Latest NewsKeralaNews

നടിയുടെ പീഡന ദൃശ്യം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചു എന്നത് തെറ്റായ പ്രചാരണം : ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമെന്ന് പൊലീസ്

 

കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ സ്വകാര്യ കോളേജില്‍ പ്രദര്‍ശിപ്പിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്ന് പൊലീസ്. ഉപദ്രവിക്കപ്പെട്ട നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് വിഭാഗം വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചെന്നായിരുന്നു വാര്‍ത്ത വ്യാപിച്ചത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തിയത് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്ന നിഗമനത്തെ തുടര്‍ന്നാണു പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങിയത്.

ആരോപണം നേരിട്ട മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ മൊഴികള്‍ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രചാരണം വസ്തുതാപരമല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കേസിലെ പ്രതികള്‍ ഒളിപ്പിച്ച നിര്‍ണായക തൊണ്ടിമുതലുകള്‍ പലതും ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

അറസ്റ്റിലായ പ്രതികളും പൊലീസിനെ വഴിതെറ്റിക്കുന്ന മൊഴികളാണു പറയുന്നത്. ഈ സാഹചര്യത്തിലാണു കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതായുള്ള പ്രചാരണമുണ്ടായത്. കേസില്‍ ലഭ്യമായ ഇത്തരം ദൃശ്യങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചോര്‍ന്നു എന്നാണ് ആരോപണമുണ്ടായത്.

ക്ലാസ്മുറിയില്‍ ദൃശ്യങ്ങള്‍ കാണാനിടയായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തന്നെ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു എന്ന മട്ടിലായിരുന്നു പ്രചാരണം. ഇത്തരത്തിലുള്ള ദൃശ്യങ്ങളൊന്നും കാണിച്ചിട്ടില്ലെന്നു വിദ്യാര്‍ഥികളും ക്ലാസ് നയിച്ച അധ്യാപകനും മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button