KeralaLatest NewsNews

കുതിരാന്‍ തുരങ്കത്തിലൂടെയുള്ള യാത്ര ഇനിയും വൈകും

വടക്കഞ്ചേരി: കുതിരാന്‍ തുരങ്കത്തിലൂടെയുള്ള യാത്ര ഇനിയും വൈകും. ഓഗസ്റ്റില്‍ കുതിരാന്‍തുരങ്കത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങുമെന്നാണ് മുൻപ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനായി ഡിസംബര്‍വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്നാണ് കരാര്‍കമ്പനിയായ പ്രഗതിഗ്രൂപ്പ് അധികൃതര്‍ ഇപ്പോൾ നല്‍കുന്ന വിവരം. സുരക്ഷയ്ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതിനെത്തുടര്‍ന്നാണിത്.

ദേശീയപാതാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുന്നത്. മാത്രമല്ല തുരങ്കവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെയും പാലത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. മഴക്കാലമായതിനാല്‍ തുരങ്കത്തിനുപുറത്തുളള ജോലി പതുക്കെയാണ് പുരോഗമിക്കുന്നത്.

ദേശീയപാതാ അതോറിറ്റി നിര്‍ദേശമനുസരിച്ച് തുരങ്കത്തിനുള്ളില്‍ മുകളില്‍നിന്നും വശങ്ങളില്‍നിന്നും ഉറവവരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍സ്ഥലങ്ങളില്‍ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ചെയ്യേണ്ടിവരും. ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് 50 സെന്റീമീറ്റര്‍ കനത്തില്‍ ഉള്‍വശം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന സംവിധാനമാണ്. നേരത്തെ അര്‍ധവൃത്താകൃതിയില്‍ ഉരുക്കുപാളികള്‍ ഘടിപ്പിച്ചിട്ടുള്ള ഭാഗങ്ങളില്‍ മാത്രമായിരുന്നു ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് നടത്തിയിരുന്നത്.

മറ്റ് സ്ഥലങ്ങളില്‍ പാറയുടെ മുകളില്‍ സിമന്റ് മിശ്രിതം സ്‌പ്രേചെയ്ത് പിടിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഇതിനുപകരം ഉരുക്കുപാളികളില്ലാത്ത നിശ്ചിതസ്ഥലങ്ങളിലും ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് നടത്തണമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ നിര്‍ദേശം.

കൂടാതെ തുരങ്കമുഖത്തുനിന്ന് 15 മീറ്റര്‍ പുറത്തേക്ക് തുരങ്കത്തിന്റെ അതേ വലിപ്പത്തില്‍ അര്‍ധവൃത്താകൃതിയില്‍ ഉരുക്കുപാളികള്‍ സ്ഥാപിച്ച് ഇതില്‍ ഷീറ്റുമറച്ച് ഉറപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. തുരങ്കമുഖത്ത് ഏതെങ്കിലും കാരണത്താല്‍ മണ്ണിടിച്ചിലുണ്ടായാല്‍ പ്രതിരോധിക്കുന്നതിനാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button