GeneralYoga

യോഗ മനസ്സിനും ശരീരത്തിനും : യോഗയെ കുറിച്ച് ചില വസ്തുനിഷ്ടമായ കാര്യങ്ങള്‍

 

താപസന്മാര്‍ക്കും യോഗികള്‍ക്കും അനുഷ്ഠിക്കാന്‍ മാത്രമുള്ളതാണ് യോഗയെന്നുള്ള തെറ്റിദ്ധാരണ മാറി വരികയാണ്. ഇന്ന് യോഗ ആരോഗ്യസംബന്ധമായി ഏറെ നല്ലതാണെന്ന് മനസിലായിരിയ്ക്കുന്നു. അതിലുപരി മാനസികോല്ലാസത്തിനും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കും യോഗ ചെയ്യാം.

യോഗ ഭാരതീയ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നാണ്. പതഞ്ജലിമുനിയാണ് ഇതിന്റെ ഉപജ്ഞാതാവ്. അദ്ദേഹം യോഗം, വ്യാകരണം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങള്‍ മാനവരാശിക്ക് സംഭാവന ചെയ്തിട്ടുണ്ട്.

 

ഇന്ന് പാശ്ചാത്യരാജ്യങ്ങള്‍ യോഗയുടെ മഹത്വം മനസ്സിലാക്കുകയും അതിനെ അംഗീകരിക്കുകയും ആഗോളമായി ബോധവല്‍കരണം നടത്തി ലോകയോഗാദിനം ആചരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ആചരിക്കുമ്പോഴും യോഗ എന്നാല്‍ എന്താണെന്നും അതിന്റെ ആരോഗ്യപരമായ ഔന്നത്യവും പ്രസക്തിയും എന്താണെന്നും എത്രപേര്‍ക്കറിയാം.

 

യോഗ എന്നാല്‍ വെറും യോഗാസനം മാത്രമല്ല. വളരെ ആഴത്തില്‍ ജീവന്റെ ഉല്‍പ്പത്തിയുടെ കാരണം മുതല്‍ അറിഞ്ഞാല്‍ മാത്രമേ യോഗ എന്നാല്‍ എന്താണെന്ന് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയൂ. മനുഷ്യോല്‍പ്പത്തിയെപ്പറ്റി ഏതൊരു പാശ്ചാത്യകാരനും ചിന്തിച്ചു തുടങ്ങുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഭാരതീയ ഋഷിവര്യന്മാര്‍ മനനത്തിലൂടെയും തപസ്സിലൂടെയും തര്‍ക്കവിതര്‍ക്കങ്ങളിലൂടെയും പ്രപഞ്ചോത്പത്തിയെയും ജീവോല്‍പത്തിയേയും കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന മഹത്കൃതികളാണ് ഭാരതീയ ദര്‍ശനങ്ങള്‍. സാംഖ്യശാസ്ത്രം, വൈശേഷിക ശാസ്ത്രം, യോഗാശാസ്ത്രം, ന്യായശാസ്ത്രം, പൂര്‍വമീമാംസ, ഉത്തരമീമാംസ എന്നിവയാണ് ഈ ഷഡ്ദര്‍ശനങ്ങള്‍.

 

 

മനസ്സിനെ നിയന്ത്രിക്കാന്‍

‘യോഗഃ ചിത്തവൃത്തി നിരോധഃ’ അന്തഃ കരണത്തിലെ നാനാമുഖങ്ങളായ ചിത്തവൃത്തികളെ അകറ്റി ഒന്നില്‍ യോജിപ്പിക്കുന്ന അഭ്യാസത്തിനാണ് ‘യോഗ’ എന്ന് പതഞ്ജലിമഹര്‍ഷി പറഞ്ഞിരിക്കുന്നത്.

മനുഷ്യരുടെ ബന്ധത്തിനും, മോക്ഷത്തിനും, സുഖത്തിനും, ദുഃഖത്തിനും കാരണം മനസ്സാണ്. അവനവന്റെ സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നതും സ്വന്തം മനസ്സുതന്നെ. അതുകൊണ്ട് മനോനിയന്ത്രണം സാധകന്മാര്‍ക്കെല്ലാം അത്യാവശ്യമായി എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നു.

മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന, ചിട്ടയായി ക്രമപ്പെടുത്തിയിട്ടുള്ള ഒരനുഷ്ഠാന പദ്ധതിയായി യോഗശാസ്ത്രത്തെ ‘അഷ്ടാംഗയോഗം’ എന്നപേരില്‍ പതഞ്ജലി ആവിഷ്‌ക്കരിച്ചിരിക്കുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗത്തിന്റെ എട്ടംഗങ്ങള്‍. ഇവയില്‍ ആദ്യത്തെ അഞ്ചെണ്ണം ബഹിരംഗ സാധന എന്നും അവസാനത്തെ മൂന്നെണ്ണമായ ധാരണ, ധ്യാനം, സമാധി എന്നിവയെ അന്തരംഗ സാധന എന്നും പറയുന്നു.

 

ആത്മസുഖം പകരും സാധന

യമം – അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം,അപരിഗ്രഹം. സാമൂഹ്യമായ ഉത്ക്കര്‍ഷത്തിന് ഈ യമങ്ങള്‍ പ്രയോജനപ്പെടുന്നു.

നിയമം – ശൗചം, സന്തോഷം, തപസ്, സ്വാദ്ധ്യായം, ഈശ്വര പ്രണിധാനം, വിശേഷിച്ച് വ്യക്തിപരമായ ഉത്കര്‍ഷത്തിന് ഈ നിയമങ്ങള്‍ പ്രയോജനപ്പെടുന്നു.

ആസനം – വിവിധതരത്തിലുള്ള ശാരീരികാദ്ധ്വാനംകൊണ്ട് ശരീരത്തെ നിയന്ത്രിച്ച് അതിനെ കൂടുതല്‍ ആരോഗ്യവും ബലമുള്ളതുമാക്കിത്തീര്‍ക്കുകയാണ് യോഗാസനം ചെയ്യുന്നത്. ‘സ്ഥിരസുഖാമാസനം’ സ്ഥിരമായ ഇരിപ്പില്‍ സുഖവും ശാന്തിയും അനുഭവിക്കുക.

പ്രാണായാമം – പ്രാണന്റെ (ശ്വസന) ഗതിയെ ബോധപൂര്‍വ്വം നിയന്ത്രിച്ച് ചിത്തവൃത്തികളെ ഏകാഗ്രമാക്കി മനഃ ശാന്തി നേടുന്നു.

പ്രത്യാഹാരം – ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍വലിക്കല്‍.

ധാരണ – സങ്കല്‍പ്പവിഷയത്തില്‍ മനസ്സിനെ കേന്ദ്രീകരിക്കുന്നത് ‘ധാരണ.’

ധ്യാനം – ധാരണയിലൂടെ എത്തിപ്പെടുന്ന അനുഭൂതിതലം.

സമാധി – അനിര്‍വചനീയമായ, ശാശ്വതമായ ആനന്ദാനുഭൂതിയില്‍ ലയിക്കലാണ് യോഗത്തിന്റെ പരമമായ ലക്ഷ്യം. സാക്ഷാത്ക്കരിക്കല്‍ ആണ് ‘സമാധി’.

 

 

പ്രത്യേകിച്ച് അസുഖമൊന്നുമില്ലാത്തവര്‍ ആരോഗ്യസമ്രക്ഷത്തിനായി എങ്ങനെ യോഗ ചെയ്യണം?
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. യോഗ നന്നായി അറിയാവുന്ന ഒരാളില്‍ നിന്നായിരിക്കണം അതു പഠിക്കേണ്ടത്. സ്വയം പഠിച്ചുകളയാം എന്ന ചിന്ത മാറ്റിവെയ്ക്കുക

2. എട്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ യോഗ ചെയ്യേണ്ടതില്ല. അവര്‍ കളിച്ചും ചിരിച്ചും വളരട്ടെ!

3. കഴിയുന്നതും വെജിറ്റേറിയന്‍ ആയിരിക്കുന്നതാണ് നല്ലത്.

4. കഴിയുന്നതും കള്ളം പറയാതിരിക്കുക ; മറ്റുള്ളവരുടെ നന്മകള്‍ കാണാന്‍ ശ്രമിക്കുക.

 

5. പറ്റുമെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പ്രാഥമിക ആരോഗ്യ പരിശോധന നടത്തുന്നത് നന്നായിരിക്കും. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും നമുക്ക് അദൃശ്യമായിരിക്കും. ഈ രോഗങ്ങളുള്ളവര്‍ അതറിയാതെ യോഗ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.

6. രാവിലെ, അല്ലെങ്കില്‍ ഭക്ഷണം കഴിഞ്ഞ് മൂന്നു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.

7.കാറ്റും വെളിച്ചവുമുള്ള വൃത്തിയായ ഒരു മുറിയില്‍ നല്ല നീളവും വീതിയുമഉള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ നിന്നു വേണം യോഗ ചെയ്യാന്‍.

8. ഇറുക്കമില്ലാത്ത, അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു വേണം യോഗ ചെയ്യാന്‍.

9. ക്ഷമയും നിശ്ചയദാര്‍ഢ്യവും പാലിക്കുക. ലളിതമായ ആസനങ്ങള്‍ ആദ്യം ശീലിക്കുക. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന വേഗതയില്‍ ആസനങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

10. തിടുക്കം കൂട്ടാതിരിക്കുക;അത്യധ്വാനം ചെയ്യാതിരിക്കുക.

11. തുടക്കക്കാര്‍ക്ക് യോഗ തുടങ്ങുമ്പോള്‍ അല്പം ‘പിടുത്തം’ ശരീരത്തിന് തോന്നാം. അതിന് ചെറിയ തോതില്‍ ‘ലൂസനിംങ് എക്‌സര്‍സൈസ്’ ചെയ്യാം.

12. തുടര്‍ന്ന് ലളിതമായ ആസനങ്ങള്‍ പരിശീലിക്കാം.

13. മൂന്നു തരത്തിലാണ് ആസനങ്ങള്‍ – ഇരുന്ന്, നിന്ന്, കിടന്ന്.

14. ഇരുന്നു ചെയ്യാവുന്ന ആസനങ്ങള്‍ക്ക് ഉദാഹരണം – സുഖാസനം, സ്വസ്തികാസനം, വജ്രാസനം, പദ്മാസനം, ഗോമുഖാസനം, ഭദ്രാസനം മുതലായവ.

15. നിന്നുകൊണ്ടു ചെയ്യവുന്ന ആസനങ്ങള്‍ക്ക് ഉദാഹരണം – പാദഹസ്താസനം, ത്രികോണാസനം, താഡാസനം, വൃക്ഷാസനം മുതലായവ.

16. കിടന്നുകൊണ്ടുള്ള ആസനങ്ങള്‍ക്ക് ഉദാഹരണം – ശലഭാസനം, മകരാസനം, ശവാസനം, ഭുജംഗാസനം മുതലായവ.

17. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ആസനം ചെയ്യാന്‍ പാടില്ല.

18. ഇരുന്നു കൊണ്ടുള്ള ഏതെങ്കിലും ആസനം നന്നായി ചെയ്യാന്‍ പഠിച്ചാല്‍ പ്രാണായാമം ശീലിക്കാം.

19. ആദ്യം ലളിതമായ അനുലോമ – വിലോമ പ്രാണായാമം പഠിക്കാം.

 

 

Tags

Post Your Comments


Back to top button
Close
Close