Latest NewsNewsInternational

മെസിയുടെ ചിത്രം:ജനാധിപത്യ പ്രവർത്തകനുനേരെ ചൈനയുടെ ‘സ്റ്റേപ്പിൾ ആക്രമണം’

ഹോങ്കോങ്: ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രം ആവശ്യപ്പെട്ട ജനാധിപത്യ പ്രവർത്തകനുനേരെ ആക്രമണം. ഹോങ്കോങ്ങിലെ ജനാധിപത്യ സംരക്ഷണ പ്രവർത്തകൻ ഹൊവാഡ് ലാമിന്റെ ശരീരത്തിൽ സ്റ്റേപ്പിൾ പിന്നുകൾ അടിച്ചുകയറ്റിയായിരുന്നു ചൈനയുടെ ആക്രമം. ഹൊവാഡ് ലാം വാർത്താസമ്മേളനത്തിൽ‌ ശരീരത്തിലെ സ്റ്റേപ്പിൾ പിന്നുകൾ മാധ്യമപ്രവർത്തകരെ കാണിച്ചു.

ഹൊവാഡ് ലാം മെസിയുടെ ചിത്രം ആവശ്യപ്പെട്ടത് ജയിലിൽ കഴിഞ്ഞിരുന്ന ചൈനീസ് ‘വിമതനും’ നൊബേൽ സമാധാന പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ലിയു സിയാവോബോയ്ക്കു (61) നൽകാനാണ്. ലിയു സിയാവോബോയ്ക്ക് മെസിയോടും അദ്ദേഹത്തിന്റെ ടീമായ ബാർസിലോണയോടും വലിയ ആരാധനയാണ്. ജയിലിലുള്ള സിയാവോബോയ്ക്ക് മെസിയുടെ ചിത്രം കിട്ടിയാൽ വലിയ ആവേശമാകുമെന്ന് അറിഞ്ഞാണ് താരത്തിന്റെ കയ്യൊപ്പിട്ട ചിത്രം ആവശ്യപ്പെട്ട് ജൂലായ് ആദ്യം ഹൊവാഡ് ലാം ബാർസിലോണയ്ക്ക് കത്തയച്ചത്.

എന്നാൽ, കരളിന് അർബുദം ബാധിച്ച് ഷെന്യാങ്ങിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ലിയു സിയാവോബോ ജൂലായ് 13ന് അന്തരിച്ചു. ഇതിനുശേഷമാണു മെസിയുടെ ചിത്രം ഹൊവാഡ് ലാമിനു ലഭിച്ചത്. തുടർന്ന് ലിയു സിയാവോബോയുടെ വിധവ ലിയു സിയയ്ക്കു ഈ ചിത്രം നൽകാൻ ഹൊവാഡ് ലാം തീരുമാനിച്ചു. സിയാവോബോയുടെ മരണശേഷം വീട്ടുതടങ്കലിലാണു ലിയു സിയ.

സംഭവം നടന്നത് ഈയാഴ്ച ആദ്യമാണ്. ലിയു സിയയ്ക്ക് മെസിയുടെ ചിത്രം നൽകരുതെന്നു ചൈനീസ് ഭാഷയിൽ ഒരാൾ ഫോണിൽ വിളിച്ച് ഹൊവാഡ് ലാമിനോട് ആവശ്യപ്പെട്ടു. മോങ്കോക്ക് ജില്ലയിലാണ് താനുള്ളതെന്നു ലാം മറുപടി പറഞ്ഞു. തുടർന്ന് അവിടെയെത്തിയ രണ്ടുപേർ ‘നമുക്ക് ചിലത് സംസാരിക്കാനുണ്ട്’ എന്നുപറഞ്ഞ് ലാമിനെ ബലമായി വാനിലേക്കു കയറ്റുകയായിരുന്നു. മർദ്ദിച്ച് ഫോൺ കൈക്കലാക്കിയശേഷം എന്തോ മണപ്പിച്ചു ബോധം കെടുത്തിയതായും ലാം പറഞ്ഞു.

വസ്ത്രങ്ങളെല്ലാം ഊരിമാറ്റി കെട്ടിയിടപ്പെട്ട നിലയിലായിരുന്നു അദ്ദേഹം ബോധം വന്നപ്പോൾ കണ്ടത്. രണ്ടു പേർ ചോദ്യം ചെയ്യൽ ആരംഭിച്ചു. ലിയുവിനെക്കുറിച്ചായിരുന്നു അവർക്ക് കൂടുതൽ അറിയേണ്ടിയിരുന്നത്. ‘പ്രശ്നങ്ങൾ ഉണ്ടാക്കരുത്’ എന്നും അവർ ആവർത്തിച്ചു. ക്രിസ്ത്യാനിയാണോ എന്നുചോദിച്ചശേഷം ‘കുറച്ച് കുരിശ് കൊടുക്കാം’ എന്നുപറഞ്ഞ് അതിലൊരാൾ തന്റെ തുടകളിൽ സ്റ്റേപ്പിൾ പിന്നുകൾ അടിച്ചുകയറ്റി. വേദനകൊണ്ട പുളഞ്ഞപ്പോൾ വീണ്ടും ബോധംകെടുത്തി. അടുത്തദിവസം രാവിലെ ഉണരുമ്പോൾ ആളില്ലാത്തൊരു ബീച്ചിലായിരുന്നു താനെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button