Latest NewsIndiaNews

ഓൺലൈൻ പന്തയങ്ങൾക്ക് നിയമ നിർമ്മാണം കൊണ്ടുവരും; കായികമന്ത്രാലയം

ഡൽഹി: ഓൺലൈൻ പന്തയങ്ങൾക്ക് നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് കായികമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ആരംഭിച്ചതായി കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. പന്തയമധ്യസ്ഥന്മാരുമായി ഇതുസംബന്ധിച്ച് അനൗദ്യോഗികചർച്ചകൾ നടത്തിവരികയാണെന്നും മന്ത്രാലയവക്താവ് അറിയിച്ചു. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടി വരും കരട് രേഖ പൂർത്തിയാവാൻ.

ബ്രിട്ടനിൽ ചൂതാട്ടം നിയമവിധേയമാണ്. അതിനാൽ അവിടെയുള്ള പ്രതിനിധികളുമായി കൂടിയാലേചിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇപ്പോൾ ബ്രിട്ടനിലുള്ള കായിക സെക്രട്ടറി ഇഞ്ചെട്ടി ശ്രീനിവാസൻ ബ്രിട്ടനുമായി ഒപ്പുവച്ചേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ ഓൺലൈൻ പന്തയത്തിൽ ഒരു നാഴികകല്ലായിരിക്കുമത്. ബ്രിട്ടൻ ഏറ്റവും മികച്ച പന്തയനിയമങ്ങളുള്ള രാജ്യമാണ്. അതുകൊണ്ട് തന്നെ അവ മനസ്സിലാക്കി ഇന്ത്യയിലേക്ക് അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഔദ്യോഗികവൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ അനധികൃത പന്തയ വിപണി 9.6 ലക്ഷം കോടി മൂല്യമുള്ളതാണ്. ഇത് ദോഹ ആസ്ഥാനമായ ഇന്റർനാഷണൽ സെന്റർ ഫോർ സ്‌പോർട് സെക്യൂരിറ്റിയുടെ കണക്ക് പ്രകാരമാണ്. ഇവ പ്രധാനമായും നടക്കുന്നത് പ്രാദേശിക വാതുവെപ്പുകാർ വഴിയോ മുഖ്യധാരയിൽ നിന്ന് അകന്നുനിൽക്കുന്ന വെബ്‌സൈറ്റുകൾ വഴിയോ ആണ്. രാജ്യത്ത് നിയമവിധേയമായ പന്തയം നടക്കുന്നത് കുതിരയോട്ട മത്സരത്തിൽ മാത്രമാണ്.

സ്‌പോർട്‌സ് ഇനങ്ങൾ നേരിടുന്ന ഫണ്ട് ദൗർലഭ്യം ഓൺലൈൻ പന്തയങ്ങൾ നിയമവിധേയമാക്കിയാൽ പരിഹരിക്കാനാവുമെന്നാണ് കായികമന്ത്രാലയത്തിന്റെ പ്രതീക്ഷ. ഈ തുക മന്ത്രാലയം നേതൃത്വം നല്കുന്ന പരിപാടികൾക്കായി ചെലവഴിക്കാനാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button