണ് പിതാവ്. സഹോദരി മന്‍സീന തിരുവനന്തപുരത്ത് ബി.ഫാം. വിദ്യാര്‍ഥിനിയാണ്. സഹോദരന്‍ മഹ്‌റൂഫ് ബെംഗളൂരുവില്‍ കടയില്‍ ജോലിചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button