KeralaLatest NewsNews

ശ്രീകുമാർ മേനോൻ തന്റെ കുടുംബം തകർത്തതായി ദിലീപ്; ആരോപണങ്ങൾ വേറെയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് ദിലീപ്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിപിന്‍ ലാലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

ചോദ്യം ചെയ്യല്‍ ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തുടരുന്നത്. മാധ്യമങ്ങളെ വെട്ടിച്ച് രാവിലെ 11 മണിക്ക് നാടകീയമായാണ് അപ്പുണ്ണി പൊലീസ് ക്ലബിലെത്തിയത്. അപ്പുണ്ണിയെ നിരവധി തവണ പര്‍സര്‍ സുനി ഫോണില്‍ വിളിച്ചിരുന്നതായി കോള്‍ രേഖകളില്‍ നിന്നും മനസിലായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. മാത്രമല്ല സുനി അപ്പുണ്ണിയെ വിളിച്ചപ്പോഴെല്ലാം ദിലീപിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. കാക്കനാട്ട് ജയിലില്‍ വച്ചും സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചിരുന്നു.

അപ്പുണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ലെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വം പള്‍സര്‍ സുനിയിലേക്ക് എത്തിക്കുന്ന മറുപടികളാണ് ഇയാള്‍ നല്‍കിയതെന്നാണു സൂചന. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ഈ മൊഴി വിശദമായി പരിശോധിച്ചശേഷം പൊരുത്തക്കേടുണ്ടെങ്കില്‍ അപ്പുണ്ണിയെയും കാവ്യാ മാധവനെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് ഇയാള്‍ അറിയപ്പെടുന്നത്.

സുനിയെ അറിയില്ലെന്ന മൊഴിയില്‍ ഉറച്ച് നിൽക്കുകയാണ് ദിലീപും കാവ്യയും. ഈ സാഹചര്യത്തിൽ അപ്പുണ്ണിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. അതിനാല്‍ കൃത്യമായ തെളിവുകളോടെ പ്രത്യേകം ചോദ്യാവലികള്‍ നിരത്തിയാണ് അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നത്. അതിനിടെ ജയിലില്‍ സുനിക്ക് കത്ത് എഴുതാന്‍ സഹായിച്ച വിപിന്‍ ലാലിനെയും പൊലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു.

മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തും സംവിധായകനുമായ ശ്രീകുമാര്‍ മേനോനും ഇതിനിടെ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കാനെത്തി. ദിലീപിന്റെ മൊഴിയില്‍ മുംബൈ കേന്ദ്രീകരിച്ച് തനിക്കെതിരേ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിരുന്നു. ഈ മൊഴിയില്‍ വ്യക്തത തേടാനാണ് മുംബൈ നിവാസിയായ ശ്രീകുമാര്‍ മേനോനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും നിരവധി പേരെ ചോദ്യം ചെയ്യും. അപ്പുണ്ണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇയാളെ പ്രതി ചേര്‍ക്കുകയോ അറസ്റ്റോ ഉണ്ടാകുമെന്നാണ് സൂചന.

നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്താണ് ശ്രീകുമാര്‍ മേനോന്‍. തന്റെ കുടുംബജീവിതം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്നു ദിലീപ് കുറ്റപ്പെടുത്തുകയും ചെയ്തു. വിവാഹമോചനത്തിനു ശേഷം തിരിച്ചെത്തിയ മഞ്ജു ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ എന്ന ചിത്രം സംവിധനം ചെയ്യുന്നത് ശ്രീകുമാറാണ്. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം സിനിമയും ശ്രീകുമാറാണ് ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button