YouthWomenLiteratureWriters' CornerSpecialsReader's Corner

കലയ്ക്കും രാഷ്ട്രീയമുണ്ടോ?

 

കല എന്ന വാക്കിനെ നമുക്ക്, വളരെ വ്യത്യസ്തമായ രീതിയിൽ നിർവചിക്കാൻ കഴിയും. ഒരുവനിൽ നിന്നും മറ്റൊരുവനിലേക്ക് എത്തുമ്പോൾ കലയ്ക്കും അതിന്റെ അപാര തലങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാവും. ഇനി ഇക്കാലത്തുണ്ടാവുന്ന കലകൾക്ക് മാത്രമാണോ രാഷ്ട്രീയം അതോ,പണ്ടു തൊട്ടേ ഇങ്ങനെയാണോ. ഈ ചോദ്യം വെറുതെ ചോദിക്കുന്നതല്ല, ഇതിന്‍റെ ഉത്തരം നമുക്കിടയില്‍ തന്നെയുണ്ട്.

നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്ന അനുഭവത്തിന്റെയും ചിന്തയുടേയും അടിസ്ഥാനത്തിലായിരിക്കും ഓരോ മനുഷ്യന്‍റെയും ഉള്ളിൽ കല ഉണ്ടാവുന്നതും അത് പ്രാവർത്തികമാക്കുന്നതും. സ്ത്രീക്കും പുരുഷനുമുള്ള കലചിന്ത, വ്യത്യയ്സ്തമാവാം. അതുമാത്രമല്ല, പലപ്പോഴും കലയുടെ കാര്യത്തിൽ ആണിനും പെണ്ണിനും കിട്ടുന്ന അവസരങ്ങൾ വ്യത്യസ്തമാണോ എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹിംസാത്മക പ്രവർത്തനങ്ങൾ സമൂഹത്തിൽ പടരുന്ന ഈ കാലത്ത് എവിടെയും ഹിംസയുടെ വ്യാപനം കാണാൻ കഴിയും. ഇനി ഇതിനെ ആണത്വ അധികാരമായി സമൂഹം വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അത് എത്രമാത്രം ശരിയാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഭരണകൂടത്തിന്റെ ആശയങ്ങൾ കലയിൽ സ്വീകരിക്കാമെങ്കിലും അതിനെ പിൻപറ്റി നടത്തുന്ന സംഘങ്ങൾ ആയി മാറിയാൽ പിന്നെ സത്യത്തിന്റെ കല എന്നൊന്നുണ്ടോ എന്ന ചോദ്യവും ഈ കാലത്ത് വളരെ പ്രധാനമാണ്. മുഖ്യധാരയുടെ ഭാഗമായികൊണ്ടു തന്നെ, അതിന്റെ പ്രവണതകളെ ചെറുക്കുമ്പോഴല്ലേ യഥാർത്ഥ ജീവിതം കയ്യിലേക്ക് എത്തുന്നത്. കലയെ, അധികാരത്തിനെതിരാക്കി സത്യത്തിന് വേണ്ടിയുള്ള തൂലികയാക്കി മാറ്റണം. സമൂഹം പല രീതീയിൽ അവഗണിക്കുന്ന, എന്നാൽ എല്ലാ അർത്ഥത്തിലും ആവശ്യമുള്ള കാര്യങ്ങൾ ഉണ്ടാവും.അത്തരത്തിലുള്ള കാര്യങ്ങൾ സമൂഹത്തിനു കാണിച്ചു കൊടുക്കുന്നതല്ലേ ഒരു കലാകാരന്റെ അല്ലെങ്കിൽ കലാകാരിയുടെ യഥാർത്ഥ ധർമം.

ഇങ്ങനയൊക്കെ നോക്കുമ്പോൾ, കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം അതി സങ്കീർണമാണ്. മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരുടെ ഭാഗമാവുമ്പോഴും അതിലെ എല്ലാ കാര്യങ്ങളെയും പലപ്പോഴും സ്വാധീനിക്കണമെന്നില്ല. ഇങ്ങനെ തന്നെ നിന്നുകൊണ്ട്,ചില പ്രവര്‍ത്തനങ്ങളോട് ചെറുത്തു നിൽക്കാൻ കഴിയുമ്പോഴാണ് ഒരു കല പൂർണമായ വിജയം കൈവരിക്കുന്നത്.അതുപോലെതന്നെ,ആഗോളവൽക്കരണം കൃഷിയെ മോശമായി ബാധിക്കുമ്പോൾ കലയെ നല്ല രീതിയിൽ സഹായിച്ചു എന്ന് പറയാം. എങ്കിലും വെളിച്ചത്തോടൊപ്പം ഇരുട്ടും കൊണ്ടുവരുന്ന ഈ പ്രവണതകളെ കലാകാരന്മാർ എങ്ങനെ ചെറുത്തു നിലക്കുന്നോ,അവിടെ വിജയം കണ്ടു തുടങ്ങും. കലാ ലോകം പണ്ട്, ഇരുട്ടറയ്ക്കുള്ളിൽ ആയിരുന്നെങ്കില്‍ ഇന്നത് വെളിച്ചത്തിന്റെ, സത്യത്തിന്റെ ലോകത്താണ്. ആഗോളവൽക്കരണവും ഫാസിസവും എല്ലാത്തിനെയും ന്യൂനീകരിക്കുമ്പോൾ, കല എല്ലാത്തിനും സ്വാതന്ത്ര്യം നൽകുന്നു.

ഭരണകൂടങ്ങൾക്ക് കലാകാരന്മാരോടുള്ള സമീപനത്തിൽ മാറ്റം വരാം. അതിനനുസരിച്ച് കലാകാരന്മാർക്കും മാറ്റങ്ങൾ ഇന്നുണ്ടാവുന്നതായി നമ്മൾ കാണുന്നുണ്ട്. ചെറുത്തു നിൽപ്പിന്റെ കലയും അവതരണങ്ങളും ഇന്ന് ധാരാളമായി കണ്ടുവരുന്നുണ്ട്. ഒരു ആര്‍ട്ടിസ്റ്റിന്റെ, രചനയുടെ അടിസ്ഥാനം സംഘര്‍ഷം ആവുമ്പോൾ, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണവും സവിശേഷവുമാണെന്നു നമുക്ക് പറയാം.

കണ്ണുകളിലൂടെ കഥ പറയുന്ന, ഇരുട്ടിലൂടെയും വെളിച്ചത്തിലൂടെയും ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഓരോ ആളുകളും നാളെയുടെ ശബ്ദിക്കുന്ന ചുമരുകളിലെ തേരാളികളാണ്. രാഷ്ട്രീയത്തെ വിശാലമായി മനസ്സിലാക്കണം. ഉറക്കത്തിൽ കാണുന്ന സ്വപ്നത്തിലെ രചനയ്ക്കും രാഷ്ട്രീയമുണ്ട്. നിലനിൽക്കുന്ന അവസ്ഥയെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളൊക്കെ രാഷ്ട്രീയ പ്രവർത്തനങ്ങളാണ്. ഓരോ പ്രശ്നങ്ങളും എങ്ങനെ നോക്കികാണുന്നു, അതിൽ നിന്നും എങ്ങനെ വ്യത്യസ്തമായ രീതിയില്‍ സൃഷ്ടികൾ ഉണ്ടാവുന്നു , ഇതൊക്കെയാണ് കലയും രാഷ്ട്രീയവും പറയുന്നത്. സങ്കൽപ്പങ്ങളെ പ്രാവർത്തികമാക്കാൻ കഴിയുന്ന എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. കലയ്ക്കും എനിക്കും നിങ്ങൾക്കും ഒരു ശബ്ദിക്കുന്ന രാഷ്ട്രീയമുണ്ട്. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് മാറുമ്പോൾ ഉണ്ടാവുന്ന കലയുടെ, ജീവിതത്തിന്റെ ഒരു രാഷ്ട്രീയം.

Tags

Related Articles

Post Your Comments


Back to top button
Close
Close