Latest NewsNewsYoga

യോഗ ചെയ്യുന്നവർ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യുന്നവർ തിരഞ്ഞെടുക്കേണ്ടത്. അതുപോലെ യോഗ ചെയ്യാൻ തുടങ്ങതിനു മുൻപായി പ്രാർഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം. കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും നല്ലത്.

പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാൻ. പുരുഷന്മാർ അടിയിൽ മുറുകിയ വസ്ത്രവും (ലങ്കോട്ടി) സ്ത്രീകൾ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം. രാവിലെ നാലുമണി മുതൽ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. ഇതു പറ്റാത്തവർക്കു വൈകിട്ടു നാലര മുതൽ ഏഴുമണിവരെയും ചെയ്യാം. സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം.

യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല. കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യരുത്. കഠിനമായ രോഗത്തിനടിമയായവർ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ. യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്. സംസാരിച്ചുകൊണ്ടോ മറ്റു കർമങ്ങളിലേർപ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്. വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാൻ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂർ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ.

യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും. ഗർഭിണികൾ മൂന്നു മാസം കഴിഞ്ഞാൽ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാൻ പാടില്ല. യോഗ ചെയ്യുമ്പോൾ കിതപ്പു തോന്നിയാൽ വിശ്രമത്തിനു ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ. യോഗ ചെയ്യുന്ന അവസരത്തിൽ തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button