KeralaLatest NewsNews

നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ നടപടികൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ

പയ്യന്നൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ നടപടികൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ. കേസിലെ നടപടികള്‍ നിഗൂഢമാക്കാന്‍ ശ്രമം നടക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളായി പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ കൂട്ടായ്മയാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നടന്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി തുടര്‍ച്ചയായി റിമാന്‍ഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനമാണെന്ന് അവർ ആരോപിക്കുന്നു.

പ്രതിയെ നേരിട്ടു കോടതിയില്‍ ഹാജരാക്കാതെ പ്രതിബിംബം മാത്രം ഹാജരാക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍ത്തു വരുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തുറന്ന കോടതിയില്‍ മജിസ്ട്രേറ്റിനോടു സ്വതന്ത്രമായി ആശയവിനിമയം നടത്താനും അധികൃതര്‍ക്കെതിരെ പരാതി പറയാനും ബന്ധുക്കളെ കാണാനും അഭിഭാഷകരോടു സംസാരിക്കാനുമുള്ള അവസരമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ തടവുകാര്‍ക്കു നിഷേധിക്കപ്പെടുന്നത്.

ഇടയ്ക്കു വല്ലപ്പോഴും വിചാരണത്തടവുകാര്‍ക്ക് പുറം ലോകം കാണാനുള്ള സാഹചര്യവും ഇല്ലാതാവുന്നു. ഏതാണ്ടു പൂര്‍ണമായും ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ്. അതിനാൽ കസ്റ്റഡിക്കാര്യത്തില്‍ ജുഡീഷ്യറിയുടെ മേല്‍നോട്ടവും മേലധികാരവും പരിമിതപ്പെടുത്തപ്പെടുകയും ചെയ്യുന്നു. വീഡിയോ കോണ്‍ഫറന്‍സില്‍ പറയുന്ന മൊഴികള്‍ സ്വന്തം ഇഷ്ടപ്രകാരമാണോ ആരുടെയെങ്കിലും സമ്മര്‍ദ പ്രകാരമാണോ നല്‍കുന്നതെന്നു പോലും തിരിച്ചറിയാനാവില്ല. ജയില്‍ കെട്ടിടത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുന്‍പിലിരുന്നു മൊഴി നല്‍കുമ്പോള്‍ ഭയം കൂടാതെ പരാതികള്‍ ബോധിപ്പിക്കാന്‍ കഴിയില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ജോര്‍ജ് മനുഷ്യാവകാശ കൂട്ടായ്മ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ.രാജ്മോഹന്‍, പി.ഗിരീഷ്, എം.വി.വിദ്യാധരന്‍, സി.പി.പ്രസൂണ്‍, വി.വി.ഡിജോയ്, പി.യു.മീര, അനീഷ് പ്രഭാകര്‍, എം.അജിത്, കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹര്‍ത്താലുകള്‍, അക്രമരാഷ്ട്രീയം, വധശിക്ഷ തുടങ്ങിയവയ്ക്കെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനയാണു പയ്യന്നൂരിലെ മനുഷ്യാവകാശ കൂട്ടായ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button