Latest NewsNewsBusiness

സ്വര്‍ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് റെക്കോര്‍ഡ്

ന്യൂഡല്‍ഹി : കഴിഞ്ഞ മാസം മാത്രം ഇന്ത്യ ഇറക്കുമതി ചെയ്ത് സ്വര്‍ണത്തിന്റെ അളവ് കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. കാരണം മേയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 495 കോടി ഡോളറിന്റെ (31,892.85 കോടി രൂപ) സ്വര്‍ണം. ഏതാണ്ട് മൂന്നിരട്ടിക്കടുത്ത് വര്‍ധനയാണിത്.

സീസണ്‍ ആയതും ഉത്സവ ആവശ്യവുമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടാന്‍ പ്രധാന കാരണം. ചരക്ക് – സേവന നികുതി വരുന്നതിനു മുന്നോടിയായി സ്വര്‍ണം ശേഖരിച്ചുവയ്ക്കാനുള്ള പ്രവണതയും ഇറക്കുമതി വര്‍ധിക്കാന്‍ കാരണമായി.

കഴിഞ്ഞ വര്‍ഷം മേയില്‍ 147 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതിയായി എത്തിയതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വര്‍ണം ഇറക്കുമതി കൂടിയതിനെത്തുടര്‍ന്ന് വ്യാപാരക്കമ്മിയും ഉയര്‍ന്നു. 30 മാസത്തെ ഉയരമായ 1,384 കോടി ഡോളറായാണ് വ്യാപാരക്കമ്മി ഉയര്‍ന്നിരിക്കുന്നത്.

വെള്ളി ഇറക്കുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. 44.3 കോടി ഡോളറിന്റെ വെള്ളിയാണ് മേയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 39.5 കോടി ഡോളറിന്റേതായിരുന്നു വെള്ളി ഇറക്കുമതി.

സ്വര്‍ണം ഉപയോഗത്തില്‍ ചൈനയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കറന്റ് അക്കൗണ്ട് കമ്മി കൂടാനുള്ള ഒരു പ്രധാന കാരണം ഇന്ത്യയുടെ സ്വര്‍ണം ഇറക്കുമതിയാണ്. നിലവില്‍ 10 ശതമാനമാണ് സ്വര്‍ണം ഇറക്കുമതിക്കുള്ള നികുതി. ഇത് കുറയ്ക്കാന്‍ ധനമന്ത്രാലയത്തോട് ഈ രംഗത്തെ വ്യവസായികള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button