NattuvarthaLatest NewsNews

കെ.എസ്.ഇ.ബി. ഓഫീസ് നഗരസഭ സീല്‍ചെയ്തു

കൃഷ്ണകുമാർ.

തിരൂരങ്ങാടി: നഗരസഭ പൊളിച്ചുനീക്കാന്‍ തീരുമാനിച്ച കെട്ടിടത്തില്‍നിന്നും ഒഴിഞ്ഞുപോകാത്തതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി.യുടെ തിരൂരങ്ങാടി സെക്ഷന്‍ ഓഫീസ് നഗരസഭാ അധികൃതര്‍ പൂട്ടി സീല്‍ചെയ്തു. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പുറത്താക്കിയാണ് ഓഫീസ് സീല്‍ചെയ്തത്. ഇതോടെ വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. വൈദ്യുതി ബില്ലടയ്ക്കാന്‍ എത്തിയവര്‍ മടങ്ങി.
രാവിലെ എത്തിയ ജീവനക്കാര്‍ ഓഫീസില്‍ കയറാനാകാതെ പുറത്തുനില്‍ക്കേണ്ടിയും വന്നു. നഗരസഭ പൊളിച്ചു നീക്കല്‍ ആരംഭിച്ച ഈ കെട്ടിടത്തില്‍നിന്ന് വൈദ്യുതി ഓഫീസ് മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നതാണ്. ചന്തപ്പടിയിലുള്ള നഗരസഭയുടെ കമ്യൂണിറ്റിഹാളില്‍ ഇതിനായി സൗകര്യംചെയ്തിട്ടുമുണ്ട്.

ഈ കെട്ടിടത്തില്‍ ചോര്‍ച്ചയുള്ളതിനാല്‍ നന്നാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെയും മുന്നറിയിപ്പില്ലാതെയുമാണ് ബുധനാഴ്ച ഓഫീസ് സീല്‍ചെയ്തതെന്ന് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. വൈദ്യുതിവിതരണത്തിനിടെ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ചും മറ്റും ഉപഭോക്താക്കള്‍ ഫോണ്‍ വിളിച്ചറിയിക്കുന്നതിന്നതിനുള്ള സൗകര്യവും ഓഫീസ് സീല്‍ചെയ്തതോടെ മുടങ്ങി. ചെമ്മാട് കൊടിഞ്ഞി റോഡിനു സമീപമുള്ള നഗരസഭയുടെ വ്യാപാരസമുച്ചയത്തിലാണ് കാലങ്ങളായി വൈദ്യുതി സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

അഞ്ചുകൊല്ലമായി പ്രതിമാസവാടകയും പലിശയും കെ.എസ്.ഇ.ബി. അടയ്ക്കുന്നില്ലെന്നും പലതവണ അറിയിച്ചിട്ടും നടപടികളുണ്ടാകാതിരുന്നതിനാലാണ് സീല്‍ ചെയ്തതെന്നും തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി എസ്. ജയകുമാര്‍ പറഞ്ഞു. ഏറെ പഴക്കമുള്ള വ്യാപാരസമുച്ചയത്തിന്റെ ഒരുഭാഗം മാസങ്ങള്‍ക്കുമുന്‍പ് പൊളിച്ചുനീക്കിയിട്ടുണ്ട്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അക്ഷയ കേന്ദ്രം കഴിഞ്ഞദിവസം മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

കെട്ടിടം ഉടന്‍തന്നെ പൂര്‍ണമായും പൊളിച്ചുനീക്കുമെന്നും പുതിയ കെട്ടിടം പണിയുന്നതിനായി ഒരുകോടി രൂപ നഗരസഭ നീക്കിവെച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. അതിനിടെ അധികൃതര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വൈകുന്നേരത്തോടെ വൈദ്യുതി ഓഫീസ് തുറന്നുകൊടുത്തു. അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് വ്യാഴാഴ്ച തന്നെ മാറ്റാനും ഓഫീസിലെ മറ്റു സജ്ജീകരണങ്ങള്‍ ഒരുമാസത്തിനകം ചന്തപ്പടിയിലേക്കു മാറ്റാനും ധാരണയിലെത്തി.

വൈദ്യുതി സെക്ഷന്‍ ഓഫീസ് സീല്‍ചെയ്ത നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. മേഖലാകമ്മറ്റി നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം. ഏരിയാകമ്മിറ്റിയംഗം എം. കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സി. ഇബ്രാഹിംകുട്ടി, എം.പി. ഇസ്മായില്‍, ഇ.പി. മനോജ്, വി.കെ. ഹംസ, ടി. ഹമീദ്, പി.പി. നിധീഷ് എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button