Latest NewsGulf

ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നു

 

റിയാദ് : സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തുന്നു. എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ ഇനി ഖത്തറിലേക്ക് സര്‍വീസ് നടത്തില്ല. അബുദാബിയിലെ എത്തിഹാദ് എയര്‍വെയ്‌സ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസര്‍വീസ് ഉണ്ടായിരിക്കില്ല. ദിവസവും നാലോളം സര്‍വീസുകളാണ് എത്തിഹാദിന് ദോഹയില്‍ നിന്നുള്ളത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു എന്നാണ് എത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച് നയതന്ത്രബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് വിമാനക്കമ്പനികളുടെ നീക്കം. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങളോടു സൗദി ആഹ്വാനം ചെയ്യുകയും ചെയ്തു. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തി വച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും. ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ വിലക്കില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് ഇത്തിഹാദ് വക്താവ് അറിയിച്ചു.

ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്‌ലൈ ദുബായിയും ചൊവ്വാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് വ്യക്തമാക്കി. ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള അവസാന എമിറേറ്റ്‌സ് സര്‍വീസ് പുലര്‍ച്ചെ 2.30ന് ആയിരിക്കും സര്‍വീസ് നടത്തുക. എത്തിഹാദിലും എമിറേറ്റ്‌സിലും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഇരുകമ്പനികളുടെ വക്താക്കള്‍ അറിയിച്ചു. എത്തിഹാദിന് അബുദാബി-ദോഹ റൂട്ടില്‍ എട്ട് സര്‍വീസുകളാണ് ദിവസേന ഉള്ളത്. ദുബായ്-ദോഹ റൂട്ടില്‍ എമിറേറ്റ്‌സിന് ദിവസവും 14 സര്‍വീസുകളുണ്ട്. ഫ്‌ലൈ ദുബായ് ദിവസേന 12 സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സൗദി, യു എ ഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button