Latest NewsPrathikarana Vedhi

രാജ്യത്തിന്‌ മുഴുവന്‍ ആശങ്ക പരത്തുന്ന ബംഗാളിലെ ക്രമസമാധാന നില: നിരുത്തരവാദപരമായി പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഭീതി ജനിപ്പിക്കുന്ന പ്രവര്‍ത്തികളെക്കുറിച്ച് കെ.വി.എസ് ഹരിദാസ്‌ വെളിപ്പെടുത്തുന്നു

പശ്ചിമ ബംഗാളിലെ ക്രമസമാധാന നില രാജ്യത്തിന് മുഴുവൻ ആശങ്ക ഉണ്ടാക്കുന്നതാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാവും എന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറച്ചുദിവസമായി അവിടെ നടക്കുന്ന വർഗീയ കലാപങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന കയ്യയച്ചുള്ള പിന്തുണ അക്ഷരാർഥത്തിൽ സർവരെയും ഞെട്ടിക്കുന്നതാണ്. ഒരു പത്താംതരം വിദ്യാർഥി ഫേസ് ബുക്കിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഇതിനൊക്കെ വഴിവെച്ചത് എന്നതാണ് സർക്കാർ ഭാഷ്യം. ഒരു വിഭാഗം, മതന്യൂനപക്ഷങ്ങൾ, പരസ്യമായി ഹിന്ദു സമൂഹത്തിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹിന്ദു കുടുംബങ്ങൾ, അവരുടെ വ്യാപാര സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവയൊക്കെ ആക്രമിക്കപ്പെട്ടു. ഒരാൾ മരണമടഞ്ഞു;കുറേയേറെപ്പേർ മരണത്തോട് വെല്ലുവിളിച്ചുകൊണ്ട് ചികിത്സയിൽ കഴിയുന്നു. ആ അക്രമി സംഘത്തിന് മമത ബാനർജിയുടെ പോലീസ് വഴിവിട്ട് സംരക്ഷണം നൽകി. ഇതുപോലെയുള്ള നഗ്നമായ ഹിന്ദുവിരുദ്ധ നീക്കം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഡാർജിലിംഗിൽ നേരത്തെതന്നെ ഇതുപോലെ സംഘർഷാന്തരീക്ഷം ഉണ്ടായിരുന്നു. അവിടെയും ഒരു വിഭാഗത്തിന് നേരെ കടന്നാക്രമണമാണ് പോലീസ് നടത്തിയത്. അതിപ്പോഴും വലിയ വ്യത്യാസമില്ലാതെ തുടരുന്നു.

ഇപ്പോൾ ബസിർഹാട്ടിൽ ആണ് പ്രശ്‌നമുണ്ടായത് . പ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഹിന്ദുപ്രസ്ഥാനങ്ങൾ, ബിജെപി എന്നിവ തയ്യാറായി. പക്ഷെ മുഖ്യമന്ത്രി മമത അത് കാണാനോ കേൾക്കാനോ തയ്യാറായില്ല. അതോടെ അവർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഗവർണർ മമതയെ വിളിച്ചുവരുത്തി കാര്യങ്ങൾ നിരത്തി. ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നത് അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്നിൽ കൊണ്ടുവന്നു. അതൊക്കെ സമാധാനപരമായി ഇരുന്നുകേട്ട മമത ബാനർജി പുറത്തുവന്ന്‌ ഗവര്ണര്ക്കെതിരെ തരംതാണ ഭാഷയിൽ ആക്രമണം നടത്തുകയായിരുന്നു. ‘ഒരു ബിജെപി ബ്ലോക്ക് പ്രസിഡന്റിനെപ്പോലെ’ ഗവർണർ പെരുമാറി എന്നതാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. അതിനിടയിൽ കേന്ദ്രത്തിനോട് അധികമായി കേന്ദ്ര സേനയുടെ സഹായം വേണമെന്ന് ബംഗാൾ സർക്കാർ ആവശ്യപ്പെട്ടിരുന്നു. നാലു ബറ്റാലിയൻ ബിഎസ്എഫ് ആണ് അവിടെയെത്തിയത്. അവരുടെ സേവനം സംഘർഷ മേഖലയിൽ പ്രയോജനപ്പെടുത്തിയില്ല എന്നുമാത്രമല്ല “കേന്ദ്ര സേനയെ ആവശ്യമില്ല” എന്ന് പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു. ഇതുപോലെ നിരുത്തരവാദപരമായി ഒരു മുഖ്യമന്ത്രിയും അടുത്തകാലത്ത് പെരുമാറിയിട്ടുണ്ടാവില്ല.

ഇപ്പോഴത്തെ ബംഗാൾ ഗവർണർ കേസരി നാഥ്‌ ത്രിപാഠിയാണ്. യുപിയിലെ മുൻ സ്പീക്കർ; മുതിർന്ന അഭിഭാഷകൻ, മുൻ അഡ്വക്കേറ്റ് ജനറൽ എന്നിങ്ങനെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. ഒരു ഗവർണറുടെ ഉത്തരവാദിത്വം എന്താണ് ചുമതലയും അധികാരവും എന്താണ് എന്നത് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടത്. പക്ഷെ അതിനോട് മുഖം തിരിച്ചുനിൽക്കാനാണ് തയ്യാറായത്. കേന്ദ്രം സഹായിക്കുന്നില്ല, സഹകരിക്കുന്നില്ല എന്നതൊക്കെയാണ് ഇന്നിപ്പോൾ മമത ബാനർജി ആക്ഷേപിക്കുന്നത്. ഗവർണർ മുഖേനയാണ് കേന്ദ്രത്തിനു സഹായിക്കാൻ കഴിയുക. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ് പിന്നീട് മമ്തയുമായി സംസാരിച്ചിരുന്നു. പക്ഷെ ഒരുതരത്തിലുളള പ്രത്യേക സഹായവുംവേണ്ടെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. അത് രാജ്‌നാഥ്‌ സിങ് തന്നെ വ്യക്തമാക്കിയതാണ്. മാത്രമല്ല, അവിടം സന്ദർശിക്കാനെത്തിയ എംപിമാർ അടക്കമുള്ള ബിജെപി പ്രതിനിധിസംഘത്തെ അറസ്റ്റ് ചെയ്യാനും സംസ്ഥാന സർക്കാർ തയ്യാറായി. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ കാണാൻ പോലും ബിജെപി നേതാക്കളെ പോലീസ് സമ്മതിച്ചില്ല. അക്ഷരാർഥത്തിൽ ഒരു ഭീകര ഭരണമാണ് ബംഗാളിൽ അരങ്ങേറുന്നത് എന്നുവ്യക്തം.

ബംഗാളിൽ ഇതിനുമുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും ബംഗാളിന് പുറത്തേക്ക് വേണ്ടപോലെ എത്തുകയുണ്ടായിട്ടില്ല. ഇത്തവണ ചില ഇംഗ്ലീഷ് ചാനലുകൾ അത് തത്സമയം വാർത്തയാക്കി, പ്രത്യേകിച്ചും ‘റിപ്പബ്ലിക്കും’ ‘ടൈംസ് നൗ’വും. അതോടെ മറ്റ്‌ ചാനലുകൾക്കും അത് ഏറ്റെടുക്കാതിരിക്കാൻ കഴിയാതായി. ‘ടൈംസ് ഓഫ് ഇന്ത്യ’ അവിടെനിന്നും നല്ലൊരു വാർത്തയും നൽകി. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങൾ അവരാണ് പുറത്തുകൊണ്ടുവന്നത്. ഞാൻ പറഞ്ഞുവന്നത്, മുൻപ് ഇതൊക്കെ നടക്കുമ്പോൾ ആരും ശ്രദ്ധിക്കാതെപോയി എന്നതാണ് . ഈ വർഗീയ- മത ന്യൂനപക്ഷ അക്രമി സംഘത്തെ താലോലിക്കുന്നതും ഹിന്ദു വിരുദ്ധ പ്രചാരണം നടത്താനുമാണ്‌ അന്നൊക്കെ തൃണമൂൽ കോൺഗ്രസ് തയ്യാറായത്. ഇതിപ്പോൾ ദേശീയ തലത്തിൽ വിഷയം ചർച്ചചെയ്യപ്പെടുകയും വാ ർത്തയാവുകയും ചെയ്തതോടെ മമ്തയ്ക്കും കൂട്ടർക്കും നിൽക്കക്കള്ളിയില്ലാതായി. ഒരു കാര്യം കൂടി നാം കാണേണ്ടതുണ്ട്. ഇന്ന് രാജ്യമെമ്പാടും ഇതിന്റെ പ്രതിഫലനം കണ്ടു. കൊൽക്കത്തയിൽ മാത്രമല്ല ദൽഹിയിലും മുംബൈയിലും ബാംഗ്ലൂരിലും മറ്റും ഹിന്ദു സംഘടനകളും സാംസ്‌കാരിക നേതാക്കളും സത്യഗ്രഹത്തിനെത്തി. അതെല്ലാം ഇന്നിപ്പോൾ ദേശീയ ചാനലുകൾ ലൈവ് ആയി സംപ്രേഷണം ചെയ്തപ്പോൾ പ്രശ്നത്തിന്റെ ഗൗരവം വളരെയേറെ വർധിച്ചു.

ഇതൊക്കെയാണെങ്കിലും നമ്മുടെ രാഷ്ട്രീയ കക്ഷികൾ ഈ പ്രശ്നത്തോട് എങ്ങിനെയാണ് പ്രതികരിച്ചത് എന്നത് കാണാതെപോയിക്കൂടാ. സാധാരണ ഒരു ചെറിയ സംഘർഷമുണ്ടായാൽ ഓടിയെത്തുന്ന പ്രതിപക്ഷ നേതാക്കളാരും ബംഗാളിലേക്ക് പോയില്ല. ബസിർഹാട്ടിനെക്കുറിച്ച് അവരാരും കേട്ടതായി പോലും നടിക്കുന്നില്ല. ഞാൻ സൂചിപ്പിച്ചത് സീതാറാം യെച്ചൂരിമാരെക്കുറിച്ചും വൃന്ദ കാരാട്ടുമാരെക്കുറിച്ചും രാഹുൽ ഗാന്ധിമാരെക്കുറിച്ചുമാണ്. ആത്മാർഥതയില്ലാത്തവരാണ് , ലജ്ജയില്ലാത്തവരാണ് , സത്യസന്ധതയില്ലാത്തവരാണ് തങ്ങളെന്ന് അവരെല്ലാം ഇതോടെ സ്വയം കാണിച്ചുതന്നു, വീണ്ടും വീണ്ടും. ഇത് നടന്നത് ബംഗാളിൽ ആണ് എന്നതോർക്കുക. അടിത്തറ കാര്യമായി തകർന്നുവെങ്കിലും സിപിഎം ഇന്നും അവശേഷിക്കുന്ന മൂന്ന് നാടുകളിൽ ഒന്നാണല്ലോ ബംഗാൾ; അല്ലെങ്കിൽ അങ്ങനെയാണല്ലോ അവർ പറഞ്ഞുനടക്കുന്നത് . മമതക്കെതിരെ സിപിഎമ്മുമായി കൂട്ടുകൂടി നടക്കുന്നവരാണ് രാഹുലും കോൺഗ്രസും. ഇപ്പോൾ പോലും രാജ്യസഭയിലേക്ക് യെച്ചൂരിയെ ജയിപ്പിക്കാൻ പ്രതിജ്ഞയെടുത്തവരാണല്ലോ ബംഗാൾ കോൺഗ്രസുകാർ. പക്ഷെ അവർക്കാർക്കും ഇപ്പോഴത്തെ ഹിന്ദുവിരുദ്ധ കലാപത്തിൽ താല്പര്യമില്ല. ഇതാണ് ഇന്ത്യൻ ജനത തിരിച്ചറിയേണ്ടത്.

ഏറ്റവുമൊടുവിൽ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ബംഗാൾ സർക്കാർ തയ്യാറായിട്ടുണ്ട്. അത് യഥാർഥത്തിൽ കുറ്റവാളികളെ കണ്ടെത്താനല്ല മറിച്ച്‌ രക്ഷിക്കാനാണ് എന്നത് വ്യക്തമാണ്. അതും ഇപ്പോൾ കാണാതെ പോയിക്കൂടാ എന്നതും ചൂണ്ടിക്കാണിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button